നവാസ് മേത്തർ
തലശേരി: ” ഞങ്ങൾ കടപ്പെട്ടിരിക്കുന്നു…. ഒന്നും മോഹിക്കാതെ മനുഷ്യത്വത്തിന്റെ വലിയ അധ്യായമാണ് നിങ്ങൾ ഞങ്ങൾക്ക് മുന്നിൽ തുറന്ന് തന്നത്…. അത്യാഹിതത്തിൽ ഞങ്ങൾക്കൊപ്പം നിന്നു..
ഞങ്ങളെ സഹായിച്ചതിലൂടെ സാമൂഹ്യ സേവനം നടത്തിയ താങ്കളുടെ സ്ഥാപനത്തിലെ ഒരോ ജീവനക്കാരേയും ഞങ്ങൾ പ്രണമിക്കുന്നു….’
തലശേരിയിലെ പുരാതനവും വിദേശത്തും സ്വദേശത്തും ഏറെ പ്രസിദ്ധവുമായ പാരീസ് ഹോട്ടൽ ഗ്രൂപ്പിന് തലശേരി ജനറൽ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരും ആശുപത്രി വികസന സമിതിയും ഒത്തുചേർന്ന് സമർപ്പിച്ച ഉപഹാരത്തിലെ വാക്കുകളാണിത്.
പാരീസ് ഗ്രൂപ്പ് മാനേജിംഗ് പാർട്ണർ ഷിറാസിന്റെ പേരിലെഴുതിയ നന്ദിയുടെ ഫലകത്തിൽ ജീവനക്കാരോടുള്ള കടപ്പാടുകൾ എടുത്തു പറഞ്ഞിട്ടുണ്ട്.
ഇന്നലെ തലശേരി ജനറൽ ആശുപത്രിയിൽ നടന്ന ചടങ്ങിൽ എ.എൻ.ഷംസീർ എംഎൽഎ യുടെ സാന്നിധ്യത്തിൽ ആശുപത്രി സൂപ്രണ്ട് ഡോ. പിയൂഷ് നമ്പൂതിരി മുഹമ്മദ് ഷിറാസിന് നന്ദിയുടെ ഉപഹാരം കൈമാറി.
കോവിഡ് എന്ന മഹാമാരിക്കെതിരെ കേരളം പൊരുതാൻ തുടങ്ങിയപ്പോൾ തലശേരിയിൽ ആരോഗ്യ പ്രവർത്തകർക്ക് പൂർണ പിന്തുണയുമായി ആദ്യം രംഗത്തെത്തിയത് പാരീസ് ഗ്രൂപ്പായിരുന്നു.
സ്റ്റാർ സൗകര്യങ്ങളുള്ള പാരീസ് പ്രസിഡൻസിയും പാരീസ് ലോഡ്ജും ഒരു പ്രതിഫലവും ആഗ്രഹിക്കാതെ ആരോഗ്യ പ്രവർത്തകർക്കായി പൂർണമായും വിട്ടു കൊടുക്കുകയായിരുന്നു പാരീസ് ഗ്രൂപ്പ് ചെയ്തത്.
ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനേയും സ്ഥലം എംഎൽഎ എ.എൻ ഷംസീറിനേയും തങ്ങളുടെ സ്ഥാപനങ്ങൾ സൗജന്യമായി വിട്ടു നൽകാൻ തയാറാണെന്ന് പാരീസ് ഗ്രൂപ്പ് രേഖാമൂലം അറിയിക്കുകയായിരുന്നു.
ആരോഗ്യ പ്രവർത്തകർക്ക് താമസിക്കാനായി അതി സമ്പന്നരുടെ പല സ്ഥാപനങ്ങളും കളക്ടർ പിടിച്ചടുക്കേണ്ട സാഹചര്യം വരെ ഉണ്ടായിരുന്നു.
എന്നാൽ കഴിഞ്ഞ മാർച്ച് മുതൽ പാരീസ് ഗ്രൂപ്പ് സ്ഥാപനങ്ങൾ ആരോഗ്യ പ്രവർത്തകർക്ക് ആശ്രയ കേന്ദ്രമായി മാറുകയായിരുന്നു.
ഇന്നും അത് തുടരുന്നുവെന്നതാണ് ഏറെ ശ്രദ്ധയേം. ഡോക്ടർമാരുൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് വെറും താമസം മാത്രമല്ല ഒരുക്കിയത്.
ലോക്ഡൗൺ കാലത്ത് തങ്ങളുടെ ജീവനക്കാരെ വീടുകളിൽ നിന്ന് വാഹനത്തിൽ പോയി കൂട്ടി കൊണ്ട് വന്ന് ആരോഗ്യ പ്രവർത്തകർക്കായി ഭക്ഷണമൊരുക്കാനും മുറികൾ വൃത്തിയാക്കാനും പാരീസ് ഗ്രൂപ്പ് പ്രത്യേകം ശ്രദ്ധിച്ചു.
ഇതിനു പുറമെ നഗരത്തിൽ രാത്രികാലങ്ങളിൽ വന്ന് പെട്ടവർക്കും നിയമ പാലകർക്കും ഭക്ഷണം നൽകാനും ഇവർ മറന്നില്ല. പരേതനായ എം.കെ. അഹമ്മദ് സ്ഥാപിച്ച പാരീസ് ഗ്രൂപ്പിന് 78 വർഷത്തെ പാരമ്പര്യമാണുള്ളത്.
പിന്നീട് അമരക്കാരനായി എത്തിയ പരേതനായ ടി.സി അബ്ദുൾ അസീസാണ് തലശേരിയിൽ ആദ്യമായി സ്റ്റാർ പദവിയിൽ പാരീസ് പ്രസിഡൻസി ആരംഭിച്ചത്.
അബ്ദുൾ അസീസിന്റെ സഹോദരനായ ടി.സി ഖാലിദ് ഹാജിയാണ് ഈ ഗ്രൂപ്പിന്റെ ഇപ്പോഴത്തെ അമരക്കാരൻ. മുഹമ്മദ് ഷിറാസ്, മഷ്ഹൂർ ,സഫിയ, ജമീല, സുബൈദ, അസ്മ എന്നിവർ മാനേജിംഗ് പാർട്ണർമാരുമാണ്.