ചാത്തന്നൂർ:കല്ലുവാതുക്കൽ പഞ്ചായത്ത് വിഭജിച്ച് പാരിപ്പള്ളി പഞ്ചായത്ത് രൂപീകരിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുൻ പാർലമെന്റ് അംഗം എൻ.പീതാംബരകുറുപ്പ് ആവശ്യപ്പെട്ടു. പാരിപ്പള്ളി പഞ്ചായത്ത് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് പാരിപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാരിപ്പള്ളിയിൽ നടത്തിയ സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ യുഡിഎഫ് സർക്കാർ ഇതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചിരുന്നതാണ്.എന്നാൽ മലപ്പുറം ജില്ലയിലെ ചില പഞ്ചായത്തുകൾ വിഭജിച്ചതിനെ സംബന്ധിച്ച് ഹൈക്കോടതിയുടെ സ്റ്റേവന്നതിനാലാണ് പാരിപ്പള്ളി പഞ്ചായത്ത് യാഥാർത്ഥ്യമാകാതിരുന്നത്.
സ്റ്റേ നിലവിലുണ്ടെങ്കിൽ അത് മാറ്റാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.യുഡിഎഫ് സർക്കാർ പാരിപ്പള്ളി പഞ്ചായത്ത് രൂപീകരിച്ചപ്പോൾ എംഎൽഎയോ എൽഡിഎഫോ എതിർപ്പ് പ്രകടിപ്പിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാരിപ്പള്ളി മണ്ഡലം പ്രസിഡന്റ് സജീവ് സജിഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഡിസിസി ജന.സെക്രട്ടറി ഉണ്ണികൃഷ്ണൻ,ബ്ലോക്ക് പ്രസിഡന്റ് പരവൂർ സജീബ്,യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ.സിമ്മിലാൽ, വട്ടക്കുഴിക്കൽമുരളി,ബിജു പാരിപ്പള്ളി ,സത്താർ ,മോഹനൻപിള്ള,തോമസ്, അഭിലാഷ്കുമാർ,അന്നമ്മചാക്കോ,സുനിൽകുമാർ,അനിൽ ,പഞ്ചായത്ത് അംഗങ്ങളായ ആർ.ഡി.ലാൽ,ശാന്തിനി,സന്തോഷ്കുമാർ,വിഷ്ണു,കൃഷ്ണലേഖ, മണ്ഡലം പ്രസിഡന്റുമാരായ പ്രതീഷ്കുമാർ,നെല്ലേറ്റിൽ ബാബു,ഷൈജു എന്നിവർ പ്രസംഗിച്ചു.