കോട്ടയം: ഒരു നാട്ടിലെ ജനങ്ങൾ നിമിഷനേരംകൊണ്ട് ദുരന്തത്തിൽനിന്ന് ഒരു കുടുംബത്തെ മുഴുവൻ ജീവിതത്തിലേക്കു തിരികെ കോരിയെടുത്തതിന്റെ വാർത്തയോടെയാണ് ഇന്നലെ കോട്ടയം നഗരം ഉണർന്നത്.
തിരുവല്ല പുഷ്പഗിരി ആശുപത്രിയിലെ ഡോ.സോണിയ, മൂന്നുമാസം പ്രായുള്ള കുഞ്ഞ്, സഹോദരൻ അനീഷ്, മാതാവ് ശോശാമ്മ എന്നിവരെയാണ് ജീവിതത്തിന്റെ കരയിലേക്കു പാറോച്ചാൽ നിവാസികൾ ജീവൻ പണയംവച്ചു ചേർത്തണച്ചത്.
പാറോച്ചാൽ ബൈപാസിൽ റോഡും തോടുമൊന്നായി മാറിയ വഴിയിൽനിന്നു വെള്ളത്തിലേക്കു കാർ പതിക്കുന്നത് ഞെട്ടലോടെയാണ് രാത്രി 11ന് വീടിനുമുന്നിൽ നിൽക്കുകയായിരുന്ന സമീപവാസിയായ ചന്ദ്രബോസ് കണ്ടത്.
വള്ളം പോലെ ഒഴുകി കാർ
തിരുവാതുക്കൽ – നാട്ടകം സിമന്റ് കവല ബൈപാസിലൂടെ വന്ന കാർ തിരുവാതുക്കൽ റോഡിലേക്കു കയറാതെ പാറോച്ചാൽ ജെട്ടിയുടെ ഭാഗത്തേക്കു തിരിഞ്ഞു.
റോഡ് കഴിഞ്ഞാൽ നടവഴി മാത്രമുള്ളിടത്തു വെള്ളം കയറിക്കിടക്കുകയാണ്. സമീപത്തുള്ള തോട് കരകവിഞ്ഞൊഴുകുന്നു. ചന്ദ്രബോസിന്റെ കണ്മുന്നിൽ കാർ ഒരു വള്ളം കണക്കെ ഒഴുകി നീങ്ങുന്നു.
വീടും പരിസരവുമെല്ലാം വെള്ളം കയറിയതിനാലും രാത്രി സമയമായതിനാലും സമീപത്തെ ആളുകളെല്ലാം നേരത്തെ വീട്ടിൽ കയറിയിരുന്നു.
രണ്ടു ചിറയും മെയിൻറോഡും കടന്നു ചന്ദ്രബോസിനു കാറിന് അടുത്തേക്കു പെട്ടെന്നെത്തുന്നത് എളുപ്പമായിരുന്നില്ല. അലറിവിളിച്ചുകൊണ്ട് അവിടേക്കു പാഞ്ഞടുക്കാൻ മാത്രമേ കഴിയുമായിരുന്നുള്ളു.
കുത്തൊഴുക്കിൽ കാർ
പാലത്തിനപ്പുറത്തെ വീട്ടിലെ സത്യനും മറ്റുള്ളവരും ബഹളം കേട്ടു പുറത്തിറങ്ങുന്പോൾ കാർ വെള്ളത്തിലൂടെ ഒഴുകിപ്പോകുന്നതാണ് കണ്ടത്.
ഒഴുകി നീങ്ങുന്ന കാറിനു പിന്നാലെ കരയിലൂടെ സത്യനും ചന്ദ്രബോസും അടക്കം മറ്റുള്ളവരും ഓടി. കുത്തൊഴുക്കിൽ കാർ മുന്നോട്ടുതന്നെ പോയി.
തൊട്ടടുത്ത തോമസിന്റെ വീടിനു മുന്നിലെത്തിയപ്പോൾ കാറിന്റെ ഒഴുക്കുവേഗം കുറഞ്ഞു എവിടെയോ ഒന്നു തടഞ്ഞുനിന്നു. പിന്നെ മറ്റൊന്നും നോക്കാനില്ലായിരുന്നു, ഒഴുക്കിനെ മറന്നു കൂട്ടത്തിലുള്ളവർ തോട്ടിലേക്ക് എടുത്തുചാടി.
