കൊച്ചി/പറവൂർ: മാനസിക വെല്ലുവിളി നേരിടുന്ന മകനോടൊപ്പം താമസിച്ചുവന്നിരുന്ന വീട്ടമ്മയെ വീടിനുള്ളിൽ കഴുത്തിനുവെട്ടേറ്റും തലപൊട്ടി രക്തംവാർന്നും മരിച്ച നിലയിൽ കണ്ടെത്തി. പുത്തൻവേലിക്കര പഞ്ചായത്ത് ഓഫീസിനു എതിർവശം താമസിക്കുന്ന പാലാട്ടി വീട്ടിൽ ഡേവിഡിന്റെ ഭാര്യ മോളി(60)യാണു മരിച്ചത്.
ഇന്നു രാവിലെയാണു മൃതദേഹം കണ്ടെത്തിയത്. ഇരുനില വീടിന്റെ താഴത്തെ നിലയിൽ ബെഡ്റൂമിലാണു മൃതദേഹം കണ്ടെത്തിയതെന്നും വീട്ടമ്മയുടെ കഴുത്തിനു വെട്ടേൽക്കുകയും തലപൊട്ടി രക്തം വാർന്ന നിലയിലും കഴുത്തിൽ തുണി ചുറ്റിയ നിലയിലുമാണെന്നും പുത്തൻവേലിക്കര പോലീസ് വ്യക്തമാക്കി.
ഭർത്താവിന്റെ മരണശേഷം മുപ്പതു വയസോളം പ്രായമുള്ള മാനസിക വെല്ലുവിളി നേരിടുന്ന മകനോടൊപ്പമാണ് ഇവർ താമസിച്ചുവന്നിരുന്നത്. വീടിന് ചുറ്റിലുമായി നിരവധി ഇതരസംസ്ഥാന തൊഴിലാളികൾ വാടകയ്ക്കു താമസിച്ചുവരുന്നുണ്ട്. ഇന്നു വെളുപ്പിന് ഒരു മണിയോടെ വീടിനുള്ളിൽനിന്നും ശബ്ദംകേട്ടതായി നാട്ടുകാർ പറയുന്നുണ്ട്. പുത്തൻവേലിക്കര പോലീസ് സ്ഥലത്തെത്തി വിശദമായ പരിശോധനകൾ നടത്തിവരികയാണ്.
കൂടുതൽ അന്വേഷണങ്ങൾക്കുശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാക്കാൻ സാധിക്കൂവെന്നു പോലീസ് പറഞ്ഞു. അതേസമയം, ഇരുനില വീടിന്റെ മുകൾഭാഗം ഇവർ ആർക്കെങ്കിലും വാടകയ്ക്കു നൽകിയിരുന്നോ എന്നതു സംബന്ധിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. എറണാകുളം റൂറൽ പോലീസ് മേധാവി എ.വി. ജോർജ് അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി.