സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ടിക്ടോക്കിനെതിരെ നിയമനടപടി ആവശ്യപ്പെട്ട് യുഎസിൽ നിന്നുള്ള 5,000 -ത്തോളം രക്ഷിതാക്കൾ. യുവാക്കളെ ടിക്ടോക് നശിപ്പിക്കുന്നു എന്ന് കാണിച്ചാണ് രക്ഷിതാക്കളുടെ ഈ നീക്കം. ടിക്ടോക്കിനെ ‘ഡിജിറ്റൽ യുഗത്തിലെ ഏറ്റവും വലിയ പുകയില’ എന്നാണ് അവർ വിശേഷിപ്പിച്ചത്.
കൗമാരക്കാരുടെ മാനസികാരോഗ്യത്തെ വലിയ തോതിൽ ടിക്ടോക് മോശമായി ബാധിക്കുന്നു എന്നാണ് മാതാപിതാക്കളുടെ ആരോപണം. അമേരിക്കയിലെ യുവാക്കളെ ഈ ആപ്പ് നശിപ്പിക്കുകയാണെന്നും രക്ഷിതാക്കൾ അവകാശപ്പെടുന്നു. ClaimsHero.io -യുടെ നേതൃത്വത്തിലാണ് ടിക്ടോക്കിനെതിരെയുള്ള നിയമപോരാട്ടം ഒരുങ്ങുന്നത്. ആപ്പിനോടുള്ള ആസക്തി യുവാക്കളുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നുണ്ട് എന്നാണ് ClaimsHero -യുടെ സ്ഥാപകൻ കെൽവിൻ ഗൂഡ് പറയുന്നത്.
12 വയസുള്ള തന്റെ മകൾ ടിക്ടോക് വീഡിയോയുടെ സ്വാധീനം കാരണം സ്വയം ഉപദ്രവിക്കാൻ തുടങ്ങി എന്ന് പറഞ്ഞ് സിംഗിൾ മദറായ ബ്രിട്ടാനി രംഗത്തെത്തിയിരുന്നു. കേസ് കൊടുത്തതിൽ ഉൾപ്പെട്ട ഒരു രക്ഷിതാവാണ് ബ്രിട്ടാനി എഡ്വേർഡ്സ്.
ടിക്ടോക്കിൽ ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോകൾ കാണാം. ഉപയോക്താക്കളുടെ പ്രിഫറൻസിന് അനുസരിച്ചുള്ള വീഡിയോകളാണ് ടിക്ടോക് അവരുടെ മുന്നിലേക്ക് എത്തിക്കുന്നത്. ഇത് കൗമാരക്കാരിൽ ഡോപമൈന്റെ കുതിച്ചുചാട്ടത്തിന് കാരണമാകുന്നു എന്നാണ് സൈക്ക്യാട്രിസ്റ്റായ ഡോ. നീന സെർഫോളിയോ പറയുന്നത്. ഇതിനാൽ ടിക്ടോക്കിന്റെ ഉള്ളടക്കത്തിൽ ശ്രദ്ധിക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെടുന്നു.