ചരിത്രം കുറിച്ച് രമിത
പാരീസ്: ഇന്ത്യയുടെ രമിത ജിൻഡാൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ ഫൈനലിൽ പ്രവേശിച്ച് ചരിത്രം കുറിച്ചു. 20 വർഷത്തിനുശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ വനിത റൈഫിളിൽ ഫൈനലിൽ പ്രവേശിക്കുന്നത്. ഇതിനു മുന്പ് രമിതയുടെ കോച്ച് സുമ ശ്രിരൂരാണ് (2004 ഏഥൻസ് ഒളിന്പിക്സ്) വനിതകളുടെ റൈഫിൾ വിഭാഗത്തിൽ ഫൈനലിലെത്തിയത്.യോഗ്യതാ റൗണ്ടിൽ 631.5 പോയിന്റുമായി രമിത അഞ്ചാം സ്ഥാനത്തെത്തി. എന്നാൽ ഇളവേനിൽ വാളറിവന് 10-ാം സ്ഥാനത്തെത്താനേ സാധിച്ചുള്ളൂ. ആദ്യ എട്ടുപേരാണ് ഫൈനലിൽ പ്രവേശിക്കുന്നത്.
ടേബിൾ ടെന്നീസ്:ശ്രീജ, ബത്ര മുന്നോട്ട്,ശരത് പുറത്ത്
പാരീസ് ഒളിന്പിക്സ് ടേബിൾ ടെന്നീസിൽ ഇന്ത്യക്ക് ആശ്വാസവും നിരാശയും. വനിതകളുടെ സിംഗിൾസിൽ ശ്രീജ അകുലയും മണിക ബത്രയും മൂന്നാം റൗണ്ടിൽ. രണ്ടാം റൗണ്ടിൽ ശ്രീജ 4-0ന് സ്വീഡന്റെ ക്രിസ്റ്റീന കാൽബർഗിനെ തോൽപ്പിച്ചു. 11-4, 11-9, 11-7, 11-8നാണ് ശ്രീജയുടെ ജയം. ബത്ര 4-1ന് ബ്രിട്ടന്റെ അന്ന ഹർസെയെ തോൽപ്പിച്ചു. 11-8, 12-10, 11-9, 9-11, 11-5നാണ് ബത്രയുടെ ജയം.പുരുഷന്മാരുടെ സിംഗിൾസിൽ ഇന്ത്യയുട പ്രതീക്ഷകളായിരുന്ന ശരത് കമൽ രണ്ടാം റൗണ്ടിൽ തോറ്റു. കമൽ 4-2ന് സ്ലൊവേനിയയുടെ ഡെനി കോസുലിനോടാണ് പരാജയപ്പെട്ടത്.
അർജുൻ ബബുതഫൈനലിൽ
പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിളിൽ അർജുൻ ബബുത ഫൈനലിൽ. 60 ഷോട്ടുകളുള്ള യോഗ്യതാ റൗണ്ടിൽ 630.1 പോയിന്റുമായി ഏഴാം സ്ഥാനത്തെത്തിയാണ് ബബുത ഫൈനലിൽ പ്രവേശിച്ചത്. ഈ ഇനത്തിൽ മത്സരിച്ച സന്ദീപ് സിംഗിന് 12-ാം സ്ഥാനത്തെത്താനേ സാധിച്ചുള്ളൂ.
പ്രണോയ്, സിന്ധു ജയിച്ചു
പാരീസ്: പാരീസ് ഒളിന്പിക്സ് ബാഡ്മിന്റൺ ഗ്രൂപ്പ് മത്സരങ്ങളിൽ വനിതാ സിംഗിൾസിൽ പി.വി. സിന്ധുവിനും പുരുഷ സിംഗിൾസിൽ എച്ച്.എസ്. പ്രണോയിക്കു ജയം. ഗ്രൂപ്പ് എമ്മിലെ ആദ്യ മത്സരത്തിൽ സിന്ധു 21-9, 21-6ന് മാലദീപിന്റെ ഫാത്തിമത്ത് നബാഹയെ തോൽപ്പിച്ചു.
ഗ്രൂപ്പ് കെയിലെ ആദ്യ മത്സരത്തിൽ പ്രണോയ് ജർമനിയുടെ ഫാബിയൻ റോത്തിനെ 21-18, 21-12 ന് തോൽപ്പിച്ചു.
ബൽരാജ് പൻവാർ ക്വാർട്ടറിൽ
പുരുഷന്മാരുടെ സിംഗിൾസ് സ്കൾസ് തുഴച്ചിലിൽ ഇന്ത്യയുടെ ബൽരാജ് പൻവാർ ക്വാർട്ടർ ഫൈനലിൽ. ആദ്യം ഹീറ്റ്സിലൂടെ ക്വാർട്ടർ യോഗ്യത നേടാതെ പോയ ഇന്ത്യൻ താരം റെപഷാജിൽ 7:12.41 സമയം കുറിച്ചാണ് അവസാന എട്ടിലെത്തിയത്. റെപഷാജ് ഹീറ്റ്സിൽ ഏറ്റവും മികച്ച സമയം കുറിക്കുന്ന രണ്ടു പേരാണ് ക്വാർട്ടറിലെത്തുക. മോണക്കോയുടെ ക്വന്റിൻ അന്റോഗ്നെല്ലി (7:10.00) ഈ വിഭാഗത്തിൽ ഏറ്റവും മികച്ച സമയം കുറിച്ചു.
നിഖാത് സറീൻ, പ്രീതി പവാർ പ്രീക്വാർട്ടറിൽ
പാരീസ്: ഒളിന്പിക്സ് വനിതകളുടെ ബോക്സിംഗിൽ ഇന്ത്യക്കു രണ്ടു പ്രീക്വാർട്ടർ. നിഖാത് സറീനും പ്രീതി പവാറുമാണ് പ്രീക്വാർട്ടറിൽ പ്രവേശിച്ചത്. 50 കിലോ ഗ്രാം വിഭാഗം ആദ്യ റൗണ്ടിൽ സറീൻ 5-0ന് ജർമനിയുടെ മാക്സി കോൾട്സറെ തോൽപ്പിച്ചു. ഏഷ്യൻ ഗെയിംസ് ജേതാവും ലോക ചാന്പ്യനുമായ ചൈനയുടെ വു യുവിനെ നേരിടും. ബൈയിലൂടെയാണ് ചൈനീസ് താരം പ്രീക്വാർട്ടറിലെത്തിയത്.
54 കിലോഗ്രാം വിഭാഗത്തിലാണ് പ്രീതി പവാർ പ്രീക്വാർട്ടറിലെത്തിയത്. ഇരുപതുകാരിയായ പ്രീതി 5-0ന് വിയറ്റ്നാമിന്റെ വു തി കിംഗ് അനെ തോൽപ്പിച്ചു. പ്രീതിയുടെ ആദ്യ ഒളിന്പിക്സാണ്. പ്രീക്വാർട്ടറിൽ കൊളംബിയയുടെ മാഴ്സെലെ യെനി എരിസാണ് എതിരാളി.