പാരീസ്: ലോക രണ്ടാം നമ്പർ താരം നൊവാക് ജോക്കോവിച്ചിന് പാരീസ് മാസ്റ്റേഴ്സ് ടെന്നീസ് പുരുഷ സിംഗിൾസ് ഫൈനലിൽ അടിപതറി. ജോക്കോവിച്ചിനെ 7-5, 6-4നു കീഴടക്കി റഷ്യയുടെ കരെണ്‍ ഹാച്ചനോവ് കിരീടത്തിൽ മുത്തമിട്ടു. ഹാച്ചനോവിന്റെ കന്നി എടിപി 1000 കിരീടമാണിത്.
33-ാം മാസ്റ്റേഴ്സ് കിരീടം ലക്ഷ്യമിട്ടിറങ്ങിയ ജോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് ഹാച്ചനോവ് തകർത്തത്. സീഡ് ചെയ്യപ്പെടാത്ത റഷ്യൻ താരം വ്യക്തമായ ആധിപത്യത്തോടെയാണ് പോരാടിയത്. ഒന്നര മണിക്കൂറിലധികം നീണ്ട പോരാട്ടത്തിനൊടുവിൽ ഹാച്ചനോവ് വിജയം സ്വന്തമാക്കി.
കിരീടം നേടിയിരുന്നെങ്കിൽ ലോക റാങ്കിംഗിൽ നദാലിനെ പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്താൻ ജോക്കോവിച്ചിന് സാധിക്കുമായിരുന്നു.