എസ്.ആർ.സുധീർകുമാർ
കൊല്ലം: പരവൂർ പുറ്റിംഗൽ ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തോടനുബന്ധിച്ച് നടന്ന വെടിക്കെട്ടിനിടെ കന്പപ്പുരയ്ക്ക് തീപിടിച്ച് 110 പേർ മരിച്ച ദുരന്തം നടന്നിട്ട് ഇന്ന് രണ്ടുവർഷം പൂർത്തിയാകുന്നു.ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ക്ഷേത്രം ഭരണസമിതിയുടെ നേതൃത്വത്തിൽ ക്ഷേത്രത്തിന് മുൻവശം ഇന്ന് വൈകുന്നേരം ദീപം തെളിക്കും. ദുരന്തവാർഷികാചരണവുമായി ബന്ധപ്പെട്ട് മറ്റ് പരിപാടികളൊന്നും ഇല്ല.വെടിക്കെട്ട് ദുരന്തം അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തിന് വർഷം രണ്ടായിട്ടും ഇതുവരെയും കുറ്റപത്രം സമർപ്പിക്കാനായിട്ടില്ല. അന്വേഷണം പൂർത്തിയായെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറയുന്നുണ്ടെങ്കിലും കുറ്റപത്രം സമർപ്പിക്കുന്ന കാര്യത്തിൽ ഉന്നത ഉദ്യോഗസ്ഥരിൽ ഇപ്പോഴും ആശയക്കുഴപ്പം ഉണ്ടെന്നാണ് സൂചന.
ദുരന്തം അന്വേഷിക്കാൻ സംസ്ഥാന സർക്കാർ ജസ്റ്റിസ് പി.എസ്.ഗോപിനാഥനെ കമ്മീഷനായി നിയമിച്ചിരുന്നു. പിന്നീട് ടേംസ് ഒഫ് റഫറൻസും നൽകി. കമ്മീഷന്റെ ആസ്ഥാനം എറണാകുളത്താണ്.കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസിലും പരവൂർ മുനിസിപ്പൽ ഓഫീസിലും കമ്മീഷൻ വിശദമമായ സിറ്റിംഗ് രണ്ടുതവണ നടത്തുകയുണ്ടായി. പിന്നീട് കമ്മീഷന്റെ കാലാവധിയും സർക്കാർ നീട്ടിക്കൊടുക്കുകയുണ്ടായി. നിശ്ചിത സമയത്തിനുള്ളിൽ റിപ്പോർട്ട് കൈമാറാനാണ് സാധ്യത.കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചിരിക്കുന്നത് പാരിപ്പള്ളി രവീന്ദ്രനെയാണ്.
ഈ കേസിന്റെ വിചാരണയ്ക്ക് പ്രത്യേക കോടതി വേണമെന്ന് സ്പെഷൽ പ്രോസിക്യൂട്ടർ അടക്കമുള്ളവർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.സർക്കാർ ഇത് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വിട്ടു. പ്രത്യേക കോടതി എന്ന ആവശ്യം ഹൈക്കോടതി തത്വത്തിൽ അംഗീകരിച്ചു എന്നാണ് ഒടുവിൽ കിട്ടുന്ന സൂചനകൾ. കോടതി പരവൂരിൽ വേണമെന്നും കൊല്ലത്ത് വേണമെന്നുമുള്ള ആവശ്യങ്ങളും ശക്തമാണ്.
ദുരന്തവുമായി ബന്ധപ്പെട്ട് സ്മാരകം നിർമിക്കണം എന്ന ആവശ്യം കഴിഞ്ഞവർഷം തന്നെ വിവിധ സംഘടനകളുടെ ഭാഗത്ത് നിന്ന് ഉയർന്നിരുന്നു. ഇത്തവണത്തെ പരവൂർ നഗരസഭയുടെ ബജറ്റിൽ സ്മാരകം നിർമിക്കുന്നതിനുള്ള നിർദേശമുണ്ട്. ഉചിതമായ സ്ഥലത്ത് നഗരസഭതന്നെ സ്മാരകം നിർമിക്കാനാണ് ആലോചിക്കുന്നത്.
സ്ഫോടനത്തിന് പിന്നിൽ അട്ടിമറി സാധ്യതയുണ്ടോയെന്ന് ദേവസ്വം ഭരണസമിതിയും നാട്ടുകാരും തുടക്കത്തിൽ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ ഒരു അന്വേഷണത്തിനുപോലും തയാറായിട്ടില്ല. അട്ടിമറി നടന്നു എന്ന ഉറച്ച വിശ്വാസത്തിലാണ് ഇപ്പോഴും നാട്ടുകാർ.
സ്ഫോടനം നടന്ന ദിവസം ക്ഷേത്രപരിസരത്ത് സായുധ സംഘത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചിരുന്നു. ഈ സംഘമാണ് ക്ഷേത്ര കമ്മിറ്റി ഓഫീസ് കെട്ടിടത്തിൽ ആക്രമണം നടത്തിയത്. സംഘത്തെ കുറിച്ച് ക്ഷേത്ര ഭരണസമിതി വ്യക്തമായ സൂചനകൾ ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും കാര്യമായ നടപടികൾ ഉണ്ടായിട്ടില്ല.
