ചങ്ങനാശേരി: നഗര സഭാ കാര്യാലയ വളപ്പിൽ അതിക്രമിച്ചുകയറി ശുചീകരണ തൊഴിലാളിയെ അക്രമിച്ച സംഘത്തിലെ ഒരാൾ അറസ്റ്റിൽ. മഞ്ചാടിക്കര ചക്രപ്പുരയ്ക്കൽ രാഹുൽ (33) ആണ് അറസ്റ്റിലായത്.
നഗരസഭയിലെ ശുചീകരണ തൊഴിലാളി തൃക്കൊടിത്താനം പ്രിയദർശൻ വീട്ടിൽ സെൽവരാജി(55)നാണ് മുഖത്ത് ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ രാത്രി എട്ടിനായിരുന്നു സംഭവം.
വിവരമറിഞ്ഞ് ഓടിയെത്തിയ മുനിസിപ്പൽ വൈസ്ചെയർമാൻ ബെന്നി ജോസഫാണ് മുഖത്തുകൂടി രക്തം വാർന്നൊഴുകിയ നിലയിൽ കണ്ടെത്തിയ സെൽവരാജിനെ തന്റെ കാറിൽ കയറ്റി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനധികൃതമായി സ്ഥാപിച്ച ബോർഡ് നഗരസഭാധികൃതർ പിടിച്ചെടുത്തിരുന്നു. ഇത് തിരികെ കൊണ്ടുപോകാൻ എത്തിയ സംഘത്തെ തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിക്കുന്നതുകണ്ട് ഓടിയെത്തിയപ്പോഴാണ് സെൽവരാജിന്റെ മുഖത്ത് അടിയേറ്റത്.
നഗരത്തിലെ ഒരു രാഷ്ട്രീയ നേതാവിന്റെ സഹോദരിയുടെ മകനാണ് താനെന്ന് ആക്രോശിച്ചാണ് കണ്ടാലറിയാവുന്ന യുവാവ് തന്റെ മുഖത്തടിച്ചതെന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സെൽവരാജ് പറയുന്ന വീഡിയോ ദൃശ്യമുണ്ട്.
ചെയർപേഴ്സണ് സന്ധ്യാ മനോജിന്റെ നേതൃത്വത്തിൽ നഗരസഭാധികാരികൾ ആശുപത്രിയിൽ കഴിയുന്ന സെൽവരാജിനെ സന്ദർശിച്ചു. സെൽവരാജിനെ അക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നഗരസഭാ അധികാരികൾ ആവശ്യപ്പെട്ടു.