പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ : ജില്ലയുടെ തെക്കൻ അതിർത്തിയായ പാരിപ്പള്ളി ഏറ്റവും പ്രധാന കേന്ദ്രമാണ്. കിഴക്കൻ മലയോരങ്ങളിൽ നിന്നുള്ള വാണിജ്യ വിഭവങ്ങൾ പ്രധാനമായും എത്തിച്ചേരുന്നത് പാരിപ്പള്ളിയിലൂടെയാണ്.
കാർഷിക മേഖല കൂടിയായിരുന്ന പാരിപ്പള്ളിയിൽ നിറം മങ്ങാത്ത ഓർമ്മകളുമായി കാളച്ചന്ത എന്നറിയപ്പെടുന്ന വളർത്തുമൃഗങ്ങളുടെ വിപണന കേന്ദ്രമുണ്ടായിരുന്നു .ജില്ലാ തി ർത്തി കടന്നെത്തുന്ന കർഷകരുടെ പ്രധാന വളർത്തുമൃഗ കൈമാറ്റ കേന്ദ്രവും വാണിജ്യ വിളകളുടെ വില്പന കേന്ദ്രവുമായിരുന്നു കാളച്ചന്ത .ഇന്ന് ഇത് ഓർമ്മകളിൽ മാത്രം.
പാരിപ്പള്ളിയുടെ നഷ്ട സ്മൃതികളിൽ, വാണിജ്യ, വ്യവസായ ഉല്പന്ന വിപണനങ്ങൾ കാളച്ചന്തയുടെ അപ്രത്യക്ഷതയോടെ ഓർമ്മകളിലായി .ഒപ്പം നഷ്ടപ്പെട്ടത് വിപണന സാദ്ധ്യതകളിലൂടെ ഉണ്ടായികൊണ്ടിരുന്ന വരുമാന നഷ്ടവും അതുവഴി ഉണ്ടായിരുന്ന പ്രതാപവും അന്യമായി.
കാലം മാറി. കഥ മാറി. പാരിപ്പള്ളിയുടെ പ്രതാപത്തിലേയ്ക്ക് പുതിയ ധാരകൾ കടന്നു വന്നു. വാണിജ്യ വ്യവസായ മേഖലകൾക്ക് പുതിയ മുഖം.ആധുനിക മുഖം.പാരമ്പര്യത്തെ അവഗണിച്ചു കൊണ്ടുള്ള ഈ പുത്തൻ മുഖം പാരിപ്പള്ളിക്ക് പുതിയ ജീവൻ നല്കി. നാട് വികസിക്കുകയാണ്.
ഒപ്പം പാരിപ്പള്ളിയും .പക്ഷേ ഈ വികസനം വ്യക്തമായ ദിശാബോധത്തോടെയാണോ. ഭാവി മുൻകൂട്ടി കണ്ടു കൊണ്ട് വൃക്തമായ പദ്ധതി തയാറാക്കാൻ ആരുണ്ട്? കല്ലുവാതുക്കൽ പഞ്ചായത്തിന്റെ ഭാഗമായ പാരിപ്പള്ളിക്ക് പ്രത്യേക ശ്രദ്ധ നല്കി വ്യക്തമായ നഗരാസൂത്രണം നടപ്പാക്കാൻ കല്ലുവാതുക്കൽ പഞ്ചായത്തിന് കഴിയുമോ? പാരിപ്പള്ളി പഞ്ചായത്ത് എന്ന നാല് പതിറ്റാണ്ട് ദൈർഘ്യമുള്ള സ്വപ്നം സാക്ഷാത്ക്കരിച്ചാൽ ഇത് സാധ്യമാകുമോ.?
ജില്ലാ തി ർത്തിയായ പാരിപ്പള്ളി പ്രദേശം വൻ യാത്രാ ഹബ്ബായി മാറാൻ തുച്ഛമായ വർഷങ്ങൾ മാത്രമേ വേണ്ടി വരു.ദേശീയപാതയുടെ വികസനം ഉടനുണ്ടാകും.നിലവിലുള്ള കെട്ടിടങ്ങളും വ്യാപാര – വാണിജ്യ സ്ഥാപനങ്ങളും പൊളിച്ചു മാറ്റേണ്ടി വരും.
