പറവൂർ: സഹോദരനെ ചവിട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളായ അച്ഛനും മകനും ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയടയ്ക്കാനും പറവൂർ അഡീഷണൽ ജില്ലാ കോടതി (രണ്ട്) ജഡ്ജി എൻ.വി. രാജു ശിക്ഷ വിധിച്ചു.
പറവൂർ-പെരുന്പടന്ന കൊട്ടക്കണക്കൻപറന്പിൽ രാമചന്ദ്രന്റെ മകൻ മോഹനനെ കുടുംബവീടിന്റെ മുറ്റത്തുവച്ചു മോഹനന്റെ അനുജനും കേസിലെ രണ്ടാം പ്രതിയുമായ രാജാമണി, ഇയാളുടെ മകനും ഒന്നാം പ്രതിയുമായ രാജേഷ്, രാജാമണിയുടെ ഭാര്യ ദേവകി, മകൾ നിത്യ എന്നിവർ ചേർന്നു ചവിട്ടിയും ഇടിച്ചും കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. കുറ്റകൃത്യത്തിൽ നേരിട്ടു പങ്കില്ലെന്നു കണ്ടു മൂന്നും നാലും പ്രതികളെ വെറുതെവിട്ടു.
2010 മാർച്ച് ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. ക്ഷേത്രത്തിൽ എഴുന്നള്ളിപ്പിന് തീവെട്ടി പിടിക്കുന്ന തൊഴിൽസംബന്ധമായ തർക്കത്തെത്തുർന്നുണ്ടായ വിരോധത്തിലായിരുന്നു കൊലപാതകമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. മരിച്ച മോഹനന്റെ ഭാര്യ കോമളത്തിന്റെയും മകൾ അന്പിളിയുടെയും മുന്നിൽവച്ചായിരുന്നു ആക്രമണം. ഈ സമയത്ത് അന്പിളി ഗർഭിണിയുമായിരുന്നു.
രാജേഷും രാജാമണിയും മറ്റു പല ക്രിമിനൽ കേസുകളിലും പ്രതികളാണ്. പറവൂർ സമൂഹം സ്കൂളിലെ മൂത്രപ്പുരയിൽവച്ചു പശുവിനെ കൊന്ന കേസിൽ പ്രതിയാണു രാജേഷ്. രാജാമണിയുടെ അനുജൻ രവീന്ദ്രനെ ആക്രമിച്ച കേസിലും ഇവർ പ്രതികളാണ്. 302-ാം വകുപ്പു പ്രകാരം ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും 323-ാം വകുപ്പനുസരിച്ച് ആറുമാസം തടവും 325 പ്രകാരം അഞ്ച് വർഷം കഠിനതടവും പതിനായിരം രൂപ പിഴയുമാണു ശിക്ഷ. ഒരുമിച്ചനുഭവിച്ചാൽ മതി.