രാജ്യമെങ്ങും ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും പൂട്ടിക്കൊണ്ടിരിക്കേ സുപ്രീം കോടതി വിധി മറികടക്കാന്‍ വിചിത്രമായൊരു തന്ത്രവുമായി നോര്‍ത്ത് പറവൂരിലെ ഒരു ബിയര്‍ പാര്‍ലര്‍. സംസ്ഥാന-ദേശീയ പാതയില്‍ നിന്നും 500 മീറ്റര്‍ ദൂരപരിധിയില്‍ മദ്യവില്‍പ്പനശാലകള്‍ പാടില്ലെന്നാണ് സുപ്രീം കോടതി വിധി. ബാറിന്റെ മുന്നിലെ പാത അടച്ചശേഷം പിന്നിലൂടെയാണ് ഹെയര്‍പിന്‍ വളവ് മാതൃകയില്‍ സ്ലാബ് മതില്‍കൊണ്ട് വഴിയൊരുക്കിയിരിക്കുന്നത്. ദേശീയപാത 17ല്‍ നിന്നും 150 മീറ്റര്‍ സഞ്ചരിച്ചാല്‍ മാത്രം മതിയായിരുന്നു നേരത്തെ ബാറിലെത്താന്‍. വളഞ്ഞുപുളഞ്ഞ വഴി നിര്‍മ്മിച്ചതോടെ ഇതുവഴി ബാറിലെത്താന്‍ 520 മീറ്ററിലധികം സഞ്ചരിക്കേണ്ടതായി വരും.
സുപ്രീം കോടതി വിധി നടപ്പിലായതിനാല്‍ ഏപ്രില്‍ ഒന്നുമുതല്‍ അടച്ചിട്ടിരിക്കുകയാണ് ഐശ്വര്യ ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍. പാര്‍ലര്‍ വീണ്ടും തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കാനിരിക്കുകയാണ് ഉടമകള്‍. ദേശീയ പാതയില്‍ നിന്നും നടന്നെത്താനുള്ള ദൂരമാണ് ദൂരപരിധിയായി കണക്കാക്കുക എന്നതിനാല്‍ പാര്‍ലറിന് ലൈസന്‍സ് ലഭിക്കുമെന്നാണ് കരുതുന്നത്. നിയമവിരുദ്ധമായി തങ്ങളൊന്നും ചെയ്തിട്ടില്ലെന്ന് ബാര്‍ മാനേജര്‍ പറയുന്നു. ബാറിന് പിന്നിലുള്ള സ്ഥലവും ഉടമയുടേത് തന്നെയായിരുന്നു. അതിനാല്‍ ആ സ്ഥലത്തിലൂടെ ബാറിലേക്ക് മറ്റൊരു വഴി നിര്‍മ്മിക്കുകയാണ് തങ്ങള്‍ ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ അപേക്ഷ ലഭിക്കുന്ന പക്ഷം മറ്റു കാര്യങ്ങള്‍ കൂടി വിലയിരുത്തി ലൈസന്‍സ് നല്‍കുന്നത് പരിഗണിക്കുമെന്നാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ നിലപാട്. അതേസമയം ബിയര്‍ പാര്‍ലറിന്റെ തൊട്ടു കിഴക്കുവശം ഗവ. എല്‍പി സ്കൂളും മുന്‍വശത്ത് ഒരു ക്ഷേത്രവുമുണ്ടെന്നതിനാല് നഗരസഭ യാതൊരു കാരണവശാലും ലൈസന്‍സ് നല്‍കില്ലെന്ന് ചെയര്മാന് രമേഷ് ഡി കുറുപ്പ് പറഞ്ഞു.