പരവൂർ: കൊല്ലം കഴിഞ്ഞാൽ യാത്രക്കാരുടെ എണ്ണത്തിലും കളക്ഷന്റെ കാര്യത്തിലും ജില്ലയിൽ മുന്നിൽ നിൽക്കുന്ന പരവൂർ റെയിൽവേ സ്റ്റേഷനെ അധികൃതർ നിരന്തരം അവഗണിക്കുന്നു. പരിമതികളാൽ വീർപ്പുമുട്ടുകയാണ് ഇന്ന് ഈ സ്റ്റേഷൻ.മിക്ക കേന്ദ്ര ബജറ്റുകളിലും സ്റ്റേഷനെ ആദർശ് സ്റ്റേഷനായും മാതൃകാ സ്റ്റേഷനായും പ്രഖ്യാപിച്ചെങ്കിലും അതിന് അനുസരിച്ചുള്ള ഒരു വികസന പ്രവർത്തനവും കഴിഞ്ഞ കുറെ വർഷങ്ങളായി നടന്നിട്ടില്ല.
സ്റ്റേഷനിലെ ബുക്കിംഗ് കൗണ്ടറിന്റെ കാരമാണ് ഏറെ പരിതാപകരം. യാത്രാടിക്കറ്റിനും സീസൺ ടിക്കറ്റിനും റിസർവേഷനുമൊക്കെയായി ആരെ ഒരു കൗണ്ടറേയുള്ള. നേരത്തേ രണ്ട് കൗണ്ടർ പ്രവർത്തിച്ചിരുന്നതാണ്.കൗണ്ടറിന്റെ എണ്ണം പരിമിതപ്പെടുത്തിയത് കാരണം പലപ്പോഴും രാവിലെയും വൈകുന്നേരവും തിരക്കേറിയ സമയങ്ങളിൽ യാത്രക്കാരുടെ നീണ്ടനിര കാണാം. ട്രെയിൻ പ്ലാറ്റ്ഫോമിൽ എത്തിയാലും എല്ലാ യാത്രക്കാർക്കും ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയുണ്ട്.
ഇത് പലപ്പോഴും യാത്രക്കാരും റെയിൽവേ ജീവനക്കാരും തമ്മിലുള്ള വാക്കേറ്റത്തിന് വരെ കാരണമാകുന്നു. തത്ക്കാൽ ടിക്കറ്റ് എടുക്കാൻ എത്തുന്നവരുടെ തിരക്കും ജീവനക്കാരെ പ്രതികൂലമായി ബാധിക്കുന്നു. ഇപ്പോൾ പുലർച്ചെ മുതൽ ടോക്കൺ നൽകിയാണ് തത്ക്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ എത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കുന്നത്.റിസർവേഷൻ ടിക്കറ്റുകൾക്കായി രണ്ടാമത്തെ കൗണ്ടർ പ്രവർത്തിപ്പിച്ചാൽ പ്രശ്നത്തിന് പരിഹാരം ആകും.
എന്നാൽ കൗണ്ടറുണ്ടായിട്ടും ജീവനക്കാരെ നിയമിക്കാതെ റെയിൽവേ അധികൃതർ ഇവിടെ യാത്രക്കാരുടെ ക്ഷമ പരിശോധിക്കുകയാണ്.നേരത്തേ ടിക്കറ്റ് കൗണ്ടറിന് സമീപം ട്രെയിനുകളുടെ സമയവിവരം അറിയാൻ ഇലക്ട്രോണിക് ഡിസ്പ്ലേ ബോർഡ് ഉണ്ടായിരുന്നു. ഇപ്പോൾ അതെടുത്ത് മാറ്റി. പ്ലാറ്റ്ഫോമിൽ ട്രെയിനുകളുടെ സ്ഥിതി അറിയുന്നതിന് യാത്രക്കാർക്ക് ഉപയോഗിക്കാവുന്ന കന്പ്യൂട്ടർ സംവിധാനവും ഉണ്ടായിരുന്നു. അതും ഇപ്പോൾ ഇല്ല.
നേരത്തേയുണ്ടായിരുന്ന രണ്ടാം ക്ലാസ് യാത്രക്കാരുടെ വിശ്രമസ്ഥലവും ഉയർന്ന ക്ലാസ് യാത്രക്കാരുടെ വിശ്രമ സ്ഥലവും ഇപ്പോൾ ജീവനക്കാരുടെ വിശ്രമമുറിയായി മാറി. സ്ത്രീകളുടെ വിശ്രമ മുറി പലപ്പോഴും അടഞ്ഞുകിടക്കുകയാണ്. സ്റ്റേഷൻ മാസ്റ്ററെ സമീപിച്ചാൽ ആവശ്യക്കാർക്ക് ഇതിന്റെ താക്കോൽ ലഭിക്കും.കഴിഞ്ഞ കുറെ നാളുകളായി ഇവിടെ ലഘുഭക്ഷണശാല പ്രവർത്തിക്കുന്നുണ്ട്. ഇതാണ് സമീപകാലത്തുണ്ടായ ഏറ്റവും വലിയ വികസന പ്രവർത്തനം. വാട്ടർ കൂളർ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇത് ഉപയോഗിക്കാൻ ഭൂരിഭാഗം യാത്രക്കാരും മടിക്കുന്നു.
