പരവൂര്‍: പരവൂര്‍ നിവാസികളുടെ യാത്രാദുരിതത്തിന് വര്‍ഷങ്ങളായിട്ടും പരിഹാരമാകുന്നില്ല. ഇരുട്ടുവീണു കഴിഞ്ഞാല്‍ ആവശ്യത്തിന് ട്രെയിനോ ബസോ ഇല്ലാത്തതാണ് പരവൂര്‍ നിവാസികളുടെ യാത്രാദുരിതത്തിന് കാരണം.
വൈകുന്നേരം കൊല്ലത്ത് നിന്നുള്ള മധുരപാസഞ്ചര് കഴിഞ്ഞാല്‍ പിന്നെ നാലുമണിക്കൂര്‍ കഴിഞ്ഞുള്ള വേണാട് എക്സ്പ്രസ് മാത്രമാണ് ഏകആശ്രയം. ആവശ്യത്തിന് ബസ് സര്‍വീസുകളില്ലാത്തത് സ്ത്രീകളുള്‍പ്പെടെയുള്ളവരെ ബുദ്ധിമുട്ടിലാക്കുന്നു.
വിദ്യാര്‍ഥികളും കൊല്ലം നഗരത്തില്‍ ജോലിക്ക് പോകുന്നവരും പാരിപ്പള്ളി മെഡിക്കല്‍കോളേജിലേക്ക് പോകുന്ന രോഗികളുമാണ് അധികവും കഷ്ടപ്പെടുന്നത്. സമയത്തിന് ജോലിയില്‍ പ്രവേശിക്കാനോ രാത്രി വൈകും മുമ്പേ വീട്ടിലെത്താനോ ഇവര്‍ക്ക് കഴിയാറില്ല.
ഒരു കെഎസ്ആര്‍ടിസി സബ് ഡിപ്പോയോ ഒരു ബസ് ഓപ്പറേറ്റിംഗ് സ്റ്റേഷനോ പരവൂരിലില്ല. രാത്രിയായാല്‍ പൂതക്കുളം, ഊന്നിന്മൂട്, പാരിപ്പള്ളി, കലയ്ക്കോട്, നെല്ലേറ്റില്‍, കാപ്പില്‍, ഇടവ, ചാത്തന്നൂര്‍ എന്നിവിടങ്ങളിലേക്ക് ബസില്ല. രാത്രി 9ന് ശേഷം ഇവിടങ്ങളിലേക്ക് ഒന്നോ രണ്ടോ കെഎസ്ആര്‍ടിസി സര്‍ക്കുലര്‍ സര്‍വീസുകള്‍ കൂടി ആരംഭിച്ചാല്‍ രാത്രിയിലെ യാത്രാദുരിതം പരിഹരിക്കാനാകും.
ഈ റൂട്ടില്‍ ചെയിന്‍ സര്‍വീസ് ആരംഭിക്കണമെന്നത് പരവൂരുകാരുടെ ഏറെക്കാലമായുള്ള ആഗ്രഹമാണ്. പരവൂര്‍-ഊന്നിന്മൂട്-പാരിപ്പള്ളി ചെയിന്‍ സര്‍വീസ് ആരംഭിക്കണമെന്നതാണ് ആവശ്യം. നിരവധിതവണ അധികൃതരെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി.
നിലവില്തുടങ്ങിയ ചെയിന്സര്വീസുകളെല്ലാം വന്‍ വിജയമായ സാഹചര്യത്തില്‍ യാത്രാക്ലേശം പരിഹരിക്കുന്നതിന് സര്‍വീസ് ആരംഭിക്കുകയും നിലവിലുള്ള സര്‍വീസുകള്‍ രാത്രി 10 വരെയെങ്കിലും തുടരണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.