പാരീസ്: പാക്കിസ്ഥാൻ താരത്തിന്റെ അസാമാന്യ പ്രകടനം കണ്ട പാരീസ് ഒളിമ്പിക്സ് പുരുഷ ജാവലിന്‍ ത്രോയില്‍ നിലവിലെ ചാമ്പ്യനായ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് വെള്ളി. പാക്കിസ്ഥാന്റെ അര്‍ഷാദ് നദീം 92.97 മീറ്റര്‍ എറിഞ്ഞ് ഒളിമ്പിക് റിക്കാർഡോടെ സ്വര്‍ണം സ്വന്തമാക്കി.
2008ല്‍ ബെയ്ജിംഗില്‍ നോര്‍വെയുടെ ആന്ദ്രെസ് തോര്കില്ഡ്സന് കുറിച്ച 90.57 മീറ്ററിന്റെ റിക്കാർഡാണ് അര്‍ഷാദ് നദീം മറികടന്നത്. 88.54 മീറ്റര്‍ ജാവലിന്‍ പായിച്ച ഗ്രനേഡയുടെ ആന്ഡേഴ്സന് പീറ്റേഴ്സിനാണ് വെങ്കലം.
ഫൈനലില്‍ ഇന്ത്യയുടെ സുവര്ണപ്രതീക്ഷയായിരുന്നു നീരജ്. 89.45 മീറ്റർ എന്ന സീസണിലെ തന്റെ ഏറ്റവും മികച്ച ദൂരം കണ്ടെത്തിയാണ് നീരജ് വെള്ളി മെഡല്‍ സ്വന്തമാക്കിയത്.
രണ്ടാം ശ്രമത്തില്‍ വെള്ളി മെഡല്‍ നേടിയ ദൂരമെറിയാനായെങ്കിലും ബാക്കിയുള്ള ശ്രമങ്ങളെല്ലാം ഫൗളില്‍ കലാശിച്ചതോടെ നീരജിന്റെ താളംതെറ്റി. ഇന്ത്യയ്ക്കായി രണ്ട് ഒളിമ്പിക് മെഡലുകള്‍ നേടുന്ന അഞ്ചാമത്തെ താരമാണു നീരജ്.
പുരുഷ ഹോക്കിയിൽ വാശിയേറിയ പോരാട്ടത്തില്‍ സ്പെയിനെ 2-1ന് തോൽപിച്ച് ഇന്ത്യ വെങ്കല മെഡൽ നേടിയതിനു പിന്നാലെയായിരുന്നു നീരജിന്റെ വെള്ളി. പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യയുടെ അഞ്ചാം മെഡൽ കൂടിയായി ഇത്.
ആദ്യശ്രമം ഫൗളായ പാക് താരം അർഷദ് നദീം രണ്ടാം അവസരത്തിലാണ് 92.97 മീറ്റർ എറിഞ്ഞ് അന്പരപ്പിക്കുന്ന പ്രകടനം നടത്തിയത്. മൂന്നാം ചാൻസിൽ 88.72 മീറ്റർ പിന്നിട്ടു. അവസാന ശ്രമത്തിൽ പാക്കിസ്ഥാൻ താരം 91.79 മീറ്റർ എറിഞ്ഞു.