പരിക്ക്, ഏതു നിമിഷവും കളിക്കാരെ വാരിപ്പുണരാൻ വെന്പിനിൽക്കുന്ന രംഗബോധമില്ലാത്ത കോമാളി… ഇന്നലെ സെർജ്യോ അഗ്യൂറോയും മാനുവൽ നൂവറുമൊക്കെയാണെങ്കിൽ ഇന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയെയും മെസ്യൂട്ട് ഓസിലിനെയുമെല്ലാം ആശ്ലേഷിച്ചു… ആ ആശ്ലേഷച്ചൂടിൽ ദിനങ്ങളും മാസങ്ങളും വേദനയോടെ കരയ്ക്കിരിക്കേണ്ടിയും വരും. ചൂടാറിയാൽ നെയ്മറിനേപ്പോലെ വീണ്ടും ഒന്നിൽനിന്നു തുടങ്ങേണ്ടിവരും.
ലോകകപ്പിലേക്കു ദിനങ്ങൾ എണ്ണിയിരിക്കുന്പോൾ പരിക്കിന്റെ പിടിയിലകപ്പെടുന്നവരുടെ നിരയ്ക്ക് നീളം വർധിക്കുന്നു… പരിക്ക് സമ്മാനിക്കുന്നതോ കളിക്കാർക്കും ആരാധകർക്കും ടീമുകൾക്കും വേദനയും നിരാശയും. ബ്രസീൽ സൂപ്പർ താരം നെയ്മർ പരിക്കിനും ശസ്ത്രക്രിയയ്ക്കുംശേഷം തിരിച്ചുവരവിനൊരുങ്ങുന്നു എന്നതാണ് ഫുട്ബോൾ ലോകത്തിനുള്ള ശുഭവാർത്ത.
ഫെബ്രുവരി 25ന് ഫ്രഞ്ച് ലീഗിനിടെയായിരുന്നു നെയ്മറിന്റെ വലത് കാൽക്കുഴയ്ക്കു പരിക്കേറ്റത്. പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ലാ ലിഗയിൽ ബാഴ്സയ്ക്കെതിരായ മത്സരത്തിനിടെ കാൽക്കുഴയ്ക്കു പരിക്കേറ്റെങ്കിലും കുഴപ്പമില്ലെന്നാണ് സൂചന. ആഴ്സണലിന്റെ ജർമൻ മധ്യനിരത്താരം മെസ്യൂട്ട് ഓസിലും ഫ്രഞ്ച് പ്രതിരോധനിരക്കാരൻ ലോറന്റ് കൊസീൽനിയും പരിക്കേറ്റവരുടെ നിരയിലേക്ക് എത്തി.
ഹാരി കെയ്ൻ
രാജ്യം: ഇംഗ്ലണ്ട്
പൊസിഷൻ: സ്ട്രൈക്കർ
രാജ്യാന്തര മത്സരങ്ങൾ: 23
ഗോളുകൾ: 12
ഹാരി കെയ്ന്റെ കാൽക്കുഴയ്ക്കേറ്റ പരിക്ക് പൂർണമായി മാറിയിട്ടില്ലെന്നാണ് ഇംഗ്ലണ്ടിൽനിന്നുള്ള റിപ്പോർട്ടുകൾ. ഒരു മാസത്തെ ഇടവേളയ്ക്കുശേഷം ക്ലബ്ബിനായി ഏപ്രിലിൽ തിരിച്ചെത്തിയെങ്കിലും നൂറു ശതമാനം ശാരീരികക്ഷമത കൈവരിച്ചിട്ടില്ല. മാർച്ചിൽ ഹോളണ്ട്, ഇറ്റലി എന്നിവയ്ക്കെതിരായ സൗഹൃദങ്ങളിൽ കെയ്ൻ ഇംഗ്ലണ്ടിനൊപ്പമില്ലായിരുന്നു.
