പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: മലയോര റോഡും തീരദേശത്തേയ്ക്കുള്ള റോഡും ദേശീയ പാതയും സന്ധിക്കുന്ന നാല് റോഡ് കളുടെ സംഗമസ്ഥാനമാണ് പാരിപ്പള്ളി ജംഗ്ഷൻ. 24 മണിക്കൂറും പാഞ്ഞു വരുന്ന വാഹനങ്ങൾ നാലുമുക്കിൽ സ്വന്തം ദിശയിലേക്ക് പോകാൻ കഴിയാതെ കുരുങ്ങി കിടക്കുന്ന കാഴ്ച സ്ഥിരം സംഭവമാണ്.
മടത്തറ റോഡിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ദേശീയ പാതയിൽ വലിയ പ്രയാസമില്ലാതെ കടക്കാം.കൊല്ലം ഭാഗത്തേക്കോ തിരുവനന്തപുരം ഭാഗത്തേയ്ക്കോ പരവൂർ ഭാഗത്തേയ്ക്കോ പോകണമെങ്കിൽ പെട്ടത് തന്നെ. ഇതേ അവസ്ഥയാണ് പരവൂർ ഭാഗത്തു നിന്നുമെത്തുന്ന വാഹനങ്ങൾക്കും .
ദേശീയപാതയിലൂടെ എത്തുന്ന വാഹനങ്ങളും ഈ വാഹനക്കുരുക്കിൽ അകപ്പെട്ട് സമയം നഷ്ടപ്പെടുത്തേണ്ടി വരുന്നു. വാഹനങ്ങൾ നിയന്ത്രിക്കാൻ ട്രാഫിക് സിഗ്നലുകളില്ലാത്ത ജംഗ്ഷനിൽ ചെറുതും വലുതുമായ നിരവധി അവ കടങ്ങളാണ് സംഭവിക്കുന്നത്. ദേശീയപാതയിലെ ഡിവൈഡറുകളും റോഡ് നിരപ്പിലായതിനാൽ അങ്ങനെയും അപകടങ്ങൾക്ക് വഴിയൊരുക്കുന്നു.
എന്നിട്ടും അധികൃതർക്ക് കണ്ട ഭാവമില്ല. മടത്തറ റോഡിലാണ് ഏറ്റവും വലിയ പ്രശ്നം. പൊതു മാർക്കറ്റും ഓട്ടോസ്റ്റാൻറും ഈ റോഡിന്റെ ഇരുവശത്താണ്. ഷോപ്പിംഗ് കോംപ്ലക്സുകളും. സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുക കൂടിയാകുമ്പോൾ റോഡ് നിറയും. കാൽനടയാത്ര പോലും അസാധ്യമാണ്.
ഇവിടെയാണ് കിഴക്കൻ മേഖലയിലേയ്ക്കുള്ള ബസുകൾ നിർത്തുന്നതും. ഇതേ അവസ്ഥയാണ് തിരുവനന്തപുരം ഭാഗത്തേക്കുള്ള റോഡിലും . ബസുകൾ എത്തുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത ബുദ്ധിമുട്ടാണ് യാത്രക്കാർ അനുഭവിക്കുന്നത്.
ഈ റോഡിന്റെ ഡിവൈഡറിൽ ഇരുചക്രവാഹനങ്ങൾ കൊണ്ട് നിറയും.റോഡിന്റെ മറുവശത്തെ ഫുട്പാത്തിൽ വഴിയോരക്കച്ചവടക്കാരും. കാൽനടയാത്രക്കാരാണ് ഏറ്റവുമധികം ഭീതിയിലാകുന്നത്. മടത്തറ റോഡിലൂടെ മുന്നോട്ട് പോയി ജവഹർ ജംഗ്ഷനിൽ നിന്നും ദേശീയ പാതയിലെ മുക്കടയിലെത്താൻ റോഡുണ്ട്.
ഈ റോഡ് വീതി കൂട്ടി വാഹനങ്ങൾ തിരിച്ചു വിട്ടാൽമടത്തറ റോഡിലെ ദുരിതങ്ങൾക്ക് ഒരു പരിധി വരെ പരിഹാരം കാണാനാവും.ഈ നിർദേശം പല തവണ ഉണ്ടായിട്ടുണ്ടെങ്കിലും ഇനിയും നടപ്പാക്കാനായിട്ടില്ല ഇനി നടപ്പാകുമെന്ന വിശ്വാസവും നാട്ടുകാർക്കില്ല.
പാരിപ്പള്ളിയിൽ ഒരു ബസ് സ്റ്റാന്റ് സ്ഥാപിച്ചാൽ പ്രധാന റോഡുകളിലെ ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ പരിഹാരമാകും. ബസ് സ്റ്റാന്റ് സ്ഥാപിക്കാൻ പാരിപ്പള്ളിയിൽ സ്ഥലവുമുണ്ട്. പഴയ കാളച്ചന്തയുടെ സ്ഥലം ഇതിന് വിനിയോഗിക്കാം.
കാളച്ചന്തയുടെ സ്ഥലം പ്രാഥമികാരോഗ്യ കേന്ദ്രത്തിനും പോലീസ് സ്റ്റേഷനും വേണ്ടി കൈമാറിയതിന്റെ ബാക്കി സ്ഥലത്ത് ബസ് സ്റ്റാന്റ് സ്ഥാപിക്കാവുന്നതാണ്. അല്ലെങ്കിൽ പോസ്റ്റാഫീസിന് വേണ്ടിയുള്ള സ്ഥലത്ത് ബസ് സ്റ്റാൻറ് നിർമ്മിക്കാനുള്ള സ്ഥലമുണ്ട്.ഇച്ഛാശക്തിയുള്ള ഭരണ-അധികാരനേതൃത്വമാണ് ഇതിനാവശ്യം.
ബസ് സ്റ്റാന്റ്് സ്ഥാപിക്കുകയും പ്രധാന ജംഗ്ഷനിൽ നാലുഭാഗത്തേയ്ക്കുമുള്ള ഗതാഗതം നിയന്ത്രിക്കാൻ ട്രാഫിക് സംവിധാനം ഏർപ്പെടുത്തുകയും വേണം. ബസ് സ്റ്റോപ്പുകൾക്ക് സമീപം ഓട്ടോറിക്ഷകൾക്കും ടാക്സികൾക്കും സൗകര്യപ്രദമായ സ്റ്റാന്റുുകൾ ഒരുക്കണം.
ഡി വൈഡറുകളിൽ കൊണ്ടുവയ്ക്കുന്ന വാഹനങ്ങൾക്കും, കടകമ്പോളങ്ങളിലെത്തുന്നവരുടെ വാഹനങ്ങൾക്കും പാർക്കിംഗ് സൗകര്യം ഒരുക്കണം. ബസ് സ്റ്റോപ്പുകളിൽ ബസ് ബേനിർബന്ധമായും സ്ഥാപിക്കണം. കുത്തഴിഞ്ഞ ഗതാഗത സംവിധാനം നേരെയാക്കാനുള്ള അടിസ്ഥാന സൗകര്യമൊരുക്കാതെ പാരിപ്പള്ളിയുടെ വികസനം ക്ഷിപ്രസാദ്ധ്യമാവുകയില്ല.