മകളെ തല്ലിയെന്നാരോപിച്ച് അധ്യാപകനെ ഓടിച്ചിട്ടടിച്ച് മാതാപിതാക്കള്‍. തമിഴ്നാട്ടിലെ തൂത്തുകുടിയിലാണ് സംഭവം.
സ്വകാര്യ സ്കൂള്‍ അധ്യാപകനായ ഭരതിനാണ് മര്‍ദ്ദനം ഏറ്റത്. സംഭവത്തില്‍ കുട്ടിയുടെ രക്ഷിതാക്കളായ ശിവലിംഗത്തെയും സെല്‍വിയെയും പോലീസ് അറസ്റ്റ് ചെയ്തു.
മര്‍ദ്ദനമേറ്റെന്ന് രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി പരാതി പറഞ്ഞതിനെത്തുടര്‍ന്നാണ് മാതാപിതാക്കള്‍ സ്കൂളില്‍ എത്തിയത്.
ക്ലാസ് മുറിയില്‍ ഇവര്‍ അതിക്രമിച്ച് കയറി അധ്യാപകനെ തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു.
എന്നാല്‍ ഇതിനിടയില്‍ അധ്യാപകന് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കല്ലുകൊണ്ട് എറിഞ്ഞ് വീഴ്ത്തുകയും വീണ്ടും തല്ലുകയും ചെയ്തു. ഇതിന്റെ വീഡിയോകളും ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.
തങ്ങളുടെ മകളെ തല്ലാന്‍ ആരാണ് അധികാരം തന്നത് എന്ന് ചോദിച്ചുകൊണ്ടാണ് സെല്‍വി ഭരതിനെ മര്‍ദ്ദിക്കുന്നത്. ചെരുപ്പ് കൊണ്ട് അടിക്കുമെന്നും ഇടയ്ക്ക് പറയുന്നുണ്ട്.
ഭരതിനെ രക്ഷപ്പെടുത്താന്‍ അധ്യാപകര്‍ ശ്രമിച്ചെങ്കിലും ദമ്പതികള്‍ പിന്മാറാന് കൂട്ടാക്കിയില്ല. തുടര്‍ന്ന് മറ്റ് അധ്യാപകര്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഇത് തെളിവാക്കി പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു.
സംഭവത്തില്‍ കുട്ടിയുടെ മുത്തച്ഛന് മുനിസാമിയെയും പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ കുട്ടിയെ തല്ലിയെന്ന വാദം അധ്യാപകന് നിഷേധിച്ചിട്ടുണ്ട്.
പഠിപ്പിക്കുന്നതിനിടെ കുട്ടി ക്ലാസില്‍ സംസാരിച്ചതിനും മറ്റ് കുട്ടികളുമായി വഴക്കുണ്ടാക്കിയതിനും സീറ്റ് മാറ്റിയിരുത്തുക മാത്രമാണ് ചെയ്തതെന്നും ഭരത് പറഞ്ഞു.