കോട്ടയം: നാട്ടകം-പാറേച്ചാൽ ബൈപാസിലൂടെ യാത്രചെയ്യുന്നവർ ശ്രദ്ധിക്കുക. ഇരുചക്ര വാഹനത്തിലാണെങ്കിൽ നായ കുറുകെ ചാടുകയോ പിൻതുടരുകയോ ചെയ്യാൻ സാധ്യതയുണ്ട്. കാൽനടക്കാരും ഇതുവഴി പേടിച്ചാണ് പോകുന്നത്.
പുളിനാക്കൽ, പാറേച്ചാൽ ഭാഗത്താണ് നായ ശല്യം വർധിച്ചത്. തെരുവ് നായ്ക്കളും വളർത്തു നായ്ക്കളും ചേർന്നാണ് വഴിയാത്രക്കാരെ ശല്യപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം നായ വട്ടം ചാടി ഒരു ബൈക്ക് യാത്രക്കാരൻ വീണു. ഭാഗ്യത്തിന് പരിക്കൊന്നും ഏറ്റില്ല.
നായ കുറുകെ ചാടിയാൽ ഇരുചക്രവാഹന യാത്രക്കാർ തെറിച്ചു വീണ് തലയിടിച്ചു പരിക്കേൽക്കാനാണ് സാധ്യത. ഇവിടെ ബൈക്ക് യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. നായ്ക്കൾ വാഹനങ്ങൾക്കു മുന്നിലേക്ക് ഓടുന്നതും വട്ടം ചാടുന്നതുമൊക്കെ ഇവിടെ നിത്യ സംഭവമാണ്.
ഭക്ഷണ മാലിന്യം റോഡ് സൈഡിൽ ഉപേക്ഷിക്കുന്നതാണ് നായകളെ ആകർഷിക്കുന്നതെന്നു പറയുന്നു. വാഹനത്തിൽ പോകുന്നവർ വീട്ടിലെ ഭക്ഷണ മാലിന്യം പ്ലാസ്റ്റിക് കവറുകൾ നിറച്ച് വാഹനത്തിൽ നിന്ന് പുറത്തേക്ക് എറിയുന്നുണ്ട്. ഇങ്ങനെ വഴിയരികിൽ വീഴുന്ന ഭക്ഷണ മാലിന്യം തിന്നാൻ കൂട്ടത്തോടെ നായ്ക്കൾ എത്തുന്നതാണ് ഇവിടുത്തെ പ്രശ്നം.