കായിക ലോകത്തിന്റെ ഒളിന്പിക്സ് സ്വപ്നങ്ങളിലേക്കുള്ള ദീപം ഇന്ന് തെളിയും, തുടർന്ന് 101-ാം ദിനം 2024 പാരീസ് ഒളിന്പിക്സ് മിഴിതുറക്കും… കോവിഡ്-19 കാലശേഷം ആദ്യമായി കാണികൾക്ക് പ്രവേശനം നൽകുന്ന ഒളിന്പിക് ദീപശിഖ തെളിക്കലും പ്രയാണവുമാണ് ഇന്ന് നടക്കുക.
അതെ, 2024 പാരീസ് ഒളിന്പിക്സ് ദീപശിഖ ഇന്ന് പുരാതന ഒളിന്പിയയിൽ തെളിയും.ജൂലൈ 26 മുതൽ ഓഗസ്റ്റ് 11വരെയാണ് പാരീസ് ഒളിന്പിക്സ്. സമ്മർ ഒളിന്പിക്സിന് മൂന്നാം തവണയാണ് പാരീസ് വേദിയാകുന്നത്. ചരിത്രത്തിൽ ലണ്ടൻ മാത്രമേ മുന്പ് മൂന്നു തവണ ഒളിന്പിക്സിനു വേദിയൊരുക്കിയിട്ടുള്ളൂ. 1908, 1948, 2012 വർഷങ്ങളിലാണ് ലണ്ടനിൽ ഒളിന്പിക്സ് അരങ്ങേറിയത്.
100-ാം വാർഷികം
പാരീസ് ഒളിന്പിക്സിലേക്കുള്ള കൗണ്ടൗണിന്റെ 100-ാം നാൾ നാളെയാണ്. 1924 ഒളിന്പിക്സിന്റെ 100-ാം വാർഷികമായാണ് ഇത്തവണ പാരീസിൽ ലോക കായികമാമാങ്കം അരങ്ങേറുന്നത് എന്നതും മറ്റൊരു വാസ്തവം. 1900, 1924 വർഷങ്ങൾക്കുശേഷം പാരീസ് നഗരം ഒളിന്പിക്സിനു വേദിയാക്കുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത. നീണ്ട 100 വർഷത്തെ ഇടവേളവേളയ്ക്കുശേഷം ഒളിന്പിക്സ് പാരീസ് മഹാനഗരത്തിലേക്ക് തിരിച്ചെത്തുന്നു…
2024 പാരീസ് ഒളിന്പിക്സ് ദീപശിഖയുമായി ആദ്യമായി പ്രയാണം നടത്തുന്നത് ഗ്രീക്ക് റോവിംഗ് ചാന്പ്യനായ സ്റ്റെഫാനോസ് ഡോസ്കോസ് ആണ്. 2020 ടോക്കിയോ ഒളിന്പിക്സ് റോവിംഗ് ചാന്പ്യനാണ് സ്റ്റെഫാനോസ്. ഒളിന്പിയയിൽ ഫ്രാൻസിനെ പ്രതിനിധീകരിച്ച് ആദ്യമായി ദീപം കൈയിലേന്തുക മുൻ വനിതാ നീന്തൽത്താരമായ ലോർ മാനൗഡൗവാണ്. 2004 ഒളിന്പിക്സ് സ്വർണ മെഡൽ ജേതാവാണ് ലോർ.
ഒളിന്പിക് സ്വർണത്തിന് 41.72 ലക്ഷം സമ്മാനം
ഒളിന്പിക്സിന്റെ 128 വർഷത്തെ ചരിത്രം തിരുത്തിക്കുറിച്ച് ഇത്തവണ സ്വർണ മെഡൽ ജേതാക്കൾക്ക് ക്യാഷ് പ്രൈസ് പ്രഖ്യാപിച്ചിരിക്കുകയാണ് ലോക അത്ലറ്റിക്സ് ഫെഡറേഷൻ. ഒളിന്പിക്സ് മെഡൽ ജേതാക്കൾക്ക് സമ്മാനം പ്രഖ്യാപിക്കുന്ന ആദ്യ കായിക സംഘടനയാണ് ലോക അത്ലറ്റിക് ഫെഡറേഷൻ എന്നതും ശ്രദ്ധേയം. പാരീസ് ഒളിന്പിക്സിലെ അത്ലറ്റിക്സ് വേദിയിൽ നിർണയിക്കപ്പെടുന്ന 48 സ്വർണ ജേതാക്കൾക്കുമായി 2.4 മില്യണ് ഡോളർ (ഏകദേശം 20.02 കോടി രൂപ) പ്രൈസ് മണിയായി നൽകും. ഒരോ സ്വർണ ജേതാവിനും 50,000 ഡോളർ (41.72 ലക്ഷം രൂപ) വീതമാണ് സമ്മാനം. അടുത്ത ഒളിന്പിക്സിൽ സ്വർണം, വെള്ളി, വെങ്കലം എന്നിങ്ങനെ മൂന്ന് മെഡൽ ജേതാക്കൾക്കും സമ്മാനത്തുക ഏർപ്പെടുത്തുമെന്നും വേൾഡ് അത്ലറ്റിക്സ് അറിയിച്ചിട്ടുണ്ട്.
