തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ മറവിൽ തങ്ങളുടെ നവലിബറൽ അജണ്ട നടപ്പാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്.
ആരോഗ്യ മേഖലയിൽ എല്ലാ ജില്ലകളിലും ആശുപത്രികൾ വേണം. അതിനു വയബിലിറ്റി ഗ്യാപ് ഫണ്ടിംഗായി 8100 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്. സ്വകാര്യ സംരംഭകർക്കാണ് ഇതു കൊടുക്കുക. പൊതു ആരോഗ്യ ശക്തിപ്പെടുത്തുന്നതിനു പകരം അവിടെയും സ്വകാര്യവത്കരണനടത്തുകയാണെന്ന് ഐസക് കുറ്റപ്പെടുത്തി.
ഭയങ്കര ദേശാഭിമാനികളാണ്. പക്ഷേ, പ്രതിരോധ മേഖലയിൽ വിദേശികൾക്ക് 74 ശതമാനം വരെ ഓഹരിയാകാം. കൽക്കരി മാത്രമല്ല, കരിമണൽവരെയുള്ള ധാതുക്കൾ സ്വകാര്യമുതലാളിമാർക്ക് തുറന്നുകൊടുക്കാൻ പോവുകയാണ്. 12 വിമാനത്താവളങ്ങൾകൂടി സ്വകാര്യവത്കരിക്കാൻ പോവുകയാണെന്നും ഐസക് ചൂണ്ടിക്കാട്ടി.
വൈദ്യുതി മേഖലയിലെ സംസ്ഥാനങ്ങളുടെ എല്ലാ അധികാരങ്ങളും കേന്ദ്രം ഏറ്റെടുക്കുകയാണ്. ഐഎസ്ആർഒയും, ആറ്റമിക് എനർജി ഏജൻസിയും ഇനിമേൽ സ്വകാര്യസംരംഭകരെ സഹായിക്കണമെന്നും ധനമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തി.