മദാമ്മ വിളി അസഹനീയം! കുട്ടിക്കാലംതൊട്ടേ ഈ വേര്‍തിരിവ് അനുഭവിച്ചിരുന്നു; അങ്ങനെ വിളിക്കാന്‍ നിങ്ങള്‍ എന്റെ അടിമയല്ലല്ലോ; പാരിസ് ലക്ഷ്മിയ്ക്ക് മലയാളികളോട് പറയാനുള്ളത്

ഒരു വിദേശ വനിത് മലയാള കലാസാംസ്‌കാരിക രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ട് മുന്നേറുന്നത് ഒരു പക്ഷേ ആദ്യമായിരിക്കും. ആ വ്യക്തിയാണ് പാരിസ് ലക്ഷ്മി. തെക്കന്‍ ഫ്രാന്‍സിലായിരുന്നു പാരിസ് ലക്ഷ്മിയുടെ ജനനം. അഞ്ചാം വയസ്സിലാണ് ഇന്ത്യയിലെത്തിയത്. നൃത്തവുമായി ഇന്ത്യയുടെ ആത്മാവില്‍ അലിഞ്ഞു ചേര്‍ന്ന ലക്ഷ്മി പിന്നെ പതുക്കെ വെള്ളത്തിരയിലും ചുവടുവച്ചു. ബാംഗ്ലൂര്‍ ഡെയ്‌സില്‍ നിവിന്‍ പോളിയുടെ നായികയായിട്ടായിരുന്നു അരങ്ങേറ്റം.

ഇങ്ങനെയൊക്കെയാണെങ്കിലും മലയാളം നന്നായി സംസാരിക്കുകയും തീര്‍ത്തും മലയാളിയായി ജീവിക്കുകയും ചെയ്തിട്ടും മലയാളികള്‍ അവരെ പൂര്‍ണ്ണായും അംഗീകരിക്കാന്‍ തയാറായിട്ടില്ല. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പാരിസ് ലക്ഷ്മി ഇതേക്കുറിച്ച് പറയുന്നതിങ്ങനെ..’ഒരു ഇന്ത്യക്കാരിയായി ആളുകള്‍ കാണണം എന്ന ആഗ്രഹം നടക്കുമെന്ന് തോന്നുന്നില്ല. എന്നെ ഒരു വിദേശിയായിതന്നെയേ ആളുകള്‍ കാണൂ. എന്റെ സ്‌കിന്‍ ടോണ്‍ കാണുമ്പോള്‍ തന്നെ വ്യത്യാസം തിരിച്ചറിയും. വ്യത്യാസമുണ്ട്. അത് സത്യമാണ്. അഞ്ചാം വയസ്സ് മുതല്‍ ഞാന്‍ ഇന്ത്യയില്‍ വരാറുണ്ടായിരുന്നു.

പക്ഷേ, അന്നുതൊട്ട് ഇന്നുവരെ എല്ലാവര്‍ക്കും ഞാന്‍ ഒരു ഫോറിനറായിരുന്നു. കുട്ടിക്കാലം തൊട്ടേ അതെനിക്ക് അനുഭവപ്പെട്ടിരുന്നു. ഇപ്പോഴും മദാമ്മ വിളി കേള്‍ക്കുന്നുണ്ട്. അത് വളരെ ഇന്‍സള്‍ട്ടിങ്ങാണ്. യജമാനന്‍ എന്ന അര്‍ഥത്തിലാണ് സായിപ്പ്, മദാമ്മ എന്നൊക്കെ വിളിച്ചിരുന്നത്. ആ വാക്കുകള്‍ ഇപ്പോള്‍ വേണ്ട. നിങ്ങള്‍ ഒരു അടിമയാണോ അങ്ങിനെ വിളിക്കാന്‍. ഒരു കണക്കിന് വംശീയ അധിക്ഷേപം തന്നെയാണ് അത്. ഫ്രാന്‍സില്‍ ടൂറിസ്റ്റുകള്‍ വന്നാല്‍ ഫോറിനര്‍ എന്നു വിളിക്കാറില്ല. ഒരു ഇന്ത്യന്‍ മറ്റൊരു രാജ്യത്ത് പോയാല്‍ ഫോറിനര്‍ അല്ലേ. അപ്പോള്‍ ഫോറിനര്‍ എന്ന വാക്കും മാറ്റണം’. ലക്ഷ്മി പറയുന്നു.

 

Related posts