ഇവ പുനസ്ഥാപിക്കണം. ചെറുകിട നാമമാത്ര കച്ചവടക്കാർക്കും തുച്ഛമായ വേതനത്തിൽ പണിയെടുക്കുന്ന ഇത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് തൊഴിലും പുനരധിവാസവും ആവശ്യമാണ്.
നാല് മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് നിന്നും കാസർകോട് എത്തുു ന്ന ഹൈസ്പീഡ് റെയിൽവേ ലൈൻ കടന്നു പോകുന്നത് പാരിപ്പള്ളിയിലൂടെയാണെന്ന് ആകാശ സർവ്വേയുടെ അലൈൻമെന്റ് വ്യക്തമാക്കുന്നു.
ഹൈസ്പീഡ് ട്രെയിനുകൾക്ക് പാരിപ്പള്ളിയിൽ സ്റ്റോപ്പ് ഇല്ലെങ്കിലും പാരിപ്പള്ളിൽ റെയിൽവേ വഴികാർഗോ കയറ്റിവിടാനുള്ള സംവിധാനവും അതിനനനുസൃതമായ റെയിൽവേ ലൈനുകളും സംവിധാനവുമുണ്ടാകും.
വിഴിഞ്ഞം തുറമുഖത്തു നിന്നും ചരക്കുകടത്താനുള്ള കോറിഡോറിനുള്ള റോഡ് അവസാനിക്കുന്നതും പാരിപ്പള്ളിയിലാണ്. കണ്ടെയ്നർ നീക്കത്തിന്റെ പ്രധാന കേന്ദ്രമായി ദേശീയപാതയോരത്തെ പാരിപ്പള്ളി മാറും. പാരിപ്പള്ളി പ്രധാന കണ്ടെയ്നർ കൈമാറ്റ ടെർ മിനലായി മാറാൻ സാധ്യതയുണ്ട്.
അഞ്ചു വർഷത്തിനകം പാരിപ്പള്ളിയുടെ വികസനം സാധ്യമായേക്കും. കണ്ടെയ്നർ കൈമാറ്റ കേന്ദ്രമായി പാരിപ്പള്ളി മാറിയാൽ തൊഴിലവസരങ്ങളും വ്യവസായ സാധ്യതകളും ഏറെയാണ്.ഇതിന് വേണ്ടി പാരിപ്പള്ളിയിലും പരിസര പ്രദേശത്തു നിന്നും നിരവധി ഹെക്ടർ സ്ഥലം ഏറ്റെടുക്കേണ്ടി വരും.
ഇതിന് വേണ്ടി സ്ഥലം ഏറ്റെടുക്കുമ്പോൾ ഭുമി യും വീടും നഷ്ടപ്പെടുന്നവരുടെ പുനരധിവാസം വലിയ പ്രശ്നമായി മാറും. കണ്ടെയ്നർ കൈമാറ്റ ടെർമിനലും ഹൈസ്പീഡ് റെയിൽവേയും വികസനത്തിന് പുതിയ നാന്ദി കുറിക്കുമെന്നതിന് സംശയമില്ല.
പക്ഷേ വീടും വ്യവസായവും ആവാസ സംവിധാനവും നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കാനും ജീവിത മാർഗ്ഗം കണ്ടെത്തി നല്കാനും ഇതുവരെ യാതൊരു സംവിധാനവുമില്ല. ഭാവിയെ മുന്നിൽ കണ്ട് നഗരവികസനം നടപ്പാക്കാൻ ഒരു ഏജൻസിയും നിലവിലില്ല .
കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് എന്ന ചെറിയ സംവിധാനത്തിന് അതിബൃഹത്തായ സംവിധാനങ്ങൾ ഒരുക്കൻ കഴിയുമോ? ശേഷിയുണ്ടാവുമോ?
പാരിപ്പള്ളി പഞ്ചായത്ത് എന്ന ആവശ്യത്തിനും സംവിധാനത്തിനും എത്രമാത്രം നഗരാസൂത്രണം നടപ്പാക്കാൻ കഴിയും. പാരിപ്പള്ളി പഞ്ചായത്താണോ വ്യക്തമായ ആസൂത്രണം നടപ്പാക്കാൻ കഴിയുന്ന പ്രത്യേക സർക്കാർ ഏജൻസിയാണോ ആവശ്യം.?