പാരീസ്: പാരീസ് ഒളിന്പിക്സിന്റെ ഉദ്ഘാടന ചടങ്ങുകൾക്കു മുന്‍പേ ഇന്ത്യക്കു നേട്ടം. ഇന്നലെ നടന്ന പുരുഷ-വനിതാ റാങ്കിംഗ് യോഗ്യതാ റൗണ്ടിൽ ഇന്ത്യ ക്വാർട്ടറിലെത്തി. നാലാം സ്ഥാനക്കാരായാണ് വനിതകൾ (1986 പോയിന്റ്) ക്വാർട്ടറിലെത്തിയത്. 2013 പോയിന്റുമായി മൂന്നാം സ്ഥാനക്കാരായി ഇന്ത്യൻ പുരുഷ ടീം ക്വാർട്ടറിലെത്തി.
നാലാം ഒളിന്പിക്സിൽ പങ്കെടുക്കുന്ന ദീപിക കുമാരി, ഭജൻ കൗർ, അങ്കിത ഭക്ത് എന്നിവരാണ് വ്യക്തിഗത ഇനത്തിൽ യോഗ്യതാ റൗണ്ടിൽ മത്സരിച്ചത്. ഈ പ്രകടനമികവിൽ ഇവരുടെ ടീം റാങ്കിംഗും മെച്ചപ്പെട്ടു. അങ്കിത (666 പോയിന്റ്) 11-ാം സ്ഥാനത്തും ദീപിക (658 പോയിന്റ്) 23-ാമതും ഭജൻ കൗർ (659 പോയിന്റ്) 22-ാം സ്ഥാനത്തുമെത്തി.
വനിതകളിൽ കൊറിയയുടെ ലിം സിഹിയോൻ വ്യക്തിഗതയിൽ 12 റൗണ്ട് പൂർത്തിയാക്കിയപ്പോൾ 694 പോയിന്റുമായി ലോക റിക്കാർഡും സ്ഥാപിച്ചു.
പുരുഷന്മാരുടെ ടീമിൽ 681 പോയിന്റുമായി നാലാം സ്ഥാ നം നേടിയ ധീരജ് ബൊമ്മദേവര തിളങ്ങി, തരുണ്‍ദീപ് റായ് 674 പോയിന്റുമായി 14-ാം സ്ഥാനത്തും പ്രവീണ്‍ ജാദവ് 658 പോയിന്റുമായി 39-ാമതുമെത്തി. മിക്സഡ് ടീം ഇനത്തിൽ ഇന്ത്യ അഞ്ചാം സ്ഥാനക്കാരായി പ്രീക്വാർട്ടറിൽ പ്രവേശിച്ചു.