നടി പാര്‍വതി ഇപ്പോള്‍ കേരളത്തിലെ ചര്‍ച്ചാവിഷയമാണ്. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് പാര്‍വതി ഉയര്‍ത്തുന്ന ചോദ്യങ്ങളെ അനുകൂലിക്കുന്നവരേക്കാള്‍ കൂടുതല്‍ ഒരുപക്ഷേ എതിര്‍ക്കുന്നവരാകും. എന്നാല്‍ നിലപാടുകളില്‍ വിട്ടുവീഴ്ച്ചയില്ലാതെ പാര്‍വതി മുന്നോട്ടു പോകുന്നു. കസബ വിവാദത്തിന്റെ അലകള്‍ ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും നടി തന്റെ നിലപാടില്‍ ഉറച്ചു നില്ക്കുകയാണ്. അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പാര്‍വതി ആ വിവാദത്തിനുശേഷം നടന്ന കാര്യങ്ങളെക്കുറിച്ച് മനസുതുറക്കുന്നു.
കസബ വിവാദത്തിനുശേഷം അതിഭീകരമായ മെസേജുകളാണ് സോഷ്യല്‍ മീഡിയ വഴി തനിക്ക് ലഭിച്ച് കൊണ്ടിരുന്നത്. ഒരു ഇരുപത് വയസുകാരന്‍ അയച്ച മെസ്സേജ് തന്നെ എങ്ങനെ ബലാത്സംഗം ചെയ്യും എന്ന് വിശദീകരിക്കുന്നതായിരുന്നു. പീഡിപ്പിക്കാന്‍ തയ്യാറെടുക്കുന്നതിന് വേണ്ടി തന്റെ സൈസ് പോലും ചോദിക്കാന്‍ അവന് മടിക്കുകയുണ്ടായില്ല. അവനെപ്പോലെയുള്ള എത്ര യുവാക്കള്‍ നമുക്ക് ചുറ്റുമുണ്ടാകും. ഈ ചെയ്യുന്നത് ശരിയാണെന്ന് കരുതുന്നവര്‍.
കസബയ്‌ക്കെതിരേ നിലപാടെടുത്തതിന് ൂട്ടിയോട് മാപ്പ് പറയാന്‍ പലരും ആവശ്യപ്പെട്ടുവെന്നും പാര്‍വ്വതി പറയുന്നു. മാപ്പ് പറയുന്നതിനെക്കുറിച്ച് തനിക്ക് ചിന്തിക്കാന്‍ പോലും സാധ്യമല്ല. സിനിമ തന്നെ സംബന്ധിച്ച് വളരെ പ്രാധാന്യം ഉള്ളതാണ്. സിനിമയില്‍ നിന്നും താന്‍ ഏറെ ധൈര്യം നേടിയെടുത്തിട്ടുണ്ട്. രാഷ്ട്രീയപരമായും സാമൂഹ്യപരമായും വളരെ സ്വാധീനമുണ്ട് സിനിമയ്ക്ക്. തന്റെ സിനിമ ജനങ്ങളിലേക്ക് എത്തുമ്പോള്‍ അവര്‍ക്ക് ഇഷ്ടപ്പെട്ടാല്‍ പിന്തുണയ്ക്കുന്നു. അക്കാര്യത്തില്‍ തനിക്ക് നന്ദിയുണ്ട്. അതല്ലാതെ താനെന്ന വ്യക്തിയെ ജനങ്ങള്‍ ഇഷ്ടപ്പെടുകയോ മഹത്വവല്‍ക്കരിക്കുകയോ ആഘോഷിക്കുകയോ ചെയ്യേണ്ടതില്ലെന്നും പാര്‍വതി പറയുന്നു.