സ്വന്തം ലേഖകൻ
പരവൂർ: കേരളപ്പിറവിയുടെ വാർഷിക ദിനത്തിൽ പരവൂർ സംഗീതസഭയ്ക്ക് ഒന്നാം പിറന്നാൾ. സംഗീതത്തിന്റെയും കവിതയുടെയും ചരിത്രമുറങ്ങുന്ന പരവൂരിന്റെ തിരുമുറ്റത്ത് സംഗീതസഭ പിറവിയെടുത്തത് കഴിഞ്ഞ നവംബർ ഒന്നിനായിരുന്നു.സംഗീത പ്രേമികളും ആസ്വാദകരുമായ ഒരുസംഘം ആൾക്കാരുടെ ആശയ സാക്ഷാത്ക്കാരമായിരുന്നു സംഗീതസഭ.
പരവൂരിന്റെ മാത്രമല്ല മലയാളികളുടെ ആകമാനം അഭിമാനമായ സംഗീത സംവിധായകൻ അന്തരിച്ച ജി.ദേവരാജൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ ക്വയർ ഗാനങ്ങളുടെ അവതരണത്തോടെയാണ് സഭയുടെ സംഗീതയാത്രയ്ക്ക് സമാരംഭമായത്.
ദേവരാജൻ മാസ്റ്റർ അന്ത്യവിശ്രമം കൊള്ളുന്ന പരവൂർ മുനിസിപ്പൽ പാർക്കിലായിരുന്നു പരിപാടികളുടെ തുടക്കം. പ്രതിമാസ ഗാനസന്ധ്യയിലൂടെ സംഗീതസഭ പിച്ചവച്ചു തുടങ്ങി.
പാടാൻ ആഗ്രഹിക്കുന്നവർക്കെല്ലാം ഗാനാലാപനത്തിന് അവസരം നൽകുന്നതാണ് സംഗീതസഭയുടെ പ്രവർത്തന രീതി.
കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ പാടാൻ വേദിയൊരുക്കിയപ്പോൾ പലപ്പോഴും ഗാനസന്ധ്യകൾ തലമുറകളുടെ സംഗമവേദിയുമായി മാറി.
ഒരു വർഷത്തിനിടയിൽ പ്രമുഖരായ സംഗീത സംവിധായകരുടെയും ഗാനരചയിതാക്കളുടെയും തെരഞ്ഞടുത്ത ഗാനങ്ങൾ ആസ്വാദക സമക്ഷം ആലപിച്ചു. എല്ലാമാസവും രണ്ടാമത്തെ ഞായറാഴ്ചയിലാണ് സംഗീതസഭയുടെ ഗാനസന്ധ്യകൾ അരങ്ങേറുന്നത്.
ഓരോ ഗാനസന്ധ്യയിലും ഒരു പുതിയ ഗായകനോ ഗായികയോ പാട്ടുപാടാൻ ഉണ്ടാകുമെന്ന പ്രത്യേകതയുമുണ്ട്. ദീർഘനാളത്തെ പരിശീലനത്തിനും ഗൃഹപാഠത്തിനും ശേഷമാണ് ഗായകർ വേദിയിലെത്തുക. അതുകൊണ്ടുതന്നെ ഓരോ ഗാനസന്ധ്യയും ഒന്നിനൊന്ന് മികച്ചതായി വരികയാണ്. അതിനനുസരിച്ച് ആസ്വാദകരുടെ എണ്ണത്തിലും വർധനയുണ്ട്.
നവരാത്രി ആഘോഷങ്ങളുടെ സമാപനം കുറിച്ച് പരവൂർ പുറ്റിംഗൽ ക്ഷേത്രാങ്കണത്തിൽ സംഗിതസഭയിലെ നൂറിൽപ്പരം അംഗങ്ങൾ ചേർന്ന് അവതരിപ്പിച്ച മെഗാ തിരുവാതിരയും പരവൂരിന് നവ്യാനുഭവമായിരുന്നു.പ്രളയം നമ്മുടെ സംസ്ഥാനത്തെ ഗ്രസിച്ചപ്പോൾ ദുരിതബാധിതർക്ക് ആശ്വാസത്തിന്റെ കൈത്താങ്ങുമായി സംഗീതസഭയും നാടിനൊപ്പം നിന്നു.
സാധനസാമഗ്രികൾ ശേഖരിച്ച് പ്രളയമേഖലയിൽ എത്തിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയിലേയ്ക്കും സംഭാവന നൽകി.സംഗീതസഭയുടെ വാർഷികാഘോഷ പരിപാടികൾ ഒന്നിന് വൈകുന്നേരം 4.30ന് പരവൂർ എസ്എൻവി ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. സാംസ്കാരിക സമ്മേളനത്തിൽ നഗരസഭാ ചെയർമാൻ കെ.പി.കുറുപ്പ്, മുൻ മന്ത്രി സി.വി.പദ്മരാജൻ, കഥാകൃത്ത് കാഞ്ഞാവെളി വിജയകുമാർ എന്നിവർ സംബന്ധിക്കും.
തുടർന്ന് നൃത്തം, സംഗീതം, നാടകം, കഥാപ്രസംഗം, ദൃശ്യാവിഷ്കാരം, വയലിൻ ഫ്യൂഷൻ തുടങ്ങിയ പരിപാടികൾ അരങ്ങേറും. ആഘോഷ പരിപാടികൾക്കും രുചിയും സ്വാദും നൽകാൻ നാടൻ ഭക്ഷണ മത്സരവും ഉണ്ടാകുമെന്ന് സംഗീതസഭയുടെ അണിയറ പ്രവർത്തകർ പറഞ്ഞു.