പ്രതികളിൽ ചിലരെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയെങ്കിലും അവസാന നിമിഷം അവർ അതിൽ നിന്ന് പിന്മാറി.ദുരന്തം നടന്ന് മാസങ്ങൾക്ക് ശേഷം ക്ഷേത്രത്തിന്റെ മൂലസ്ഥാനത്തിന്റെ ചുറ്റുമതിലുകളും തകർക്കപ്പെട്ടു.
സ്ഥലത്ത് പോലീസ് കാവൽ നിലനിൽക്കെയാണ് മതിലുകൾ തകർത്തത്. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ പിടികൂടാനും പോലീസിന് കഴിഞ്ഞിട്ടില്ല.വെടിക്കെട്ട് ദുരന്തം അന്വേഷിക്കാൻ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ എ.കെ.യാദവ് കമ്മീഷൻ അവരുടെ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ടും സമർപ്പിച്ചിട്ടും തുടർനടപടികൾ ഒന്നും ഉണ്ടായിട്ടില്ല. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായാണ് കേന്ദ്രം നിയോഗിച്ച കമ്മീഷന്റെ വിലയിരുത്തൽ.
വെടിക്കെട്ടും തുടർന്ന് ദുരന്തവും ഉണ്ടായ കാര്യത്തിൽ പോലീസ്-റവന്യൂ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും കണ്ടെത്തിയിട്ടുണ്ട്. ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഇരുവിഭാഗത്തിലെയും ഉദ്യോഗസ്ഥർ വേണ്ട സമയത്ത് സ്ഥലത്ത് ഇല്ലായിരുന്നുവെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
ഇവരെ പ്രതിചേർക്കേണ്ടതില്ലാ എന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുള്ള നിയമോപദേശം. കുറ്റപത്ര സമർപ്പണ വേളയിൽ ഇവർക്കെതിരേ കർശനമായ വകുപ്പുതല അച്ചടക്ക നടപടിക്ക് ശിപാർശ ചെയ്യാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം. ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ ഫോൺവിളികളുടെ വിശദാംശങ്ങളും മൊബൈൽ ടവർ സംബന്ധിച്ച രേഖകളും ക്രൈംബ്രാഞ്ച് നേരത്തേതന്നെ പൂർണമായും ശേഖരിച്ചിട്ടുണ്ട്.
ദുരന്തം നടന്ന് രണ്ടുവർഷം പിന്നിടുന്പോഴും ക്ഷേത്രപരിസരത്ത് കാര്യമായ മാറ്റങ്ങൾ നടന്നിട്ടില്ല. ക്ഷേത്രം വക കൊട്ടാരം അറ്റകുറ്റപ്പണികൾ നടത്തി നവീകരിച്ചു. സ്ഫോടനത്തിൽ തകർന്ന കന്പപ്പുര പുനർനിർമിച്ചിട്ടില്ല. ഇപ്പോൾ ഇവിടെ പോലീസ് സാന്നിധ്യവുമില്ല.അടുത്തിടെ ക്ഷേത്രപരിസരത്ത് നിർമാണം നടന്നുവന്ന ഓഡിറ്റോറിയത്തിന്റെ മേൽക്കൂര തകർന്നുവീണ് 12 തൊഴിലാളികൾക്ക് പരിക്കേറ്റിരുന്നു.
ഈ സാഹചര്യത്തിൽ കാര്യമായ സ്റ്റേജ് പരിപാടികളെല്ലാം ഒഴിവാക്കിയാണ് ഇത്തവണ മീനഭരണി ഉത്സവം നടന്നത്.സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ് ജീവശ്ചവമായി കഴിയുന്ന നിരവധി പേരുണ്ട്. ഇവരുടെ ചികിത്സാ ചെലവുകൾ ആദ്യം സർക്കാരാണ് വഹിച്ചിരുന്നത്. ഇപ്പോൾ എല്ലാവരും സ്വന്തമായി പണം കണ്ടെത്തിയാണ് ചികിത്സ നടത്തുന്നത്. പരിക്കേറ്റവരിൽ നല്ലൊരു പങ്കും നിർധനരുമാണ്.ദുരന്തം നൽകിയ ആഘാതത്തിൽ മാനസിക നില തകരാറിലായവരുടെയും കാര്യം ഏറെ കഷ്ടമാണ്.
പലരും ഇപ്പോഴും കൗൺസിലിംഗിന് വിധേയമായി കൊണ്ടിരിക്കയാണ്. ഇക്കൂട്ടത്തിൽ കൗമാരക്കാരും ഉൾപ്പെടും.എന്നും വെടിയൊച്ചയോടെയാണ് ക്ഷേത്രകവാടം തുറന്നിരുന്നത്. ആചാരമായ പ്രസ്തുത ചടങ്ങും സ്ഫോടനത്തോടെ നിലച്ചു. എന്നാൽ പ്രദേശവാസികളുടെയും നാട്ടുകാരുടെയും മനസിൽ നിന്ന് നടുക്കം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. അത് പൂർണമായും മറവിയിൽ അലിയാൻ അനേകം വർഷങ്ങൾ തന്നെ വേണ്ടിവരും.