കേരളത്തിന്റെ സംസ്കാരത്തെയും ഇവിടത്തെ ആചാരാനുഷ്ഠാനങ്ങളെയും തനതു കലാരൂപങ്ങളെയുമെല്ലാം ഇഷ്ടപ്പെടുന്ന പാരീസ് ലക്ഷ്മി എന്ന മലയാളത്തിന്റെ മരുമകളായ നര്‍ത്തകി ഇപ്പോള്‍ സംസാരം കൊണ്ടും പെരുമാറ്റം കൊണ്ടുമെല്ലാം തനി മലയാളി ആയിക്കഴിഞ്ഞു. ഈ ഇഷ്ടങ്ങള്‍ തന്നെയാണ് ലക്ഷ്മിയെന്ന ഫ്രഞ്ചുകാരി പെണ്‍കുട്ടിയെ മലയാളത്തിന്റെ മരുമകളാക്കി മാറ്റിയതും. ലക്ഷ്മി ആദ്യമായി നായികാവേഷത്തിലെത്തിയ ഓലപ്പീപ്പി എന്ന ചിത്രം കഴിഞ്ഞയാഴ്ച തീയറ്ററുകളിലെത്തി. അതിന്റെ ത്രില്ലിലാണ് താരം ഇപ്പോള്‍.
ഒരു തനി മലയാളിയായി മാറിയ ലക്ഷ്മിക്ക് ഇനിയും ഒരു മോഹം ബാക്കിയാണ്. അഭിനയിച്ച സിനിമകളിലെല്ലാം വിദേശവനിതയുടെ വേഷം ചെയ്ത ലക്ഷ്മിക്ക് ഒരു മലയാളി പെണ്‍കുട്ടിയായി അഭിനയിക്കുക എന്നതാണ് ഏറ്റവും വലിയ മോഹം. അമല്‍ നീരദിന്റെ ബിഗ് ബിയിലെ ഭഒരു ഗാനരംഗത്ത് ഭരതനാട്യച്ചുവടുകള്‍ വച്ചുകൊണ്ടാണ് ലക്ഷ്മി മലയാള സിനിമാ ലോകത്തേക്ക് കടന്നുവന്നത്. പിന്നീട് ആറോളം ചിത്രങ്ങളില്‍ അഭിനയിച്ചു. ബാംഗ്ലൂര്‍ ഡെയ്‌സ്, സോള്‍ട്ട് മാംഗോ ട്രീ എന്നീ ചിത്രത്തിലൂടെ അഭിനേത്രി എന്ന നിലയിലും കൂടുതല്‍ ജനശ്രദ്ധ നേടിയ ലക്ഷ്മി കൈനിറയെ ചിത്രങ്ങളുമായി ഇപ്പോള്‍ തിരക്കിലാണ്.
ഫ്രാന്‍സിലെ പ്രോവന്‍സ് സ്വദേശികളായ ഈവിന്റെയും പത്രേസ്യയുടെയും മൂത്ത മകളായാണു ലക്ഷ്മിയുടെ ജനനം. മറിയം സോഫിയ ലക്ഷ്മി എന്നാണ് യഥാര്‍ഥ നാമം. ഈവ് നാടക കലാകാരനും കവിയുമാണ്, പത്രേസ്യ ശില്പിയും. ഭാരത സംസ്കാരത്തോടും ഇവിടത്തെ ആചാരങ്ങളോടുമുള്ള താല്പര്യം കൊണ്ടാണ് ഇവര്‍ മകള്‍ക്ക് ലക്ഷ്മി എന്നും ഇളയ മകനു നാരായണന്‍ എന്നും നാമകരണം ചെയ്തത്. ഫ്രാന്‍സിലെ ക്ലാസിക് കലകള്‍ ചെറുപ്പത്തില്‍ തന്നെ പഠിച്ച ലക്ഷ്മി തന്റെ ഏഴാം വയസിലാണ് മാതാപിതാക്കള്‍ക്കൊപ്പം ആദ്യമായി ഇന്ത്യയില്‍ വരുന്നത്.
