പത്തൊന്പതു ദിനരാത്രങ്ങളുടെ ലോക കായിക മാമാങ്കത്തിനു കൊടിയിറങ്ങി, നാലു വർഷത്തിനുശേഷം അമേരിക്കയിലെ ലോസ് ആഞ്ചലസിൽ കാണാമെന്ന ആശംസയുമായി.
അതെ, 2024 പാരീസ് ഒളിന്പിക്സിനു വർണാഭമായ സമാപനം. ജൂലൈ 24ന് ആരംഭിച്ച് ഇന്ത്യൻ സമയം ഇന്നലെ രാത്രി 11.30നു നടന്ന സമാപന സമ്മേളനത്തോടെയാണ് 33-ാം ഒളിന്പിക്സിനു തിരശീല വീണത്.
പാരീസിനു പുറമേ 16 ഫ്രഞ്ച് നഗരങ്ങളും ഒളിന്പിക്സിനു വേദിയായി. 32 കായിക ഇനങ്ങളിലായി 329 മത്സരങ്ങളാണ് നടന്നത്.
റെഫ്യൂജി ഒളിന്പിക് ടീമടക്കം 206 വ്യത്യസ്ത പതാകയ്ക്കു കീഴിലുള്ളവർ പാരീസ് ഒളിന്പിക്സിനെത്തി. 10,714 താരങ്ങളാണ് ഫ്രഞ്ചു മണ്ണിൽ ഒളിന്പിക് മെഡലിനായി പോരാടിയത്.
ഒരു വെള്ളിയും അഞ്ചു വെങ്കലവുമായി ആറു മെഡലാണ് ഇന്ത്യയുടെ സന്പാദ്യം. 40 സ്വർണം, 44 വെള്ളി, 42 വെങ്കലം എന്നിങ്ങനെ 126 മെഡലുമായി അമേരിക്ക ഓവറോൾ ചാന്പ്യൻപട്ടം നിലനിർത്തി. 40 സ്വർണം, 27 വെള്ളി, 24 വെങ്കലം എന്നിങ്ങനെ 91 മെഡലുമായി ചൈന രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്തു.
പാരീസിൽനിന്ന് ആൽവിൻ ടോം കല്ലുപുര