വെള്ളം മുകളിലേക്ക്
വെള്ളത്തിന്റെ ശക്തിയേറിയ ഒഴുക്ക്, വെളിച്ചക്കുറവ്, ഡോറിനും മുകളിൽ കയറിയ വെള്ളം, കണ്മുന്നിൽ കാറിന്റെയുള്ളിൽനിന്നു ചില്ലിൽ മരണവെപ്രാളത്തോടെ കൈയിട്ടടിക്കുന്ന യാത്രക്കാർ.
രക്ഷാപ്രവർത്തനം എളുപ്പമായിരുന്നില്ല. എല്ലാവരും ചേർന്നു കാർ കരഭാഗത്തേക്കു വലിച്ചുനീക്കി. കുറെ പരിശ്രമത്തിനു ശേഷം കാറിന്റെ പിൻഭാഗം ഉയർത്താനായി.
പിന്നാലെ മറ്റു ചിലർ ചേർന്നു മുൻഭാഗവും ഉയർത്തിയതോടെ ജീവിതത്തിലേക്ക് ആ കുടുംബം തിരിച്ചു കയറുകയായിരുന്നു. വെള്ളത്തിൽനിന്ന് ഉയർത്തിയ സമയത്തു ഡ്രൈവർ സീറ്റ് തുറന്നു കൈക്കുഞ്ഞിനെ കരയിൽനിന്ന സ്ത്രീകളുടെ കൈയിൽ ഏൽപ്പിച്ചു സുരക്ഷിതമാക്കി.
പിന്നാലെ കാറിനുള്ളിലുണ്ടായിരുന്നവരെയും സുരക്ഷിതമായി കരയ്ക്കെത്തിച്ചു. മരണത്തിൽനിന്നു അദ്ഭുതകരമായി ജീവിതത്തിലേക്കു തിരിച്ചുവന്നതിന്റെ ആശ്വാസമായിരുന്നു ആ മുഖങ്ങളിൽ.
കയറിട്ടു കെട്ടി
കാർ വീണ്ടും താഴേക്ക് ഒഴുകിപ്പോകാൻ തുടങ്ങിയതോടെ നാട്ടുകാർ കയറുപയോഗിച്ചു മരത്തിൽ കെട്ടി. നാലു പേരെയും സമീപത്തെ രജനിയുടെ വീട്ടിൽ എത്തിച്ച ശേഷം മാറാൻ വസ്ത്രങ്ങളും നൽകി.
നാട്ടുകാർ ആശുപത്രിയിൽ പോകാൻ സൗകര്യം ഒരുക്കാൻ തുടങ്ങിയെങ്കിലും ആർക്കും പരിക്കില്ലാത്തതിനാൽ വേണ്ടന്നായി കുടുംബത്തിന്റെ തീരുമാനം.
ഗൂഗിൾ മാപ് നോക്കി വന്നതാണെന്നും വെള്ളം കണ്ടതോടെ ഭയന്നുപോയെന്നും വാഹനം ഓടിച്ച അനീഷ് പറഞ്ഞു. തുടർന്ന് രക്ഷാപ്രവർത്തനത്തിനെത്തിയ ഒരാളുടെ ഫോണിൽ സോണിയ ഭർത്താവിനെ വിളിച്ചു വിവരം അറിയിച്ചു.
അപ്പോഴേക്കും പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു. സോണിയയുടെ ഭർത്താവ് പാറോച്ചാൽ ബൈപാസിലെത്തിയപ്പോഴേക്കും നാട്ടുകാർ ചേർന്നു കുടുംബത്തെ അവിടെ എത്തിച്ചു.
തങ്ങളുടെ ജീവൻ രക്ഷിച്ച മുപ്പതിൽപരം പേരോടും നന്ദി പറഞ്ഞാണ് ജീവിതത്തിന്റെ മറുകരയിലേക്കു കുടുംബം മടങ്ങിയത്.
ഇവരുടെ കാർ ഇന്നലെ പകൽ തോട്ടിൽ കിടക്കുകയായിരുന്നു. ദുരന്തത്തിൽനിന്ന് ഒരു കുടുംബത്തെ കൈപിടിച്ചുയർത്തിയതിന്റെ നിർവൃതിയിലായിരുന്നു പാറേച്ചാൽ നിവാസികൾ.