ഐപിഎസുകാരന്റെ മാതാപിതാക്കള്‍ ഇപ്പോഴും താമസിക്കുന്നത് മണ്‍കുടിലില്‍ ! ജഗദീഷ് അടഹള്ളിയുടെ കുടുംബത്തിന്റെ കഥ ഇങ്ങനെ…

സ്വന്തം മകന്‍ ഇന്ത്യയിലെ ഏറ്റവും വലിയ പരീക്ഷയായ സിവില്‍ സര്‍വീസ് വിജയിച്ച് ഐപിഎസുകാരനായിട്ടും അവനൊപ്പം പോകാതെ തങ്ങളുടെ മണ്‍കുടിലില്‍ കഴിയുന്ന മാതാപിതാക്കള്‍ ഏവര്‍ക്കും മാതൃകയാവുകയാണ്.

നിരവധി ബുദ്ധിമുട്ടുകളും, കഷ്ടതകളും സഹിച്ചാണ് അവര്‍ മകനെ ഒരു ഐപിഎസ് ഉദ്യോഗസ്ഥനാക്കി തീര്‍ത്തത്.

വലിയ സ്വപ്നങ്ങളും, ആഗ്രഹങ്ങളും ഒന്നുമില്ലാത്ത അവര്‍, മകനൊപ്പം പോകാതെ ഇന്നും ഒരു അലുമിനിയം ഷീറ്റ് കൊണ്ട് മറച്ച ഒരു മണ്‍ കുടിലിലാണ് താമസിക്കുന്നത്.

മകന്റെ പ്രശസ്തിയിലും, സൗഭാഗ്യങ്ങളിലും അവര്‍ സന്തോഷിക്കുന്നുവെങ്കിലും, അതിന്റെ ഭാഗമാകാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. ഈ മണ്‍കുടിയിലും, ചുറ്റുമുള്ള പറമ്പുമാണ് അവരുടെ ജീവിതം.

കഗ്വാഡ് താലൂക്കിലെ മാള്‍ ഗ്രാമത്തിലാണ് 63 കാരനായ ശ്രീകാന്തും 53 കാരിയായ സാവിത്രിയും താമസിക്കുന്നത്.

ദാരിദ്ര്യമാണ് തന്റെ കുട്ടിയ്ക്ക് പഠിക്കാനുള്ള ഊര്‍ജ്ജമായതെന്ന് അവര്‍ പറയുന്നു. മകന്‍ ജഗദീഷ് അടഹള്ളി യുപിഎസ്സി പരീക്ഷയില്‍ വിജയിച്ച് 440-ാം റാങ്ക് നേടി, അവരുടെ അഭിമാനമായി മാറിയിരിക്കയാണ്.

ജഗദീഷ് ഇപ്പോള്‍ കൃഷ്ണ ജില്ലയിലെ വിജയവാഡയില്‍ പ്രൊബേഷനിലാണ്. ശ്രീകാന്ത് ഒരു ഷുഗര്‍ ഫാക്ടറിയില്‍ ഡ്രൈവറായി ജോലി നോക്കുന്നു.

ഒരു സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാക്ടറി. നാല് മക്കളില്‍ ഇളയവനാണ് ജഗദീഷ്. മക്കളുടെ പഠനത്തിനായി ഒട്ടേറെ വായ്പകള്‍ അദ്ദേഹം എടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിതം എന്നും മക്കള്‍ക്ക് വേണ്ടിയുള്ളതായിരുന്നു.

അച്ഛന്റെ മനസ്സറിഞ്ഞ മകനായിരുന്നു ജഗദീഷും. പഠിക്കാന്‍ മിടുക്കനായിരുന്ന അദ്ദേഹം അവിടത്തെ ഒരു സാധാരണ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലാണ് പഠനം ആരംഭിച്ചത്.

പിന്നീട് അത്താണി ടൗണില്‍ പ്രീ യൂണിവേഴ്സിറ്റി കോഴ്സും പൂര്‍ത്തിയാക്കി. പത്താം ക്ലാസ് പരീക്ഷയില്‍ 80 ശതമാനവും പിയുസിയില്‍ 87 ശതമാനവും മാര്‍ക്ക് നേടാന്‍ അദ്ദേഹത്തിന് സാധിച്ചു.

എന്നാല്‍ അപ്പോഴൊന്നും ഐപിഎസ് എന്നത് മനസ്സില്‍ പോലും ഉണ്ടായിരുന്നില്ല. മകനെ ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റാക്കാനായിരുന്നു അച്ഛന്റെ ആഗ്രഹം. ഇതിനായി ശ്രീകാന്ത് മകനെ ബികോമിന് ചേര്‍ത്തു.

അച്ഛന്റെയും അമ്മയുടെയും സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ മകന്‍ കഠിനാധ്വാനം ചെയ്തു. ഒടുവില്‍ സിഎ പരീക്ഷയിലും മികച്ച വിജയം നേടി.

2013ല്‍, ശ്രീകാന്തിന് ഒരു തിരഞ്ഞെടുപ്പ് ഓഫീസറെയും കൊണ്ട് സവാരിയ്ക്ക് പോകേണ്ടി വന്നു. അന്ന്, കാറില്‍ യാത്ര ചെയ്യുമ്പോള്‍ യുപിഎസ്സി പരീക്ഷയെക്കുറിച്ചും സാധ്യതകളെക്കുറിച്ചും ഓഫീസറാണ് ശ്രീകാന്തിനോട് പറഞ്ഞത്.

തുടര്‍ന്ന് അദ്ദേഹം മകനെ പരീക്ഷ എഴുതാന്‍ പ്രേരിപ്പിച്ചു. പരീക്ഷയില്‍ ജയിച്ചപ്പോള്‍, അദ്ദേഹം ലോണ്‍ എടുത്ത് മകനെ കോച്ചിംഗിനായി ഡല്‍ഹിയിലേക്ക് അയച്ചു.

പിന്നീട് കുറേകാലം അവര്‍ നല്ലപോലെ പാടുപെട്ടു. എന്തായാലും ഇപ്പോള്‍ മകന്‍ അച്ഛന്റെ സ്വപ്നം സാക്ഷാത്കരിച്ചിരിക്കയാണ്.

എന്നാല്‍ യുപിഎസ്സി പരീക്ഷ പാസാകുന്നതിന് മുമ്പ് ജഗദീഷ് കെപിഎസ്സി പരീക്ഷയില്‍ 23-ാം റാങ്കോടെ വിജയിക്കുകയും, കലബുറഗിയില്‍ അസിസ്റ്റന്റ് കമ്മീഷണറായി ജോലി നോക്കുകയും ചെയ്തിരുന്നു.

‘ഞങ്ങള്‍ ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. പക്ഷേ പട്ടിണിയും, ദാരിദ്ര്യം ഞങ്ങളെ കൂടുതല്‍ ശക്തരാക്കുകയാണ് ചെയ്തത്. ഇപ്പോള്‍ വരുമാനം കൂടി എന്ന് വച്ച്, ഇത്രയും കാലം ജീവിച്ച ജീവിതം എങ്ങനെ ഉപേക്ഷിച്ച് പോകാനാകും?’ സാവിത്രി പറഞ്ഞു.

ആരോഗ്യം അനുവദിക്കുന്നിടത്തോളം കാലം, താന്‍ ഡ്രൈവറായി ജോലി തുടരുമെന്നും തന്റെ കൃഷിഭൂമി പരിപാലിക്കുമെന്നും ശ്രീകാന്ത് പറഞ്ഞു. മറ്റൊന്നും തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Related posts

Leave a Comment