കോട്ടയം: നാട്ടകം പാറോച്ചാൽ ബൈപാസ് റോഡിലും സമീപ പ്രദേശങ്ങളിലും കഞ്ചാവ് മാഫിയയും അനാശാസ്യ സംഘങ്ങളും വിലസുന്നു. കഴിഞ്ഞ ദിവസം പാറോച്ചാൽ ബൈപാസ് റോഡിന്റെ ഭാഗത്തുള്ള തിരുവാതുക്കൽ പ്രദേശത്തെ ഒരു വീട്ടിൽ നിന്നും അഞ്ചു പേരടങ്ങുന്ന അനാശാസ്യ സംഘത്തെ കോട്ടയം വെസ്റ്റ് പോലീസ് റെയ്ഡ് നടത്തി പിടികൂടിയിരുന്നു.
സന്ധ്യകഴിഞ്ഞാൽ നാട്ടകം- പാറോച്ചാൽ ബൈപാസ് റോഡിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും വഴിവിളക്കില്ല. വൈകുന്നേരങ്ങളിൽ വിവിധ ഭാഗങ്ങളിൽ നിന്നും ബൈക്കുകളിലും മറ്റു വാഹനങ്ങളിലും എത്തുന്ന നിരവധി സംഘങ്ങൾ കഞ്ചാവ് വില്പനയും കൈമാറ്റവും കഞ്ചാവ് വലിക്കലുമുൾപ്പെടെ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ട്. ഒട്ടുമിക്ക ദിവസങ്ങളിലും കാറുകളിൽ എത്തുന്നവർ അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും പ്രദേശവാസികൾ ഇടപെട്ടു ഓടിക്കുന്നതും പതിവു സംഭവമാണ്.
ഇതിനെല്ലാം പുറമേ ബൈപാസ് റോഡിന്റെ ഇരുവശങ്ങളിലും രാത്രിയിൽ മാലിന്യം കൊണ്ടുവന്നു തള്ളുകയാണ്. കോഴി മാലിന്യങ്ങളും പച്ചക്കറി മാലിന്യങ്ങളും കേറ്ററിംഗ് അവശിഷ്്ടങ്ങളുമാണു ചാക്കിലും പ്ലാസ്റ്റിക് കൂടുകളിലും കെട്ടിക്കൊണ്ടുവന്നു തള്ളുന്നത്. ഇവ ചീഞ്ഞു നാറുന്നതു കാരണം നാട്ടുകാർ മുക്കുപൊത്തിയാണു ഇതുവഴി കടന്നുപോകുന്നത്.
നഗരത്തിൽ നിന്നും ഇവിടെ എത്തിയിരിക്കുന്ന തെരുവുനായ്ക്കൾക്കു മാലിന്യങ്ങളിൽ നിന്നും ഭക്ഷണം ലഭിക്കുന്നതിനാൽ ഇവ ഇവിടെ തന്നെ തന്പടിച്ചിരിക്കുകയാണ്. ബൈക്കുകളിൽ സഞ്ചരിക്കുന്നവർക്കും കാൽനടയാത്രക്കാർക്കും തെരുവുനായ്ക്കൾ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല.
നാളുകൾക്കു മുന്പു വരെ വെസ്റ്റ് പോലീസും കണ്ട്രോൾ റൂം പോലീസും വിവിധ സമയങ്ങളിൽ ബൈപാസിലുടെ പട്രോളിംഗ് നടത്തിയിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി പ്രദേശത്ത് പോലീസ് പട്രോളിംഗ് നടത്തുന്നില്ലെന്നു പ്രദേശവാസികൾ പറയുന്നു. കഞ്ചാവ് മാഫിയയും അനാശാസ്യ സംഘങ്ങളും വിലസുന്ന സാഹചര്യത്തിൽ പോലീസ് പട്രോളിംഗ് കാര്യക്ഷമമാക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.