കുഞ്ഞു പിറന്നതിനു ശേഷം കുഞ്ഞിനെ പരിചരിക്കുന്നതിനായി പിതാക്കൻമാർക്കും വിദേശ രാജ്യങ്ങളിലൊക്കെ കന്പനി അവധി നൽകാറുണ്ട്. അത്തരത്തിൽ പിതൃത്വ അവധി കഴിഞ്ഞെത്തിയ ജീവനക്കാരനെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയായി മാറിയിരിക്കുന്നത്.
ലണ്ടനിൽ ഗോൾഡ്മാന്റെ കംപ്ലയിൻസ് ഡിപ്പാർട്ട്മെന്റിൽ വൈസ് പ്രസിഡന്റായി ജോലി ചെയ്തിരുന്ന ജോനാഥൻ റീവ്സ് എന്ന യുവാവിനാണ് അവധിക്ക് ശേഷം ജോലി നഷ്ടമായത്. അവധി കഴിഞ്ഞെത്തിയ തന്നെ യാതൊരു കാരണവുമില്ലാതെ പിരിച്ചുവിട്ടു എന്നാണ് ഇദ്ദേഹം ആരോപിക്കുന്നത്.
കമ്പനിയുടെ ഈ അന്യായമായ നടപടിയിൽ തനിക്കുണ്ടായ നഷ്ടം കണക്കിലെടുത്ത് അഞ്ച് ദശലക്ഷം ഡോളർ (ഏകദേശം 41 കോടി) നഷ്ടപരിഹാരമായി അനുവദിച്ചു നൽകണമെന്ന് ചൂണ്ടിക്കാട്ടി ജീവനക്കാരൻ കോടതിയെ സമീപിച്ചു. പുരുഷ ജീവനക്കാർ ദീർഘകാല അവധി എടുക്കുന്നതിലുള്ള കമ്പനിയുടെ വിയോജിപ്പാണ് തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ പിന്നിലെ യഥാർഥ കാരണം എന്നും പരാതിയിൽ പറയുന്നു.
26 ആഴ്ച ശമ്പളത്തോടെയുള്ള രക്ഷാകർതൃ അവധി നൽകിയതിന്റെ രേഖകൾ പുറത്തുവിട്ടുകൊണ്ട് സംഭവത്തിൽ പ്രതികരണവുമായി കന്പനിയും രംഗത്തെത്തി. തങ്ങളുടെ എല്ലാ ജീവനക്കാർക്കും അവകാശപ്പെട്ട അവധിയാണ് ഇതെന്നും സ്ത്രീ പുരുഷ ഭേദമന്യേ ഈ അവധിയെടുക്കാൻ എല്ലാവർക്കും അവകാശം ഉണ്ടെന്നും കന്പനി വ്യക്തമാക്കി.