സീൻ നദീതീരത്ത്
പാരീസ് നഗരത്തിന്റെ ഹൃദയത്തിലൂടെ ഒഴുകുന്ന സീൻ നദീതീരത്താണ് 2024 പാരീസ് ഒളിന്പിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനം. ചരിത്രത്തിൽ ആദ്യമായാണ് ഒളിന്പിക്സ് പ്രധാന സ്റ്റേഡിയത്തിൽ അല്ലാതെ ഒരു എഡിഷന്റെ ഔദ്യോഗിക ഉദ്ഘാടനം നടത്തപ്പെടുക എന്നതാണ് ഇതിന്റെ പ്രത്യേകത.
കപ്പൽ മാർഗമാണ് ഒളിന്പിക് ദീപശിഖ ഫ്രാൻസിൽ എത്തുക. മേയ് എട്ടിന് മാഴ്സെയിൽ ദീപശിഖ എത്തും. 1.5 ലക്ഷം ആളുകൾ അന്ന് ചടങ്ങിൽ സംബന്ധിക്കുമെന്നാണ് പ്രാഥമിക വിവരം.
ലിംഗസമത്വം
ഒളിന്പിക്സ് ചരിത്രത്തിൽ ആദ്യമായി പുരുഷ-വനിതാ അത്ലറ്റുകളുടെ എണ്ണം തുല്യമായിരിക്കും എന്നതാണ് 2024 പാരീസ് എഡിഷന്റെ ഏറ്റവും വലിയ പ്രത്യേകത. ലിംഗസമത്വത്തിന് പാരീസ് വേദിയാകുന്നു എന്നത് മറ്റൊരു ചരിത്രനിമിഷമാണ്. കാരണം, ആധുനിക ഒളിന്പിക്സിൽ ആദ്യമായി വനിതകൾ മത്സരരംഗത്ത് ഉണ്ടായിരുന്നതും 1900ൽ പാരീസിൽവച്ചായിരുന്നു. അന്ന് 22 വനിതകളാണ് ഒളിന്പിക്സിൽ പങ്കെടുത്തത്. ബ്രിട്ടന്റെ ഷാർലറ്റ് കൂപ്പർ ആയിരുന്നു ആദ്യമായി വനിതാ വ്യക്തിഗത ഒളിന്പിക് സ്വർണം സ്വന്തമാക്കിയത്.
ഈഫൽ ടവറിന്റെ കഷണം
പാരീസ് ഒളിന്പിക്സിൽ മെഡൽ ജേതാക്കൾക്ക് ചരിത്ര നിർമ്മിതിയായ ഈഫൽ ടവറിന്റെ ഒരു കഷ്ണം വീട്ടിൽ കൊണ്ടുപോകാം! മെഡലിൽ ഈഫൽ ടവറിന് ഉപയോഗിച്ച ഇരുന്പിന്റെ ചെറിയ കഷ്ണം ചേർത്തിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിൽ ഈഫൽ ഗോപുരത്തിന്റെ ലിഫ്റ്റുകൾ നവീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു.
അങ്ങനെ ചിലഭാഗങ്ങൾ അയണ് ലേഡി എന്നറിയപ്പെടുന്ന ഈഫലിൽനിന്ന് നീക്കം ചെയ്ത് സംരക്ഷിച്ചിരുന്നു. 2024 ഒളിന്പിക്സിൽ ഈ കഷ്ണങ്ങൾ മെഡലുകളാക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അയയ്ക്കാൻ ഈഫൽ ടവർ ഓപ്പറേറ്റിംഗ് കന്പനി തീരുമാനിച്ചു. ഈഫൽ ടവറിൽനിന്നെടുത്ത് ശുദ്ധീകരിച്ച ഈ ഇരുന്പ് ഷഡ്ഭുജ ആകൃതിയിൽ മെഡലിന്റെ നടുക്ക് സ്ഥാപിച്ചിരിക്കുകയാണ്.
19-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ തന്റെ മകളുടെ വിവാഹം ആഘോഷിക്കാൻ ഷുമെയിൽനിന്ന് ഒരു മുത്ത്നെക്ലേസ് ഓർഡർ ചെയ്ത എഞ്ചിനിയർ ഈഫലിനുള്ള അംഗീകാരമായാണ് ഒളിന്പിക് മെഡൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്.