വടക്കഞ്ചേരി: വനം വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള ജനവാസ മേഖലകളും കൃഷിയിടങ്ങളും പരിസ്ഥിതി ദുർബ്ബല പ്രദേശങ്ങളായി കരട് വിജ്ഞാപനം ഇറക്കിയതിനു പിന്നിൽ സംസ്ഥാന സർക്കാരിന്റെയും പ്രാദേശിക ഭരണകൂടങ്ങളുടെയും കടുത്ത അനാസ്ഥയും വീഴ്ചയും സംഭവിച്ചിട്ടുണ്ടെന്ന് പ്രശ്നബാധിത പ്രദേശങ്ങൾ ഉൾപ്പെടുന്ന കിഴക്കഞ്ചേരിയിലെ യുഡിഎഫ് മണ്ഡലം കമ്മിറ്റി ആരോപിച്ചു.
പരിസ്ഥിതിലോല മേഖലയിൽ കൃഷിയിടങ്ങളും ജനവാസ കേന്ദ്രങ്ങളും ഉൾപ്പെടുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ അഭിപ്രായങ്ങൾ അറിയിക്കാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അഭിപ്രായങ്ങൾ അറിയിച്ചുള്ള റിപ്പോർട്ട് തെറ്റായി നൽകി ജനങ്ങളെയെല്ലാം ആശങ്കയിലാക്കിയത് സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടു മൂലമാണ്.
ഇത് മറച്ചു വെക്കാനാണ് ഇപ്പോൾ എൽഡിഎഫ് ജനങ്ങൾക്കൊപ്പം സമരത്തിനിറങ്ങുന്നത്. വനം വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റും ഒരു കിലോമീറ്റർ ദൂരം ഇക്കോ സെൻസിറ്റീവ് സോണിൽ ഉൾപ്പെടുത്തുന്ന ശുപാർശയാണ് സർക്കാർ നൽകിയത്. ഈ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് കരട് വിജ്ഞാപനം ഇറങ്ങിയത്.
എന്നാൽ വസ്തുത മറച്ചുവെച്ച് ഭരണകക്ഷിക്കാർ ജനങ്ങളെ വഞ്ചിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും നേതാക്കൾ ആരോപിച്ചു. കരട് വിജ്ഞാപനം തള്ളി കളയണമെന്നും വനാതിർത്തി സീറോ കിലോമീറ്ററാക്കി തിരുത്തണമെന്നും ഇതു സംബന്ധിച്ച റിപ്പോർട്ട് സർക്കാർ അടിയന്തിരമായി നൽകി ജനങ്ങളുടെ ആശങ്കകൾക്ക് പരിഹാരം കാണണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.
കരട് വിജ്ഞാപനത്തിനെതിരെ യുഡിഎഫ് കിഴക്കഞ്ചേരി മണ്ഡലം കമ്മിറ്റി മലയോര മേഖലയിൽ ഇന്നലെ വൈകീട്ട് ബൈക്ക് റാലിയും പ്രതിഷേധ സംഗമവും നടത്തി. നിരവധി പ്രവർത്തകർ പങ്കെടുത്ത ബൈക്ക് റാലി മംഗലംഡാം ഓടംതോട്ടിൽ നിന്നും ആരംഭിച്ച് വാൽകുളന്പിൽ സമാപിച്ചു.
തുടർന്ന് നടന്ന പ്രതിഷേധ സംഗമം രമ്യ ഹരിദാസ് എംപി ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നേതാക്കളായ പാളയം പ്രദീപ്, സി. ചന്ദ്രൻ, കെ.ജി എൽദോ, ജോബി ജോണ് മാസ്റ്റർ, എം.കെ.ശ്രീനിവാസൻ, പി.അലി മാസ്റ്റർ, ടി.സി ഗീവർഗ്ഗീസ് മാസ്റ്റർ, വി.ജെ.ജോസഫ്, കെ.നാരായണൻ, എൻ.വിജയൻ, അബ്രഹാം സ്ക്കറിയ, ജോഷി ആന്റണി, പി.എം.റോയ് മാസ്റ്റർ, മറിയക്കുട്ടി ജോർജ്, ലീലാമ്മ ജോസഫ്, കെ.കെ.കാസിം, ചാർലി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.