പറവൂർ: ദേശീയ പാതയ്ക്കായി ഏറ്റെടുത്ത 30 മീറ്റർ 45 മീറ്ററായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി സ്ഥലമേറ്റെടുത്ത് കല്ലിടുന്ന നടപടികൾ പുരോഗമിക്കുന്നു. എന്നാൽ അളവ് തുടങ്ങിയപ്പോൾ നൽകിയ ഉറപ്പുപോലെ ഈ മാസം 31-നകം അളവ് പൂർത്തികരിക്കാൻ ഇപ്പോഴത്തെ സ്ഥിതിയിൽ കഴിയില്ലെന്നാണ് കരുതുന്നത്.
ബംഗളൂരു ആസ്ഥാനമായ ഫീഡ്ബാക്ക് ഇൻഫ്ര എന്ന കമ്പനിയാണ് ദേശിയ പാത മൂത്തകുന്നം മുതൽ ഇടപ്പിള്ളി വരെയുള്ള 24 കിലോമീറ്റർ നീളം അലൈൻമെന്റും സ്കെച്ചും തയാറാക്കിയത്. ഇവരുടെ സാന്നിധ്യത്തിൽ തന്നെയാണ് കല്ലിടൽ നടക്കുന്നത്.
ഓഗസ്റ്റ് 31-നകം കല്ലിടൽ നടപടി പൂർത്തികരിക്കാമെന്നാണ് ഫിഡ് ബാക്ക് ഇൻഫ്ര ഉറപ്പ് നൽകിയിരുന്നതെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ അത് സാധ്യമാകുമെന്ന് ബന്ധപ്പെട്ടവർ തന്നെ കരുതുന്നില്ല. ഏറ്റെടുത്ത 30 മീറ്ററിൽ ചെറുവൃക്ഷങ്ങൾ വളർന്ന് കാടായിരിക്കുകയാണ്.
ഇതു മുറിച്ചുനീക്കി സൗകര്യമെരുക്കിയാണ് ആളവും കല്ലിടലും മുന്നേറുന്നതെന്നതാണ് ഇതിനു കാരണം. കല്ലിടൽ സമയബന്ധിതമായി നടന്നില്ലെങ്കിൽ ദേശീയ പാതയ്ക്കായ നാല് പതിറ്റാണ്ടുകാലത്തെ കാത്തിരിപ്പ് ഇനിയും അനിശ്ചിതമായി തുടരും.
സ്ഥലമെടുപ്പ് സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ കെ.ടി.സന്ധ്യാ ദേവിയുടെ നേതൃത്വത്തിലാണ് അളവ് നടപടികൾ മുന്നോട്ട് പോകുന്നത്. ആദ്യ ദിവസം രണ്ടു പേരുടെ എതിർപ്പുണ്ടായെങ്കിലും പിന്നിട് യാതൊരു തടസവുമില്ലാതെയാണ് കാര്യങ്ങൾ നീങ്ങുന്നത്.
ഇത്ര നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇനിയെങ്കിലും ദേശീയ പാത പ്രാവർത്തികമായാൽ മതിയെന്ന ചിന്താഗതിയിലാണ് ഭൂരിപക്ഷം വരുന്ന സ്ഥല ഉടമകളും, പ്രദേശവാസികളും. എതിർപ്പുകൾ ഇല്ലെങ്കിലും കനത്ത പോലീസ് സംരക്ഷണയിലാണ് അളവ് നടന്നത്.