മാനുവൽ നോയർ
രാജ്യം: ജർമനി
പൊസിഷൻ: ഗോളി
രാജ്യാന്തര മത്സരങ്ങൾ: 74
കാലിനു പരിക്കേറ്റ് ശസ്ത്രക്രിയയ്ക്കു വിധേയനായ ജർമനിയുടെ ഒന്നാം നന്പർ ഗോളിയായ നോയർ കഴിഞ്ഞ സെപ്റ്റംബർ മുതൽ വിശ്രമത്തിൽ. ഇടതു കാൽമുട്ടിൽ ഫ്ളൂയിഡ് ഇളകിയതിനാൽ കളത്തിൽ തിരിച്ചെത്താൻ ഇനിയും വൈകുമെന്നും വാർത്തയുണ്ട്. 19ന് ജർമൻ കപ്പ് ഫൈനലിൽ ബയേണ് മ്യൂണിക്കിനായി ഇറങ്ങുമെന്നാണ് ടീം വൃത്തങ്ങളിൽനിന്നുള്ള സൂചന.
സെർജ്യോ അഗ്യൂറൊ
രാജ്യം: അർജന്റീന
പൊസിഷൻ: സ്ട്രൈക്കർ
രാജ്യാന്തര മത്സരങ്ങൾ: 84
ഗോളുകൾ: 36
വലതു കാൽമുട്ടിനു പരിക്കേറ്റ് ശസ്ത്രക്രിയയ്ക്കുശേഷം മാസങ്ങളായി വിശ്രമിക്കുന്ന അഗ്യൂറോ ലോകകപ്പിൽ കളിക്കുമെന്ന് അദ്ദേഹത്തിന്റെ ക്ലബ് പരിശീലകനായ പെപ് ഗ്വാർഡിയോള അറിയിച്ചു. മേഡ് ഇൻ അർജന്റീന എന്ന പേരിൽ മാഞ്ചസ്റ്റർ സിറ്റി അഗ്യൂറോയുടെ ഡോക്യുമെന്ററി പുറത്തിറക്കിയിരുന്നു. ഏപ്രിൽ പകുതിയോടെശസ്ത്രക്രിയയ്ക്കു വിധേയനായി.
അൽവാറോ മൊറാട്ട
രാജ്യം: സ്പെയിൻ
പൊസിഷൻ: സ്ട്രൈക്കർ
രാജ്യാന്തര മത്സരങ്ങൾ: 23
ഗോളുകൾ: 13
പുറത്തിനും തുടയ്ക്കും പരിക്കേറ്റ മൊറാട്ട ലോകകപ്പിനുണ്ടാകില്ലെന്നാണ് സൂചന. ലോകകപ്പിനുള്ള ടീമിൽ തനിക്ക് ഇടംലഭിച്ചേക്കില്ലെന്ന് മൊറാട്ടതന്നെ പറഞ്ഞുകഴിഞ്ഞു. ചെൽസിയുടെ താരമായ മൊറാട്ട ഡിസംബർ മുതൽ കളത്തിനു പുറത്താണ്. മാർച്ചിൽ ജർമനിക്കും അർജന്റീനയ്ക്കും എതിരായ സൗഹൃദമത്സരങ്ങളിൽ ടീമിൽ ഇടംലഭിച്ചില്ല.
പരിക്കേറ്റ താരങ്ങൾ
അർജന്റീന: ഫെർണാണ്ടോ ഗാഗോ, ലൂക്കാസ് ബിഗ്ലിയ, സെർജിയോ അഗ്യൂറോ
ബെൽജിയം: മിച്ചി ബാറ്റ്ഷുയ്
ബ്രസീൽ: അലക്സ് സാൻഡ്രോ,
നെയ്മർ
കൊളംബിയ: ഹ്വാൻ കൗഡ്രാഡോ
ഈജിപ്ത്: മുഹമ്മദ് എൽനെനി
ഇംഗ്ലണ്ട്: അലക്സ് ഓക്സ്ലേഡ്,
ആഡം ലല്ലാന, ജോ ഗോമസ്,
ഹാരി കെയ്ൻ
ഫ്രാൻസ്: ബെഞ്ചമിൻ മെൻഡി,
ഡിജിബ്രി സിഡിബെ, കിംഗ്സ്ലി കോൾമാൻ, ലോറന്റ് കൊസീൽനി
ജർമനി: ജെറോം ബോട്ടെംഗ്, മാനുവൽ നോയർ, മാർക്കോ റൂസ്, മെസ്യൂട്ട് ഓസിൽ
ഐസ്ലൻഡ്: ജിൽഫി സിഗർഡ്സണ്
സ്പെയിൻ: അൽവാരോ മൊറാട്ട
ടുണീഷ്യ: യൂസഫ് മസാക്നി
പോർച്ചുഗൽ: റൊണാൾഡോ