ആ യാത്രയ്ക്കിടയില്‍ കണ്ട ഭരതനാട്യം ലക്ഷ്മിയെ ഏറെ ആകര്‍ഷിച്ചു. ഒന്‍പതാം വയസ് മുതല്‍ ഫ്രാന്‍സില്‍ ഭരതനാട്യപഠനം തുടങ്ങി. അവിടെ ഭരതനാട്യത്തിന്റെ പ്രാഥമികചുവടുകള്‍ അഭ്യസിച്ച ലക്ഷ്മി പിന്നീട് ഇന്ത്യയിലെത്തി. ഡോ. പത്മ സുബ്രഹ്മണ്യത്തിന്റെ കീഴിലും അവരുടെ പ്രമുഖ ശിഷ്യരുടെ കീഴിലും വര്‍ഷങ്ങളോളം നൃത്തം അഭ്യസിച്ചു. ചിത്രകലയിലും തല്പരയാണ് ഈ കലാകാരി. നൃത്തത്തില്‍ നിറഞ്ഞുനിന്നപ്പോള്‍ പ്രശസ്ത മൃദംഗ വാദകന്‍ തിരുവാരൂര്‍ ഭക്തവത്സലമാണ് മറിയം സോഫിയയെ പാരീസ് ലക്ഷ്മി എന്നു വിളിച്ചത്. കലാപ്രതിഭകളാല്‍ സമ്പന്നമായ പാരീസ് നഗരത്തിന്റെ പേരുകൂടെ ലക്ഷ്മിക്കൊപ്പം ഉണ്ടാവട്ടെയെന്നാണ് തിരുവാരൂര്‍ ഭക്തവത്സലം പറഞ്ഞത്.
വൈക്കം സ്വദേശി പരമേശ്വരന്റെയും ലക്ഷ്മിക്കുട്ടിയുടെയും മകനും പ്രശസ്ത കഥകളി നടനുമായ പള്ളിപ്പുറം സുനിലാണ് പാരീസ് ലക്ഷ്മിയുടെ ഭര്‍ത്താവ്. വൈക്കത്ത് കലാശക്തി ഇന്റര്‍നാഷണല്‍ സ്കൂള്‍ ഓഫ് ആര്‍ട്‌സ് എന്ന സ്ഥാപനം നടത്തുകയാണ് ലക്ഷ്മിയും ഭര്‍ത്താവും. ‘‘1998ല്‍ ഫോര്‍ട്ട് കൊച്ചിയില്‍ സുനിലിന്റെ കഥകളി കാണാന്‍ കുടുംബസമേതം ഞങ്ങള്‍ ഫ്രാന്‍സില്‍ നിന്നെത്തി. അന്ന് എനിക്ക് ഏഴു വയസ്. കഥകളിയും നൃത്തവും ഞങ്ങളെ അടുപ്പിച്ചു. ഇടയ്ക്ക് ചേട്ടനെ കാണാന്‍ വന്നു. ചേട്ടന്‍ അവിടേക്കും വന്നു. രണ്ടു കുടുംബങ്ങളും പരസ്പരം നല്ല സൗഹൃദത്തിലായി. വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇരുവീട്ടുകാരുടെയും അനുഗ്രഹത്തോടെയായിരുന്നു വിവാഹം. ലോകത്തിലെ ഏറ്റവും മികച്ച ഭാര്യാഭര്‍ത്താക്കന്‍മാര്‍ ഞങ്ങളായിരിക്കും.’’മലയാളത്തിന്റെ മരുമകളായിത്തീര്‍ന്നത് എങ്ങനെയെന്ന ചോദ്യത്തിന് പാരീസ് ലക്ഷ്മിയുടെ മറുപടി ഇതായിരുന്നു.
