കോട്ടയം: പാരീസിലെ ഈഫല്‍ ഗോപുരത്തിനരികിലെ ഒളിമ്പിക്സ് കുതിപ്പില്‍ പാലാ രാമപുരത്തിനും പ്രാതിനിധ്യം. സുവര്‍ണ പ്രതീക്ഷയുമായി റിലേയില്‍ ഇന്ത്യക്കായി കുതിക്കുന്ന നാലംഗ ടീമിലെ അമോജ് ജേക്കബ് രാമപുരം സ്വദേശിയാണ്.ഡല്‍ഹി രോഹിണിയില്‍ സ്ഥിരതാമസമാക്കിയ രാമപുരം പാലക്കുഴ പി.എ. ജേക്കബ്- ഗ്രേസി ദമ്പതികളുടെ മകനാണ് ഇന്ത്യയുടെ ഈ സുവര്‍ണതാരം.
4×400 റിലേയില്‍ അമോജ് ഉള്‍പ്പെടുന്ന ടീം മെഡല്‍ നേടുമെന്ന പ്രതീക്ഷയില്‍ പ്രാര്‍ഥനയിലാണ് രാമപുരംകാരും വെള്ളിലാപ്പള്ളിയിലെ പാലക്കുഴയില്‍ കുടുംബാംഗങ്ങളും.1998 മേയ് രണ്ടിന് ജനിച്ച അമോജ് ജേക്കബ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ് മാനേജരാണ്. ഇതിനിടെയാണ് കായികരംഗത്ത് മികച്ച കുതിപ്പു നടത്തിവരുന്നത്. പഞ്ചാബിലെ പട്യാലയിലാണ് പതിവായി പരിശീലനം നടത്തുന്നത്. എന്നാല്‍ അവിടെ ചൂട് കനക്കുമ്പോള്‍ തിരുവനന്തപുരത്ത് എത്തിയാണ് പരിശീലനം.
ഏറെക്കാലമായി ഡല്‍ഹിയിലെ രോഹിണിയിലാണ് കുടുംബം. അവിടെ സെന്റ് സേവ്യേഴ്സ് സ്കൂളില്‍ പഠിക്കുമ്പോഴാണ് അമോജിലെ കായികപ്രതിഭ കായികാധ്യാപകന്റെ ശ്രദ്ധയില്‍പ്പെട്ടത്. അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ നടത്തിയ കഠിനപരിശീലനമാണ് അമോജിനെ ദേശീയതാരമാക്കിയത്. ഡല്‍ഹി ഖല്‍സ കോളജില്‍നിന്നാണ് താരം ബികോം പൂര്‍ത്തിയാക്കിയത്.
2017 മുതല്‍ ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയ പല മത്സരങ്ങളിലും റിലേയില്‍ പങ്കെടുത്തിട്ടുണ്ട്. 2017-ലെ ഏഷ്യന്‍ അത്ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ ടീമിലും അംഗമായിരുന്നു.അമോജിന്റെ പിതാവ് പി.എ. ജേക്കബ് ഡല്‍ഹിയില്‍ പ്രിന്റര്‍ ഓപ്പറേറ്ററായി വിരമിച്ചു. മാതാവ് ഗ്രേസി ജേക്കബ് നഴ്സാണ്. സഹോദരി: അന്‍സു.
കുടുംബം വര്‍ഷത്തിലൊരിക്കല്‍ രാമപുരത്തെ തറവാട്ടില്‍ എത്താറുണ്ട്. കുറെക്കാലമായി മുഴുവന്‍ സമയവും പരിശീലനത്തിന്റെ തിരക്കിലാണ്.2016ല്‍ വിയറ്റ്നാമില്‍ നടന്ന ഏഷ്യന്‍ ജൂണിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ 800 മീറ്റര്‍ വിഭാഗത്തിലും 2017ല്‍ ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ അത്ലറ്റിക്സ് ചാന്പ്യന്‍ഷിപ്പിലും 2017-ല്‍ വിജയവാഡയില്‍ നടന്ന കോറോമാണ്ടല്‍ ദേശീയ ജൂണിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും 2019 ല്‍ തുര്‍ക്കിയിലെ എര്സുറത്തില് നടന്ന അന്താരാഷ്ട്ര ബാല്‍ക്കന്‍ റിലേ കപ്പിലും അമോജ് പങ്കെടുത്തു.
2021 ഫെഡറേഷന് കപ്പ് സീനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ 400 മീറ്റര്‍ ഇനത്തില്‍ സ്വര്‍ണ മെഡലും നേടിയിട്ടുണ്ട്. ഒളിമ്പിക്സിനു മുന്നോടിയായി അമോജ് പോളണ്ടില്‍ പരിശീലനത്തിലാണ്. അവിടെനിന്നു പാരീസിലെത്തും.
ജെവിന്‍ കോട്ടൂര്‍