2024 ഒളിന്പിക്സിന്റെ ഔദ്യോഗിക ഭാഗ്യ ചിഹ്നമാണ് ഫ്രീജിയൻ തൊപ്പി. ഫ്രഞ്ച് വിപ്ലവത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രതീകമായ തൊപ്പിയുടെ പേരാണ് ഫ്രീജ്. രണ്ട് ഫ്രീജുകളാണ് പാരീസ് ഒളിന്പിക്സിനുള്ളത്.
അവയിൽ ഒരെണ്ണം സമ്മർ ഒളിന്പിക്സിനെയും മറ്റൊന്ന് പാരാലിന്പിക്സിനെയും പ്രതിനിധീകരിക്കുന്നു. പാരാലിന്പിക് ഗെയിംസിനെ പ്രതിനിധീകരിക്കുന്ന ഫ്രീജിന് കൃത്രിമ കാലാണ്. ‘ഞങ്ങൾ ഒറ്റയ്ക്ക് വേഗത്തിൽ പോകുന്നു, പക്ഷേ ഒരുമിച്ച് ഞങ്ങൾ മുന്നോട്ട് പോകുന്നു’ എന്നതാണ് 2024 ഒളിന്പിക്സ് ഭാഗ്യചിഹ്നത്തിന്റെ മോട്ടോ.
ഒളിന്പിക്സ്, പാരാലിന്പിക്സ് ആതിഥേയരാജ്യത്തെ ജീവജാലങ്ങളുമായോ ആപ്രദേശത്തെ സാംസ്കാരിക പൈതൃകത്തെ പ്രതിനിധീകരിക്കുന്ന ആളുകളുമായോ സാദൃശ്യമുള്ള സാങ്കൽപിക കഥാപാത്രങ്ങളാണ് സാധാരണയായി ഭാഗ്യചിഹ്നങ്ങൾ.
ഒളിന്പിക്സിൽ മസ്കോട്ടുകൾ ഉപയോഗിച്ചു തുടങ്ങിയത് 1968ൽ ഫ്രാൻസിലെ ഗ്രെനോബിളിൽ നടന്ന വിന്റർ ഒളിന്പിക്സിലായിരുന്നു. ഫ്രീജിസ് മസ്കോട്ടുകൾ ഫ്രഞ്ച് വിപ്ലവത്തിന്റെ മൂല്യങ്ങളായ സ്വാതന്ത്ര്യം, സമത്വം, സഹോദര്യം എന്നിവയുടെ പ്രചാരകരായാണ് നിലകൊള്ളുന്നത്. ഫ്രീജിയൻ തൊപ്പി ഫ്രഞ്ച് വിപ്ലവത്തിന്റെ ഐക്യചിഹ്നമായ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും പ്രതീകമാണ്.
ലോകത്തിലെ ഏറ്റവും സുന്ദരമായ അവന്യൂ എന്നറിയപ്പെടുന്ന പാരീസിലെ ഷോംസ് എലിസെയിൽ ഒളിന്പിക്സിന്റെ ഒൗദ്യോഗിക മെഗാസ്റ്റാൾ തുറന്നു. ഒളിന്പിക്സുമായി ബന്ധപ്പെട്ട സുവനീറുകൾ, ടി-ഷർട്ടുകൾ, ജേഴ്സികൾ, ഫ്രീജുകൾ എന്നിങ്ങനെ എല്ലാം ലഭിക്കും. ഫ്രാൻസിൽ ഫ്രീജുകൾ സൂപ്പർ താരങ്ങളായി മാറിയിരിക്കുകയാണ്. പാവകൾ, കീചെയ്നുകൾ, തൊപ്പികൾ എന്നിങ്ങനെ എന്തിലും ഏതിലും ഫ്രീജുകളുണ്ട്.
ഫ്രീജിയന്റെ കഥ
ഫ്രഞ്ച് ചരിത്രത്തിൽ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായിരുന്നു ഫ്രീജിയൻ തൊപ്പികൾ. കലയുടെ ലോകത്ത് സ്വാതന്ത്ര്യത്തിന്റെ പ്രതിരൂപമായും, ഫ്രഞ്ച് സ്ഥാപനങ്ങളിൽ റിപ്പബ്ലിക്കിന്റെ പ്രതീകമായുമെല്ലാം ഈ തൊപ്പികൾ ഉപയോഗിക്കുന്നു.
ഫ്രിജിയൻ തൊപ്പികൾ ടൗണ് ഹാളിലെ ശിൽപ്പങ്ങളിലും നാണയങ്ങൾ, സ്റ്റാന്പുകൾ എന്നിങ്ങനെ നിത്യോപയോഗവസ്തുക്കളിൽ പോലും കാണാം.
റോമൻ കാലഘട്ടത്തിൽ സ്വതന്ത്രരായ അടിമകൾ ധരിക്കുകയും വടക്കേ അമേരിക്കയിലും തെക്കേ അമേരിക്കയിലും വ്യത്യസ്ത ചിഹ്നങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്ത സ്വാതന്ത്ര്യത്തിന്റെ ഒരു അന്താരാഷ്ട്ര ചിഹ്നം കൂടിയാണിത്. ലിബർട്ടി ക്യാപ് എന്നും ഫ്രീജിയൻ തൊപ്പി അറിയപ്പെടുന്നു.
പാരീസിൽനിന്ന് ആൽവിൻ ടോം കല്ലുപുര