ഗാന്ധിനഗർ: മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന, അസം സ്വദേശികളായ ദന്പതികളുടെ മകൾ, അഞ്ചു വയസുകാരിയായ കുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി.
പരിക്കിന്റെ കാരണം കണ്ടെത്താൻ മെഡിക്കൽ ബോർഡ് രൂപീകരിക്കും. കഴിഞ്ഞ ദിവസം രാത്രിയിൽ മൂവാറ്റുപുഴ വനിതാ എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ എത്തിയിരുന്നു.
കുട്ടിയുടെ ആരോഗ്യനില മോശമായതിനാൽ മൊഴി രേഖപ്പെടുത്തുവാൻ കഴിഞ്ഞില്ല. കുട്ടിയുടെ ശരീരത്തിലുണ്ടായ പരിക്ക് എങ്ങനെയെന്ന് കണ്ടെത്തുന്നതിനു കുട്ടികളുടെ സൈക്കിൾ കൊണ്ടുവന്ന്, സൈക്കിളിൽ നിന്ന് വീണു പരിക്കുണ്ടായതാണോയെന്ന് പരിശോധന നടത്തിയെങ്കിലും അതും പൂർണമായി വിജയിച്ചില്ല.
തുടർന്നാണ് ശരീരത്തിന്റെ സ്വകാര്യ ഭാഗങ്ങളിലും കുടലിലുമുണ്ടായ പരിക്ക് കണ്ടെത്താൻ മെഡിക്കൽ ബോർഡ് രൂപീകരിക്കുവാൻ തീരുമാനിച്ചത്.
കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് പി. സവിതയുടെ നേതൃത്വത്തിൽ ഗൈനക്കോളജി, ഗ്യാസ്ട്രോ എൻറോളജി, സർജറി, ഫോറൻസിക് തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടർമാരെ ഉൾപ്പെടുത്തിയാണ് മെഡിക്കൽ ബോർഡ് രൂപീകരിക്കുന്നത്.
ഇന്നുരാവിലെ നടത്തിയ പരിശോധനയിൽ കുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടായിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.