പാരീസിന്റെ ജീവനാഡിയാണ് സെയ്ൻ നദി. നിരവധി ചരിത്ര സംഭവങ്ങൾക്കു മൂകസാക്ഷിയായ സെയ്ൻ പാരീസിനെ പുണർന്ന് ഒഴുക്കുതുടരുന്നു… 2024 പാരീസ് ഒളിന്പിക്സിന്റെ പ്രത്യേക ആകർഷണമാണ് സെയ്ൻ നദിയിൽ നടത്തുന്ന മത്സരങ്ങൾ. മാത്രമല്ല, ഒളിന്പിക്സിന്റെ ഉദ്ഘാടന പരിപാടികൾ സെയ്ൻ നദിയിൽവച്ചാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. സെയ്ൻ ശാന്തമായി ഒഴുകുകയാണെങ്കിൽ മാത്രമേ ഒളിന്പിക്സ് ഓപ്പണിംഗ് സെറിമണി നടക്കൂ. മറിച്ച് നദിയിൽ ശക്തമായ ഒഴുക്കാണെങ്കിൽ ഉദ്ഘാടനമാമാങ്കം ഇവിടെനിന്ന് മാറ്റും.
മുടക്കിയത് കോടികൾ
ഒളിന്പിക്സ് നീന്തൽ മത്സരങ്ങൾക്കും ഉദ്ഘാടന ചടങ്ങുകൾക്കുമായി സെയിൻ നദിയെ പുനരുജ്ജീവിപ്പിക്കാനായി 1.4 ബില്യണ്‍ യൂറോയാണ് (12,769 കോടി രൂപ) ചെലവഴിച്ചത്. ഒളിന്പിക്സിനപ്പുറം പാരീസ് നഗരത്തിന്റെ ഭാവി മുൻനിർത്തിക്കൂടിയായിരുന്നു സെയ്ൻ നദിയെ പുനരുജ്ജീവിപ്പിച്ചത്. വെള്ളത്തിന്റെ ശുദ്ധി ഉൾപ്പെടെയുള്ള കാര്യങ്ങളിലും പ്രത്യേക ശ്രദ്ധപതിപ്പിച്ചായിരുന്നു പുനരുജ്ജീവിപ്പിക്കൽ. ഇതുകൊണ്ടുതന്നെ 1923നുശേഷം സെയ്ൻ നദിയിൽ നീന്തൽ നിയമവിധേയമാക്കുവാൻ പാരീസ് അധികാരികൾ തയാറെടുക്കുകയാണെന്നതും ശ്രദ്ധേയം.
ഒളിന്പിക്സിലെ ട്രയാത്തലണ്‍, മാരത്തണ്‍ നീന്തൽ പോരാട്ടങ്ങളാണ് സെയ്ൻ നദിയിൽ നടക്കുക. ഓരോ മത്സരത്തിനും മുൻപായി നദീജലത്തിന്റെ ശുദ്ധി പരിശോധിച്ച് ഉറപ്പുവരുത്തും.
മേയർ നീന്തും
സെയ്ൻ നദിയിൽ നടക്കാനിരിക്കുന്ന ഒളിന്പിക് മത്സരങ്ങളുടെ പ്രായോഗികത തെളിയിക്കാനായി പാരീസ് മേയർ ആൻ ഹിഡാല്‍ഗോ നീന്താൻ ഇറങ്ങുന്നു എന്നതും ശ്രദ്ധേയം. ഒളിന്പിക്സ് നീന്തൽ മത്സരങ്ങൾക്ക് സെയ്ൻ നദി തയാറാണെന്നു തെളിയിക്കാനാണ് പാരീസ് മേയർ ആൻ ഹിഡാല്‍ഗോയുടെ ഈ നീക്കം. മേയർ ആൻ ഹിഡാല്‍ഗോ സെയ്ൻ നദിയിൽ നീന്തുമെന്ന് നേരത്തേ പ്രഖ്യാപിച്ചതാണ്. എന്നാൽ, ശക്തമായ വേനൽമഴയും അപ്രതീക്ഷത നാഷണൽ അസംബ്ലി തെരഞ്ഞെടുപ്പും മൂലം അതു മാറ്റിവച്ചു.
കഴിഞ്ഞ ആഴ്ച നടത്തിയ പരിശോധനയിൽ നദിയിലെ ജലം നീന്തൽ യോഗ്യമാണെന്ന് വ്യക്തമായി. അതുകൊണ്ടുതന്നെ മേയർ ആൻ ഹിഡാല്‍ഗോ വരുംദിനങ്ങളിൽ സെയ്ൻ നദിയിൽ നീന്തിയേക്കുമെന്നാണ് വിവരം. പാരീസിന്റെ ആദ്യ വനിതാ മേയറാണ് ഹിഡാല്‍ഗോ. ഇന്നലെ ഫ്രഞ്ച് ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ഒളിന്പിക് ദീപം പാരീസിൽ എത്തിയിരുന്നു.
പാരീസിൽനിന്ന് ആൽവിൻ ടോം കല്ലുപുര