കാജൽ അഗർവാളിനെ കേന്ദ്രകഥാപാത്രമാക്കി രമേഷ് അരവിന്ദ് സംവിധാനം ചെയ്യുന്ന പാരീസ് പാരീസ് എന്ന സിനിമയുടെ നിരവധി രംഗങ്ങൾ കട്ട് ചെയ്ത് സെൻസർ ബോർഡ്. സിനിമയിലെ ഇരുപത്തിയഞ്ചോളം രംഗങ്ങൾക്കും സംഭാഷണങ്ങൾക്കുമാണ് സെൻസർ ബോർഡ് “നോ’ പറഞ്ഞിരിക്കുന്നത്.
“ക്വീനിന്റെ നാല് ഭാഷകളിലുള്ള റീമേക്ക് ഞങ്ങളുടെ പരിശ്രമത്തിന്റെ ഫലമാണ്. എന്തിനാണ് അവർ ഇത്രയധികം കട്ടുകൾ ആവശ്യപ്പെട്ടതെന്ന് അറിയില്ല. അവർ കട്ട് ചെയ്യാൻ പറഞ്ഞ കാര്യങ്ങളെല്ലാം നിത്യ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളാണ്. ഈ രംഗങ്ങൾ ഉൾക്കൊള്ളിക്കാനുള്ള ശ്രമങ്ങൾ നിർമാതാക്കൾ സ്വീകരിക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്.
ഈ സിനിമയ്ക്കു വേണ്ടി ഒരു പാട് പരിശ്രമങ്ങൾ ഞങ്ങൾ എടുത്തിട്ടുണ്ട്.ആ പരിശ്രമങ്ങൾ ഫലം കാണണമെന്ന് ആഗ്രഹിക്കുന്നുമുണ്ട്. സെൻസർ ബോർഡിലെ അംഗങ്ങൾ കട്ടുകളില്ലാതെ ചിത്രം അംഗീകരിക്കുമെന്ന് ആഗ്രഹിക്കുന്നു’. കാജൽ അഗർവാൾ പറഞ്ഞു.
കാജൽ അഗർവാളിന്റെ മാറിടത്തിൽ സഹതാരമായ എല്ലി അവരാം സ്പർശിക്കുന്ന ചിത്രത്തിലെ ടീസറിലെ രംഗം ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ബോളിവുഡ് ചിത്രം ക്വീനിന്റെ തമിഴ് പതിപ്പാണ് പാരീസ് പാരീസ്.
മലയാളം ഉൾപ്പടെ നാല് ഭാഷകളിലാണ് സിനിമ റീമേക്ക് ചെയ്യുന്നത്. സംസം എന്ന് പേരിട്ടിരിക്കുന്ന മലയാളം സിനിമയിൽ മഞ്ജിമ മോഹനാണ് നായിക.