ന്യൂഡല്‍ഹി: മൂന്നു മലയാളികള്‍ ഉള്‍പ്പെട്ട ഇന്ത്യയുടെ 4×400 മീറ്റര്‍ റിലേ പുരുഷ ടീമും വനിതാ ടീമും പാരീസ് ഒളിംപിക്സ് യോഗ്യത നേടി. മലയാളികളായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മല്‍, അമോജ് ജേക്കബ് എന്നിവരെക്കൂടാതെ തമിഴ്നാടിന്റെ ആരോഗ്യരാജീവും ഉള്‍പ്പെട്ട പുരുഷ ടീം ആണ് യോഗ്യത നേടിയത്.
മൂന്ന് മിനിറ്റ് 3.23 സെക്കന്‍ഡിലാണ് പുരുഷ ടീം ഫിനിഷ് ചെയ്തത്. രണ്ട് മിനിറ്റ് 59.95 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്.
റുപല്‍ ചൗദരി, എം ആര് പൂവമ്മ, ജ്യോതിക സിരി ദണ്ടി, സുഭ വെങ്കിടേഷന് എന്നിവരടങ്ങിയ വനിത ടീം മൂന്ന് മിനിറ്റ് 29.35 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. മൂന്ന് മിനിറ്റ് 28.54 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ജമൈയ്ക്കയാണ് ഒന്നാമത്. ആദ്യ റൗണ്ടില്‍ വനിത ടീം അഞ്ചാം സ്ഥാനത്തായിരുന്നു.
വേള്‍ഡ് അത്ലറ്റിക്സ് റിലേസ് രണ്ടാം റൗണ്ട് ഹീറ്റ്സില്‍ രണ്ടാമതായി ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകള്‍ ഫിനിഷ് ചെയ്തതോടെയാണ് യോഗ്യത ഉറപ്പിച്ചത്. രണ്ടാം റൗണ്ടിലെ മൂന്ന് ഹീറ്റ്സിലും ആദ്യ രണ്ട് സ്ഥാനത്ത് എത്തുന്നവര്‍ക്കാണ് യോഗ്യത ലഭിക്കുന്നത്.
ജൂലൈ 26 മുതല്‍ ഓഗസ്റ്റ് 11 വരെയാണ് പാരീസ് ഒളിംപികസ്.