ഇന്ത്യന്‍ സംസ്കാരം എനിക്ക് ഇഷ്ടമാണ്, മലയാളികളെയും. ഞാന്‍ ഒരു മലയാളിയാണെന്ന് പറയാന്‍ ആഗ്രഹിക്കുന്നു. കേരളത്തിലെ പ്രശസ്ത ക്ഷേത്രങ്ങളിലെല്ലാം നൃത്തം അവതരിപ്പിച്ചു. വൈക്കം മഹാദേവ ക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം. ഞങ്ങളുടെ വിവാഹവും വൈക്കത്തപ്പനു മുന്നിലായി രുന്നു. ഭരതനാട്യവും കഥകളിയും സമന്വയിപ്പിച്ചു ഭകൃഷ്ണമയം’ നൃത്തരൂപത്തിനു തുടക്കമിട്ടു. ചേട്ടനും ഞാനും ഒത്തുചേരുന്നതാണ് കൃഷ്ണമയം. നൃത്തമില്ലാതെ എനിക്ക് ജീവിതമില്ല. ഈ തിരക്കിനിടെയാണ് അഭിനയം– ലക്ഷ്മി പറഞ്ഞു
ലക്ഷ്മിയുടെ കൂടുതല്‍ വിശേഷങ്ങളിലേക്ക്…
പുതിയ ചിത്രങ്ങള്‍
ഓലപ്പീപ്പി എന്ന സിനിമ കഴിഞ്ഞയാഴ്ച റിലീസായി. ബിജു മേനോന്റെ നായികയായാണ് ഈ സിനിമയില്‍ അഭിനയിച്ചത്. ഈ സിനിമയിലും ഒരു അമേരിക്കന്‍ വനിതയായാണ് ഞാന്‍ അഭിനയിച്ചിരിക്കുന്നത്. ശ്വേതാ മേനോന്‍ മുഖ്യവേഷത്തിലെത്തുന്ന നവല്‍ എന്ന ജുവല്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു. ഇതിലൊരു ഇറാനിയന്‍ സ്ത്രീയായാണ് എത്തുന്നത്. പിന്നെ ഇന്ദ്രജിത്ത്, പൃഥ്വിരാജ്, മുരളി ഗോപി, ജയസൂര്യ എന്നിവര്‍ മുഖ്യവേഷത്തിലെത്തുന്ന ടിയാന്‍ എന്ന ചിത്രത്തില്‍ വളരെ പ്രാധാന്യമുള്ള വേഷമാണ്. ഇതിന്റെ ചിത്രീകരണം പൂര്‍ത്തിയായി.
മലയാളിപ്പെണ്‍കുട്ടി
ഞാന്‍ സിനിമയില്‍ അഭിനയിച്ച കഥാപാത്രങ്ങളെല്ലാം ഫോറിന്‍ കാരക്ടറായിരുന്നു. ഇനി ഇത്തരത്തിലുള്ള കഥാപാത്രങ്ങള്‍ തന്നെ തുടര്‍ച്ചയായി ചെയ്യാന്‍ ആഗ്രഹമില്ല. ഇന്ത്യന്‍ പെണ്‍കുട്ടിയായി അഭിനയിക്കാന്‍ എന്നെ ആരും വിളിക്കുന്നില്ല. മലയാളിപ്പെണ്‍കുട്ടിയായിത്തന്നെ ഒരു മലയാളസിനിമയില്‍ അഭിനയിക്കണമെന്നത് എന്റെയൊരു വലിയ ആഗ്രഹമാണ്.
കേരളം
കേരളം എനിക്കേറെ പ്രിയപ്പെട്ടതാണ്. ഞാനിപ്പോള്‍ ഇവിടെത്തന്നെയാണ്. ഫ്രാന്‍സിലേക്ക് ഇപ്പോള്‍ പോകുന്നതു വളരെ ചുരുക്കമാണ്. വല്ലപ്പോഴും അങ്ങോട്ടു പോയാലും കുറച്ചുദിവസം കഴിയുമ്പോള്‍ ഇങ്ങോട്ടു തന്നെ എത്രയും പെട്ടെന്നു തിരിച്ചുപോരാന്‍ തോന്നും.
