പരവൂർ: പരവൂർ പോലീസ് സ്റ്റേഷനിൽ സന്ധ്യകഴിഞ്ഞാൽ പരാതി സ്വീകരിക്കുന്നില്ലെന്ന് വ്യാപക ആക്ഷേപം. ജില്ലയിലെ ആദ്യ ജനമൈത്രി പോലീസ് സ്റ്റേഷനിലെ ചില പോലീസുകാരുടെ നിലപാടിൽ ജനപ്രതിനിധികളും പൊതുപ്രവർത്തകരും അതൃപ്തരാണ്.
വൈകുന്നേരം ആറ് കഴിഞ്ഞ് ആരെങ്കിലും പരാതിയുമായി വന്നാൽ അത് സ്വീകരിക്കാൻ ചില പോലീസുകാർ വിസമ്മതിക്കുകയാണ്. ഉദ്യോഗസ്ഥർ സ്ഥലത്തില്ലെന്ന കാരണം പറഞ്ഞ് അടുത്ത ദിവസം രാവിലെ എത്താൻ പറഞ്ഞ് സ്ത്രീകൾ അടക്കമുള്ള പരാതിക്കാരെ മടക്കി അയക്കുകയാണ്. പലപ്പോഴും പരാതിക്ക് രസീതും നൽകാറില്ലെന്ന ആക്ഷേപവും നിലനിൽക്കുന്നു.
സ്റ്റേഷൻ ഹൗസ് ഓഫീസറുടെ ചുമതലയുള്ള സിഐ 20 ദിവസത്തെ ലീവിലാണെന്ന് പോലീസുകാർ തന്നെ പറയുന്നു. പകരം ചുമതലയുള്ള ആരുമില്ലത്രേ. എസ്ഐ പട്രോളിംഗ് ഡ്യൂട്ടിക്ക് പോയി കഴിഞ്ഞാൽ ജിഡി ചാർജുള്ളവർക്ക് പരാതി സ്വീകരിച്ച് രസീത് നൽകാവുന്നതേയുള്ളൂ. എന്നാൽ ജിഡി ചാർജുള്ള ചിലർ പരാതി സ്വീകരിക്കാനോ കേൾക്കാനോ പോലും തയാറാകുന്നില്ല.
മാത്രമല്ല വൈകുന്നേരം ആറു കഴിഞ്ഞാൽ സ്റ്റേഷന്റെ പ്രധാന കവാടത്തിലെ ഗ്രില്ലുകൾ അടച്ചിടുന്നതായും ജനപ്രതിനിധികൾ അടക്കമുള്ളവർ പറയുന്നു. ജില്ലയിലെ മറ്റൊരു പോലീസ് സ്റ്റേഷനിലും ഇത്തരത്തിലൊരു രീതിയില്ല. നേരത്തേ ലോക്കപ്പിൽ നിന്ന് പ്രതികൾ ചാടിപ്പോയ അനുഭവം ഉണ്ടായതുകൊണ്ടാണ് വാതിൽ സന്ധ്യകഴിഞ്ഞാൽ അടച്ചിടുന്നതെന്നാണ് പോലീസ് ഭാഷ്യം.
അടുത്തിടെ നെടുങ്ങോലത്തിന് സമീപം ബൈക്കപടത്തിൽ രണ്ട് യുവാക്കൾ മരിച്ചരുന്നു. ഇതിന്റെ എഫ്ഐആർ റിപ്പോർട്ട് തയാറാക്കിയത് വസ്തുതയ്ക്ക് വിരുദ്ധമായ രീതിയിലാണെന്ന പരാതി മുഖ്യമന്ത്രിയുടെ ഓഫീസിലും ഡിജിപിയുടെ ഓഫീസിലും ലഭിച്ചുകഴിഞ്ഞു. ഇതു സംബന്ധിച്ച് ഇന്റലിജൻസ് വിഭാഗം പ്രാഥമിക അന്വേഷണം നടത്തിയതായും വിവരമുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരേ നടപടിയുണ്ടാകുമെന്നാണ് സൂചനകൾ.