അന്പലപ്പുഴ: പറവൂരിൽ വാക്കുതർക്കത്തെ തുടർന്ന് യുവാവിനെ കൊന്നു കുഴിച്ചിട്ട കേസിൽ ഒരാളെ കൂടി പുന്നപ്ര പൊലീസ് അറസ്റ്റു ചെയ്തു. പറവൂർ പനക്കൽ ടോമി സേവ്യർ (26) ആണ് അറസ്റ്റിലായത്. ഇതോടെ കേസിൽ ഏഴു പേർ പിടിയിലായി. ഓഗസ്റ്റ് 19 ന് ഉണ്ടായ സംഭവത്തിൽ ബാറിനു സമീപത്ത് ഉണ്ടായ അടിപിടിയെത്തുടർന്ന് പുന്നപ്ര വടക്ക് പഞ്ചായത്ത് രണ്ടുതൈവീട്ടിൽ മനു(27) എന്ന യുവാവ് കൊല്ലപ്പെടുകയും പ്രതികൾ കടപ്പുറത്തു കൊണ്ടുപോയി മൃതദേഹം കുഴിച്ചു മൂടിയെന്നുമാണ് കേസ്.
ബിയർ കുപ്പിയും കല്ലുംകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം, മൃതദേഹം പറവൂർ ഗലീലിയ കടലിൽ കല്ലുകെട്ടി താഴ്ത്തിയെന്നായിരുന്നു പ്രതികളുടെ ആദ്യ മൊഴി. പ്രതികളിൽ ചിലർ പിന്നീട് മൊഴി മാറ്റി. മൂന്നാം പ്രതി ഓമനക്കുട്ടനെ പിടികൂടിയതോടെ ഇതിൽ കൂടുതൽ പ്രതികൾ ഉള്ളതായി പോലീസിന് സൂചന ലഭിച്ചു.
മൃതദേഹം കുഴിച്ചിടാൻ സഹായിച്ച പുന്നപ്ര പറയക്കാട്ടിൽ കൊച്ചുമോൻ (39), പുന്നപ്ര തെക്കേപാലക്കൽ ജോണ്‍ പോൾ (33) എന്നിവരെക്കൂടി പോലീസ് അറസ്റ്റു ചെയ്തതോടെയാണ് സംഭവത്തിന്റെ ചുരുൾ അഴിഞ്ഞത്. മൃതദേഹം കുഴിച്ചിട്ടതാണെന്ന് കൊച്ചുമോൻ പോലീസിന് മൊഴി നൽകിയതോടെ ഇയാളെയും കൊണ്ട് പോലീസ് പറവൂർ ഗലീലിയ കടപ്പുറത്തെത്തുകയും കുഴിച്ചിട്ട സ്ഥലം കൊച്ചുമോൻ കാണിച്ചു കൊടുക്കുകയുമായിരുന്നു.
ജെസിബി ഉപയോഗിച്ച് അരയാൾ താഴ്ചയിൽ കുഴിച്ചപ്പോളാണ് മൃതദേഹം കണ്ടെത്തിയത്. തൈപ്പറന്പിൽ അപ്പാപ്പൻ പത്രോസ് (28), വടക്കേ തൈയിൽ സനീഷ് (സൈമണ്‍ 29) എന്നിവരാണ് പിടിയിലായ മറ്റു പ്രതികൾ. ആലപ്പുഴ ഡിവൈഎസ്പി പി.വി ബേബിയുടെ നേതൃത്വത്തിൽ ആലപ്പുഴ സിഐ രാജേഷും, പുന്നപ്ര പോലീസുമാണ് കേസ് അന്വേഷിക്കുന്നത്.