തണുത്ത വെള്ളത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ സ്റ്റേഷൻ പരിസരത്ത് അലഞ്ഞുതിരിഞ്ഞ് നടക്കുന്ന നായ്ക്കളാണ്. നായ്ക്കൾക്ക് എളുപ്പത്തിൽ വെള്ളം കുടിക്കാവുന്ന രീതിയിലാണ് കൂളറിന്റെ ടാപ്പ് സ്ഥാപിച്ചിരിക്കുന്നത്. ഇത് മാറ്റി സ്ഥാപിക്കണമെന്ന യാത്രക്കാരുടെ എളിയ ആവശ്യം പോലും പരിഹരിക്കാൻ അധികൃതർ തയാറായിട്ടില്ല.
സ്റ്റേഷൻ പരിസരം പൂർണമായും കാടുപിടിച്ച് കിടക്കുകയാണ്.
ഇവിടെ മദ്യപ ശല്യവും സാമൂഹിക വിരുദ്ധ ശല്യവും അതിരൂക്ഷമാണ്. എന്തെങ്കിലും സംഭവങ്ങൾ ഉണ്ടാകുന്പോൾ മാത്രം ആർപിഎഫും റെയിൽവേ പോലീസും ജാഗ്രത പുലർത്തും. പിന്നെ കാര്യങ്ങൾ പഴയ പടിയാകും. റെയിൽവേ പോലീസിന്റെ ഔട്ട്പോസ്റ്റ് സ്റ്റേഷനിൽ സ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
ഒന്നാം നന്പർ പ്ലാറ്റ്ഫോമിലെ പേ ആന്റ് യൂസ് ലാട്രിൻ വർഷങ്ങളായി അടഞ്ഞുകിടക്കുന്നു. ഇത് കരാറെടുക്കാൻ ആരുമില്ലാത്തതാണ് കാരണമായി പറയുന്നു. ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളിൽ പൂർണമായും മേൽക്കൂരയുമില്ല. മഴ ആയാൽ ഒന്നാം നന്പർ പ്ലാറ്റ്ഫോമിൽ ഭൂരിഭാഗം സ്ഥലത്തും വെള്ളക്കെട്ടാണ്. പലർക്കും ഇതിൽ വീണ് പരിക്കും സംഭവിക്കുന്നു.
എക്സ്പ്രസ് ട്രെയിനുകൾ ഭൂരിഭാഗവും നിർത്തുന്നത് രണ്ടാം നന്പർ പ്ലാറ്റ്ഫോമിലാണ്. മഴയത്ത് ഇവിടെയും യാത്രക്കാർ ഇതേ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. പ്ലാറ്റ്ഫോമിലെ ലൈറ്റുകൾ എല്ലാം കത്തിയില്ലെങ്കിൽ രാത്രി സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് വിവരണാതീതമാണ്.
പല ദീർഘദൂര ട്രെയിനുകൾക്കും പരവൂരിൽ ഇപ്പോഴും സ്റ്റോപ്പില്ല. തിരുവനന്തപുരം-ചെന്നൈ മെയിലിന് നേരത്തേ ഇവിടെയുണ്ടായിരുന്ന സ്റ്റോപ്പ് ഇപ്പോഴില്ല. അമൃത, ശബരി, നേത്രാവതി എക്സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല. പുനലൂർ-കന്യാകുമാരി പാസഞ്ചർ ട്രെയിനിനും ഇപ്പോൾ സ്റ്റോപ്പ് ഇല്ലാത്ത അവസ്ഥയുണ്ട്.
സ്റ്റേഷനിലെ വാഹന പാർക്കിംഗ് പരിമിതിയാൽ വീർപ്പുമുട്ടുകയാണ്. പാർക്കിംഗ് ഫീസ് ഈടാക്കുന്നതിന് കുടുംബശ്രീയെയണ് ഏർപ്പെടുത്തിയിരിക്കുന്നത്. വാഹനങ്ങളുടെ ബാഹുല്യം വലിയ പ്രശ്നമായി മാറുകയാണ്. കാട് പിടിച്ച് കിടക്കുന്ന പ്രദേശം വെട്ടിത്തെളിച്ച് അവിടെക്കൂടി വാഹന പാർക്കിംഗിന് സൗകര്യമൊരുക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.