ബോളിവുഡ് നടി പരിണീതി ചോപ്ര ഇപ്പോൾ ആയോധന കലകളൊക്കെ പരിശീലിക്കുന്നുണ്ട്. പരിശീനം ആരംഭിച്ച ദിവസം മാധ്യമപ്രവർത്തകർക്ക് നൽകിയ അഭിമുഖത്തിൽ തന്റെ കുട്ടിക്കാലത്തെ ഓർമകളൊക്കെ താരം പങ്കുവച്ചിരുന്നു. താനൊരു സാധാരണ കുടുംബത്തിലാണ് ജനിച്ചതെന്നും സൈക്കിൾ ചവിട്ടിയാണ് സ്കൂളിൽ പോയിരുന്നതെന്നുമൊക്കെ പരിണീതി പറഞ്ഞു.
സ്കൂൾ യൂണിഫോമായിരുന്ന പാവടയിട്ടുകൊണ്ട് സൈക്കിൾ ചവിട്ടിയതിന് കൂടെ പഠിച്ച ആണ്‍കുട്ടികൾ കളിയാക്കിയിരുന്നു. താൻ സുരക്ഷിതയായി സ്കൂളിൽ എത്തിയോ എന്നറിയാൻ തന്റെ അച്ഛൻ സൈക്കിളിനെ അനുഗമിക്കുമായിരുന്നു. സുരക്ഷിതത്വത്തിനായി ആയോധനകലകൾ പഠിക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും സാഹചര്യങ്ങൾ അനുവദിച്ചില്ല.
ഏതായാലും താരത്തിന്റെ അഭിമുഖം പുറത്തുവന്നതിനുപിന്നാലെ പരിണീതിയോടൊപ്പം സ്കൂളിൽ പഠിച്ച ഒരു സുഹൃത്ത് പരിണീതി പറഞ്ഞത് പച്ചക്കള്ളമാണെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടു. പരിണീതി സന്പന്ന കുടുംബാംഗമാണെന്നും കാറിലാണ് സ്കൂളിൽ വന്നിരുന്നതെന്നും പോസ്റ്റിൽ ആരോപിച്ചു.
എന്നാൽ ഇത് പരിണീതി നിഷേധിച്ചിരിക്കുകയാണ്. സ്വന്തം കാലിൽ നിൽക്കാൻ പഠിക്കാൻ അച്ഛൻ തനിക്ക് സൈക്കിൾ വാങ്ങി തന്നെന്നും ഇതിലാണ് സ്കൂളിൽ പോയിരുന്നതെന്നും പരിണീതി പറയുന്നു. അച്ഛന് ഓഫിസ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കാറുമാത്രമായിരുന്നു ഉണ്ടായിരുന്നത്. അതിൽ സ്കൂളിൽ പോയിട്ടില്ല.