അട്ടിമറിശ്രമവും തിമിർത്തു പെയ്ത മഴയും അതിജീവിച്ച് പാരീസ് ഒളിന്പിക്സിനു വർണാഭമായ തുടക്കം. ചരിത്രത്തിൽ ആദ്യമായി ഒളിന്പിക്സിന്റെ ഉദ്ഘാടനം സ്റ്റേഡിയത്തിനു പുറത്തുവച്ച് അരങ്ങേറിയതായിരുന്നു പാരീസ് ലോകത്തിനു സമ്മാനിച്ച കൗതുകം. സെയ്ൻ നദിയിലൂടെ നൂറോളം ബോട്ടുകളിൽ പതിനായിരത്തിൽ അധികം കായികതാരങ്ങൾ ഓളപ്പരപ്പിനൊപ്പമെത്തിയത് കായിക ലോകത്തിനു പുതിയ അനുഭവം സമ്മാനിച്ചു.
ഈഫലിനു മുന്നിലായുള്ള ട്രൊക്കദേരോ ഉദ്യാനത്തിൽവച്ച് ഒളിന്പിക്സ് ദീപം തെളിഞ്ഞു. അതോടെ 33-ാം ലോക കായിക പോരാട്ടത്തിന്റെ ആവേശദിനങ്ങൾക്കു തുടക്കമായി…
ഔദ്യോഗിക ഉദ്ഘാടനത്തിനു മണിക്കൂറുകൾ മുന്പ് ഫ്രഞ്ച് ട്രെയിൻ സിസ്റ്റത്തെ (എസ്എൻസിഎഫ്) തകിടം മറിച്ച് ആക്രമണം നടന്നു. വൈദ്യുത ലൈനുകൾക്ക് തീവയ്ക്കുകയും തകർക്കുകയും ചെയ്ത് എസ്എൻസിഎഫ് പൂർണമായി സ്തംഭിപ്പിച്ചു.
എട്ടു ലക്ഷത്തോളം ആളുകളാണ് ഇതോടെ റെയിൽ സ്റ്റേഷനുകളിൽ കുടുങ്ങിയത്. പാരീസ് ഒളിന്പിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനത്തലേന്നു രാത്രിയായിരുന്നു സംഭവം. ഇതോടെ നഗരത്തിൽ സുരക്ഷ വർധിപ്പിച്ചു.
ഈഫൽ ടവർ ഉൾപ്പെടെ പാരീസിന്റെ സാംസ്കാരികപൈതൃകം പ്രതിഫലിപ്പിക്കുന്നതായിരുന്നു പരേഡ്. ലോകത്തിന് അത്യപൂർവ കാഴ്ച സമ്മാനിച്ച് പരേഡ് വർണാഭമായി. ഓസ്റ്റർലിറ്റ്സ് പാലം മുതൽ യേന പാലംവരെയായി ആറു കിലോമീറ്റർ ദൂര ത്തിൽ നൂറോളം ബോട്ടുകൾ സെയ്നിലൂടെ പരേഡ് നടത്തി.
ഉദ്ഘാടന ചടങ്ങിന്റെ കലാസംവിധാനം ഫ്രഞ്ച് തിയറ്റർ ഡയറക്ടർ തോമസ് ജോളിയാണ് നിർവഹിച്ചത്. ലേഡി ഗാഗ, സെലിൻ ഡിയോണ്, ഫ്രഞ്ച് ഗായിക അയ നാകാമുറ, ഫ്രഞ്ച് പിയാനിസ്റ്റ് സോഫിയാൻ പാമാർട്ട്, ഗായിക ജൂലിയറ്റ് അർമനെറ്റ്, നടൻ ഫിലിപ്പ് കാറ്റെറിൻ തുടങ്ങിയവരുടെ സംഗീതവിരുന്ന് ആരാധകർക്ക് ആവേശം പകർന്നു. ഫ്രാൻസിന്റെ സംഗീത -കല -ചരിത്ര പാരന്പര്യം വ്യക്തമാക്കുന്നതായിരിക്കും ഉദ്ഘാടനച്ചടങ്ങ്. കരിമരുന്നു കലാപ്രകടനങ്ങളും ചടങ്ങിനു മിഴിവു നൽകി.
പാരീസിൽനിന്ന് ആൽവിൻ ടോം കല്ലുപുര