എസ്.ആര്‍.സുധീര്‍കുമാര്‍
പരവൂര്‍: വെടിക്കെട്ട് അപകടത്തെ തുടര്‍ന്നുള്ള സ്‌ഫോടനത്തില്‍ തകര്‍ന്ന പരവൂര്‍ പുറ്റിംഗല്‍ ദേവീക്ഷേത്രത്തിന്റെ അധീനതയിലുള്ള കൊട്ടാരത്തില്‍ അറ്റകുറ്റപ്പണി നടത്തി നവീകരിക്കുന്നതിന് ഹൈക്കോടതിയുടെ അനുമതി ലഭിച്ചു.കഴിഞ്ഞ മാസം 20നാണ് ഹൈക്കോടതി ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പണികള്‍ നടത്തുന്നതിനുള്ള ചുമതല നല്‍കിയിട്ടുള്ളത് ക്ഷേത്രം അഡ്മിനിസ്‌ട്രേറ്ററായി ഹൈക്കോടതി തന്നെ നിയമിച്ച ക്ഷേത്രം തന്ത്രിക്ക് തന്നെയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ കൊട്ടാരത്തിന്റെ നവീകരണം ഘട്ടം ഘട്ടമായി നടത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. നിര്‍മാണ ജോലികള്‍ക്കുള്ള ക്വട്ടേഷനും അഡ്മിനിസ്‌ട്രേറ്റര്‍ ക്ഷണിച്ചുകഴിഞ്ഞു. ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാലുടന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് തീരുമാനം.
വെടിക്കെട്ട് ദുരന്തം അന്വേഷിക്കുന്ന സംഘം തങ്ങളുടെ അറിവോ സമ്മതമോ കൂടാതെ ക്ഷേത്രം വക കെട്ടിടങ്ങളില്‍ ഒരു പണിയും നടത്തരുതെന്ന് നോട്ടീസ് പതിപ്പിച്ചിരുന്നു.ഇതുകാരണം കഴിഞ്ഞ മൂന്നുമാസമായി തകര്‍ന്ന കെട്ടിടങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ക്ഷേത്ര മാനേജിംഗ് കമ്മിറ്റി ഭാരവാഹികളില്‍ ഭൂരിഭാഗവും ഇതിനിടെ അറസ്റ്റിലായി ജില്ലാ ജയിലില്‍ റിമാന്റില്‍ കഴിയുകയുമാണ്.ഇതോടെ ക്ഷേത്രത്തിലെ കാര്യനിര്‍വഹണത്തിന് ആരുമില്ലാതെ അനിശ്ചിതത്വത്തിലാകുകയും ചെയ്തു. ഇപ്പോള്‍ ക്ഷേത്രഭരണ സമിതിയുടെ കാലാവധിയും അവസാനിച്ച് കഴിഞ്ഞു.ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണം ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് പുരോഗമിക്കുന്നത്. ക്രൈംബ്രാംഞ്ച് രണ്ട് ഇടക്കാല റിപ്പോര്‍ട്ടുകള്‍ ഇതിനകം സമര്‍പ്പിച്ചു കഴിഞ്ഞു.
ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് ക്ഷേത്രത്തില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം കോടതി ഏര്‍പ്പെടുത്തിയത്. അതേസമയം വെടിക്കെട്ട് സ്‌ഫോടനത്തില്‍ വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാര തുക നല്‍കുന്നതിനുള്ള പ്രാരംഭ നടപടികള്‍ അധികൃതര്‍ ആരംഭിച്ചുകഴിഞ്ഞു. പൊതുമാരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് വീടുകളുടെ കേടുപാടുകള്‍ പരിശോധിച്ച് തിട്ടപ്പെടുത്തിയത്. 358 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചുവെന്നാണ് പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളത്. പരവൂര്‍ നഗരസഭയിലെ പുറ്റിംഗല്‍, റെയില്‍വേ സ്റ്റേഷന്‍, കുറുമണ്ടല്‍ വാര്‍ഡുകളിലാണ് തകര്‍ന്ന വീടുകളില്‍ ഭൂരിഭാഗവും. 4000 മുതല്‍ 30 ലക്ഷം വരെ രൂപയുടെ നാശനഷ്ടമാണ് വീടുകള്‍ക്ക് കണക്കാക്കിയിട്ടുള്ളത്.ഇതില്‍ 30,000 രൂപ വരെയുള്ളത് നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ വിതരണം ചെയ്യാനാണ് തീരുമാനം. ക്ഷേത്രപരിസരത്തുള്ള നൂറിലധികം കിണറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
ഇവയുടെ അറ്റകുറ്റപ്പണിക്കും അധികൃതര്‍ ധനസഹായം നല്‍കും. അപകടത്തിന്റെ വേളയില്‍ ക്ഷേത്രപരിസരത്ത് ഉണ്ടായിരുന്ന നിരവധി കച്ചവട സ്ഥാപനങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. വീടുകള്‍ക്കുള്ള നഷ്ടപരിഹാര തുക നല്‍കിയതിന് ശേഷം കച്ചവടസ്ഥാപനങ്ങള്‍ക്കും ഇത് നല്‍കും.ധനസഹായം ബന്ധപ്പെട്ടവരുടെ ബാക്ക് അക്കൗണ്ട് വഴിയായിരിക്കും നല്‍കുക. ഇതിന് പരവൂരിലെ വില്ലേജ് അധികൃതരെ ചുമതലപ്പെടുത്തിക്കഴിഞ്ഞു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എല്ലാ വീടുകളും സന്ദര്‍ശിച്ച് ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ട് നമ്പര്‍ അടക്കമുള്ള വിവരശേഖരണം അടിയന്തിരമായി നടത്തും. ഇതിനായി പരവൂരിലെ വില്ലേജ് ഓഫീസുകളില്‍ കൂടുതല്‍ പേര്‍ക്ക് ചുമതലയും നല്‍കും.