കുട്ടിക്കാലത്തെ അനുഭവങ്ങളെക്കുറിച്ച് താൻ പറഞ്ഞതു നുണയാണെന്ന ആരോപണത്തിന് മറുപടിയുമായി ബോളിവുഡ് താരം പരിണീതി ചോപ്ര വീണ്ടും രംഗത്ത്. താൻ ഒരു സന്പന്ന കുടുംബത്തിലെ അംഗമായിരുന്നില്ലെന്നും സൈക്കിളിലാണ് സ്കൂളിൽ വന്നിരുന്നതെന്നും പരിണീതി അടുത്തയിടെ പറഞ്ഞിരുന്നു. എന്നാൽ പരിണീതിയുടെ വാദം പച്ചക്കള്ളമാണെന്ന് താരത്തിനൊപ്പം പഠിച്ചയാൾ ഫേസ്ബുക്കിൽ വെളിപ്പെടുത്തിയതോടെയാണ് സംഭവം വലിയ വാർത്തയായത്.
ഇതിനെതിരേ താരം അന്നു തന്നെ രംഗത്തു വന്നിരുന്നു. പരിണീതി വലിയ കുടുംബത്തിലെ അംഗമായിരുന്നുവെന്നും അവർ നുണ പറയുകയാണെന്നും സഹപാഠിയായ ഖാനു ഗുപ്തയാണ് വെളിപ്പെടുത്തിയത്. പരിണീതി സൈക്കിളിൽ സ്കൂളിൽ വന്നിരുന്നുവെന്ന വാദം തെറ്റാണെന്നും താരത്തിന്റെ പിതാവിന് കാറുണ്ടായിരുന്നെന്നും ഗുപ്ത വെളിപ്പെടുത്തി. ഇതോടെയാണ് താരം നുണ പറഞ്ഞുവെന്ന ആരോപണം വാർത്തയായത്. ഈ ആരോപണത്തിൽ വിശദീകരണവുമായാണ് പരിണീതി രണ്ടാമതും രംഗത്ത് വന്നിരിക്കുന്നത്.
താൻ നുണ പറഞ്ഞിട്ടില്ലെന്നും തന്റെ വാക്കുകൾ തെറ്റായി വ്യാഖാനിക്കപ്പെടുകയായിരുന്നുവെന്നുമാണ് താരത്തിന്റെ വിശദീകരണം. അംബാല സ്കൂളിലാണ് ഞാനും സഹോദരന്മാരും പഠിച്ചത്. ഞങ്ങളെ സ്കൂളിൽ കൊണ്ടുപോകാൻ കാറോ ഡ്രൈവറോ ഉണ്ടായിരുന്നില്ല. എന്റെ സഹോദരന്മാർ ബസിലും ഞാൻ സൈക്കിളിലുമാണ് സ്കൂളിൽ പോയിരുന്നത്. എന്റെ അച്ഛന് ഒരു കാറുണ്ടായിരുന്നു. സൈക്കളിൽ ഞാൻ പോകുന്പോൾ അദ്ദേഹം കാറിൽ പിന്തുടരുമായിരുന്നു. ഞാൻ സുരക്ഷിതയായി സ്കൂളിൽ എത്തിയെന്ന് അദ്ദേഹം ഉറപ്പു വരുത്തും.
അച്ഛന്റെ കാർ ഓഫീസ് ആവശ്യങ്ങൾക്ക് മാത്രമാണ് ഉപയോഗിച്ചിരുന്നത്. മക്കളായ ഞങ്ങൾ ഒരിക്കലും ആ കാറിൽ സ്കൂളിൽ പോയിരുന്നില്ല. എനിക്ക് സൈക്കിളിൽ സ്കൂളിൽ പോകുന്നത് ഇഷ്ടമില്ലായിരുന്നു. എന്നാൽ എന്റെ സുരക്ഷയെ കരുതിയും എന്നെ സ്വതന്ത്ര വ്യക്തിയായി മാറ്റുന്നതിനുമായിരുന്നു സൈക്കിളിൽ സ്കൂളിൽ അയച്ചതെന്ന് ഇപ്പോൾ മനസിലാകുന്നു-പരിണീതി വ്യക്തമാക്കുന്നു.