കോഴിക്കോട്: പുതുപ്പാടിയില്‍ കണ്ണിൽ പരിക്കേറ്റ വിദ്യാർഥിനിയെ ആശുപത്രിയിൽ എത്തിക്കാതിരുന്ന അധ്യാപികയെ സസ്പെൻഡ് ചെയ്തു. പുതുപ്പാടി മണല്‍വയല്‍ എകെടിഎഎല്‍പി സ്കൂള്‍ അധ്യാപിക ബിജി ജോര്‍ജ്ജിനെയാണ് സസ്പെൻഡ് ചെയ്തത്. കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതില്‍ വീഴ്ച്ച വരുത്തിയതിനാണ് സസ്പെന്ഷന്. സംഭവത്തെകുറിച്ച് താമരശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസറുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
നാലര വയസുള്ള എല്‍കെജി വിദ്യാർഥി തന്‍വീറിനാണ് പരിക്കേറ്റത്. സഹപാഠി കണ്ണിൽ പേനകൊണ്ട് കുത്തുകയായിരുന്നു. ഗുരുതര പരിക്കേറ്റ തൻവീർ ഇപ്പോഴും ചികില്‍സയിലാണ്. തിങ്കഴാഴ്ച്ച ഉച്ചക്ക് 12 ന് കുട്ടിക്ക് പരിക്കേറ്റെങ്കിലും വൈകുന്നേരം അമ്മയെത്തിയ ശേഷമാണ് ആശുപത്രിയിലാക്കുന്നത്.
സംഭവം പുറത്തായതിനെ തുടര്‍ന്ന് സ്കൂള്‍ മാനേജറും ഹെഡ്മാസ്റ്ററും അടങ്ങുന്ന സംഘം പ്രാഥമിക അന്വേഷണം നടത്തി. കുട്ടിക്ക് പരിക്കേറ്റ വിവരം ക്ലാസ് ടീച്ചറായ ബിജി ജോര്‍ജ്ജ് മറ്റ് അധ്യാപകരെ അറിയിക്കാതെ മറച്ചുവച്ചെന്നാണ് ഇവരുടെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ബിജി ജോര്‍ജ്ജിനെ 15 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തു.