നൃത്തം
ഭരതനാട്യമാണ് കൂടുതലായും സ്‌റ്റേജുകളില്‍ ചെയ്യുന്നത്. ഭരതനാട്യം കുട്ടികളെ പഠിപ്പിക്കുന്നുമുണ്ട്. പിന്നെ ഫ്രാന്‍സില്‍ നിന്നു ബാലെയില്‍ ട്രെയിനിംഗ് നേടിയിട്ടുണ്ട്. തൃപ്പൂണിത്തുറയില്‍ ഒരു സ്കൂളില്‍ ഞാന്‍ ബാലെ പഠിപ്പിക്കുന്നുണ്ട്. ഞാനും ചേട്ടനും ഭരതനാട്യവും കഥകളിയും സമന്വയിപ്പിച്ചു ഭകൃഷ്ണമയം’ നൃത്തരൂപം ചിട്ടപ്പെടുത്തിയിട്ടുണ്ട്. കൃഷ്ണഭഗവാന്റെ ആറു കഥകളാണ് കൃഷ്ണമയത്തിലൂടെ പറയുന്നത്. ഇതില്‍ രാധയായും ഗോപികയായും പഞ്ചാലിയായുമൊക്കെ ഞാന്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഈ പ്രോഗ്രാം ഇവിടെയും വിദേശത്തും ചെയ്യുന്നുണ്ട്.
അഭിനയം
നൃത്തവും അഭിനയവും എനിക്ക് ഒരുപോലെയാണ്. ഞാനൊരു പെര്‍ഫോമിംഗ് ആര്‍ട്ടിസ്റ്റാണല്ലോ. അതുകൊണ്ടു നൃത്തവും അഭിനയവും എല്ലാം എനിക്ക് ഒരുപോലെയാണ്. രണ്ടും ഒരുപോലെ മുന്നോട്ടു കൊണ്ടു പോകും. എന്റെ ജീവിതം പെര്‍ഫോമിംഗിനു വേണ്ടിയുള്ളതാണ്. അതാണ് എന്റെ പാഷന്‍.
മലയാളം
ധാരാളം കുട്ടികളെ ഞാനിവിടെ ഭരതനാട്യവും ബാലെയുമൊക്കെ പഠിപ്പിക്കുന്നുണ്ട്. അതുകൊണ്ടാണ് എനിക്കു പെട്ടെന്നു മലയാളം പഠിക്കാനും നല്ലതുപോലെ സംസാരിക്കാനും പറ്റിയത്. പിന്നെ ചേട്ടന്റെ വീട്ടിലുള്ളവരുമായുള്ള ആശയവിനിമയവും മലയാളം പഠിക്കാന്‍ ഏറെ സഹായിച്ചു.
കുട്ടികള്‍
വിവാഹം കഴിഞ്ഞിട്ട് നാലു വര്‍ഷമായി. ഇപ്പോള്‍ കരിയറിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. കരിയറില്‍ നല്ല സമയമാണ്. നൃത്തം അവതരിപ്പിക്കുന്നതിനും സിനിമയില്‍ അഭിനയിക്കുന്നതിനും കൂടുതല്‍ അവസരങ്ങള്‍ കിട്ടുന്നുണ്ട്. ഇതിനെല്ലാം ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നു നല്ല സപ്പോര്‍ട്ടാണ് ലഭിക്കുന്നത്. ഇപ്പോള്‍ കരിയറിനു പ്രാധാന്യം കൊടുക്കുന്നതിനാല്‍ കുട്ടികളെക്കുറിച്ചു ചിന്തിച്ചുതുടങ്ങിയിട്ടില്ല.
പ്രദീപ് ഗോപി