ലണ്ടൻ: ലോകത്ത് ജീവിക്കാൻ ഏറ്റവും ചെലവേറിയ നഗരമായി ഇസ്രായേലിലെ ടെല്‍ അവീവ് തെരഞ്ഞെടുക്കപ്പെട്ടു.
ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് (ഇഐയു) പ്രസിദ്ധീകരിച്ച സർവേപ്രകാരമാണ് ടെൽ അവീവ് അഞ്ച് സ്ഥാനങ്ങള്‍ മറികടന്ന് ഒന്നാം സ്ഥാനത്ത് കയറിയത്.
ഫ്രാന്‍സിലെ പാരീസും സിംഗപ്പൂരും സംയുക്തമായി രണ്ടാം സ്ഥാനത്തെത്തി. സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ച്, ഹോങ്കോംഗ്, ന്യൂയോര്‍ക്ക്, ജനീവ, ഡെന്മാര്ക്ക് തലസ്ഥാനം കോപ്പന്‍ഹേഗന്‍, ലോസ് ഏഞ്ചല്‍സ്, ജപ്പാനിലെ ഒസാക്ക എന്നിവ യഥാക്രമം നാല് മുതൽ പത്ത് വരെയുള്ള സ്ഥാനങ്ങൾ നേടി.
ലോകത്തിലെ 173 നഗരങ്ങളിലെ ചരക്കുകളുടെയും സേവനങ്ങളുടെയും വില യുഎസ് ഡോളറില്‍ താരതമ്യം ചെയ്താണ് ലോകമെമ്പാടുമുള്ള ജീവിതച്ചെലവ് സൂചിക തയാറാക്കിയത്.
ഇസ്രായേല്‍ ദേശീയ കറന്‍സിയായ ഷെക്കലിന്റെ മൂല്യം ഉയര്‍ന്നതും ഗതാഗതത്തിനും പലചരക്ക് സാധനങ്ങള്‍ക്കും വിലയിലുണ്ടായ വര്‍ധനവുമാണ് ടെല്‍ അവീവ് ഒന്നാമതെത്താൻ കാരണം.
ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ നഗരമായി ഡമാസ്കസ് തെരഞ്ഞെടുക്കപ്പെട്ടു. യുഎസ് ഉപരോധം വില വര്‍ധിപ്പിക്കുകയും ക്ഷാമം ഉണ്ടാക്കുകയും ചെയ്തതിനാല്‍ ഇറാന്റെ തലസ്ഥാനം റാങ്കിംഗില്‍ 79-ല്‍ നിന്ന് 29-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു.