സതാംപ്ടണ്: ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്കു വീണ്ടും പരിക്ക് ഭീഷണി. സെമി ലക്ഷ്യമിടുന്ന ടീം ഇന്ത്യയുടെ ശനിയാഴ്ച അഫ്ഗാനിസ്ഥാനെതിരേയുള്ള മത്സരത്തിനു മുന്നോടിയായി നടന്ന പരിശീലനത്തിനിടെ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിന് പരിക്കേറ്റു.
നെറ്റ്സില്‍ പരിശീലനത്തിനിടെ ജസ്പ്രീത് ബുംറയുടെ യോര്‍ക്കര്‍ കാലില്‍ കൊണ്ടാണ് വിജയ് ശങ്കറിന് പരിക്കേറ്റത്. കാല്‍വിരലിന് കടുത്ത വേദന അനുഭവപ്പെട്ട വിജയ് ശങ്കര്‍ പിന്നീട് പരിശീലനം മതിയാക്കി. എന്നാല്‍ താരത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് ടീം വൃത്തങ്ങല്‍ നല്കുന്ന സൂചന. കൂടുതല്‍ വിവരങ്ങളൊന്നും ടീം മാനേജ്മെന്റ് പുറത്തുവിട്ടിട്ടില്ല.
ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിനിടെ തള്ളവിരലിന് പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന് ലോകകപ്പ് നഷ്ടമായതിനു തൊട്ടുപിന്നാലെയാണ് ഇന്ത്യയെ ആശങ്കയിലാക്കി വിജയ് ശങ്കറിനും പരിക്കേറ്റിരിക്കുന്നത്. ധവാനു പകരം പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ശങ്കറാണ് കളിച്ചത്. മത്സരത്തില്‍ താരം രണ്ടു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ബാറ്റ്സ്മാന് പരിക്കേല്ക്കണമെന്ന് ഒരിക്കലും ആഗ്രഹിക്കില്ല. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ പന്ത് വിജയുടെ കാലില്‍ കൊണ്ടു. ഇത് കളിയിലെ ഭാഗമാണ്. പക്ഷേ, വിജയ്ക്കു കുഴപ്പമൊന്നുമില്ല- ബുംറ പറഞ്ഞു.
ശിഖർ ധവാൻ പരിക്കേറ്റ് പുറത്തായപ്പോൾ പതിനഞ്ച് അംഗ ടീമിൽ ഇടം പിടിച്ച യുവതാരം ഋഷഭ് പന്ത് ചിലപ്പോൾ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെട്ടേക്കും. പാക്കിസ്ഥാനെതിരായ മത്സരത്തിനിടെ പന്ത് ഡ്രിംഗ്സുമായി മൈതാനത്ത് എത്തിയിരുന്നു. വിജയ് ശങ്കറിനു പരിശീലനത്തിനിടെ പരിക്കേറ്റതാണ് പന്തിനെ അവസാന പതിനൊന്നിൽ ഉൾപ്പെടുത്താനുള്ള സാധ്യത വർധിപ്പിച്ചത്.
ബൗളിംഗ് നിരയിൽ ഇന്ത്യക്ക് മാറ്റം അനിവാര്യമാണ്. കാരണം, പാക്കിസ്ഥാനെതിരായ മത്സരത്തിനിടെ തുടഞരന്പിനു പരിക്കേറ്റ പേസർ ഭുവനേശ്വർ കുമാറിന് രണ്ട് ആഴ്ചയിലധികം വിശ്രമം ആവശ്യമാണ്. ഭുവിക്കു പകരം മുഹമ്മദ് ഷാമി അവസാന പതിനൊന്നിൽ ഉൾപ്പെട്ടേക്കും. ഷാമിക്ക് ഇതുവരെ പ്ലേയിംഗ് ഇലവനിൽ ഇടം ലഭിച്ചിരുന്നില്ല.