പരിയാരം: ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കാൻ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സാനിരക്ക് വർധിപ്പിക്കുന്നു. മേയ് ഒന്ന് മുതല്‍ ചികിത്സാ ഫീസില്‍ വന്‍ വര്‍ധന ഏര്‍പ്പെടുത്താന്‍ കഴിഞ്ഞയാഴ്ച ചേര്‍ന്ന ഭരണസമിതി യോഗം തീരുമാനിച്ചിരുന്നു. 2016 നവംബര്‍ മാസം മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ശമ്പള പരിഷ്കരണം നടപ്പിലാക്കാന്‍ ഇന്നലെ തിരുവനന്തപുരത്ത് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായി.
പുതുക്കിയ ശമ്പളം മേയ് മാസത്തെ ശമ്പളത്തോടൊപ്പം നല്‍കാനും നവംബര്‍ മുതലുള്ള കുടിശിക തവണകളായി നല്‍കാനും ധാരണയായി. ഇതിനായി സര്‍ക്കാര്‍ സര്‍ക്കാര്‍ നല്‍കേണ്ട കുടിശിക ഉടന്‍ മെഡിക്കല്‍ കോളജിന് കൈമാറും.
വൈസ് ചെയര്മാന് പി.പുരുഷോത്തമന്, എംഡി കെ.രവി, പരിയാരം മെഡിക്കല്‍ കോളജ് എംപ്ലോയീസ് യൂണിയന് (സിഐടിയു) നേതാക്കളായ കെ.പത്മനാഭന്, പി.ആര്.ജിതേഷ്, കെ.ഷിബു എന്നിവര്‍ മന്ത്രിയുമായി നടന്ന ചര്‍ച്ചകളില്‍ പങ്കാളികളായി.
ശമ്പള പരിഷ്കരണം നടപ്പിലാക്കുമ്പോള്‍ പ്രതിമാസം അന്‍പത് ലക്ഷത്തോളം രൂപ മാനേജ്മെന്റിന് അധികബാധ്യത ഉണ്ടാവും. നേരത്തെ നിശ്ചയിച്ച 20 ശതമാനം ചികിത്സാഫീസ് വര്‍ധിപ്പിച്ചതു കൊണ്ട് ഇത് കണ്ടെത്താനാവില്ലെന്നും അതിനാല്‍ നിലവിലുള്ള ഫീസില്‍ 30 ശതമാനം വര്‍ധിപ്പിക്കാനുമാണ് തീരുമാനം. മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കും, ആര്‍സിസി മോഡല്‍ സ്വയംഭരണ സ്ഥാപനമാക്കും തുടങ്ങിയ വിവിധ പ്രഖ്യാപനങ്ങള്‍ വരുന്നുണ്ടെങ്കിലും അതൊന്നും ഇതേവരെ അംഗീകരിക്കപ്പെട്ടിട്ടില്ല.
സംസ്ഥാന ബജറ്റില്‍ 100 കോടിയോളം രൂപ നീക്കിവച്ചിട്ടുണ്ടെന്ന് പറയുന്നുണ്ടെങ്കിലും അത് സംബന്ധിച്ച് വ്യക്തമായ ഒരു തീരുമാനവും ഉണ്ടായിട്ടില്ല. വന്‍തോതില്‍ ഫീസ് വര്‍ധിപ്പിക്കാന്‍ മാനേജ്മെന്റ് തീരുമാനമെടുത്തത് ഏറ്റെടുക്കലോ സ്വയംഭരണമോ അടുത്തകാലത്തെങ്ങും നടക്കില്ലെന്ന് വ്യക്തമായ ഉറപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണെന്നാണ് സൂചന.
എന്നാൽ, സര്‍ക്കാര്‍ ഏറ്റെടുത്ത് സൗജന്യചികിത്സ ലഭിക്കുമെന്ന ജനങ്ങളുടെ ആഗ്രഹത്തിന് വിരാമമിട്ട് പരിയാരത്ത് വന്‍ ഫീസ് വര്‍ധന നടപ്പിലാക്കാനൊരുങ്ങുമ്പോഴും പ്രതിഷേധം ദുര്‍ബലം.
മെഡിക്കല്‍ കോളജില്‍ വിവിധ ശസ്ത്രക്രിയകള്‍ക്ക് ഡോക്ടര്‍മാര്‍ക്ക് നാല് മുതല്‍ നാല്‍പ്പത് ശതമാനം വരെയാണ് ഇന്‍സെന്റീവ് നല്‍കുന്നത്. ഫീസില്‍ 30 ശതമാനം വര്‍ധന വരുത്തുമ്പോള്‍ ശമ്പളവര്‍ധനയ്ക്കൊപ്പം തന്നെ ഡോക്ടര്‍മാരില്‍ ചിലര്‍ക്ക് ഇന്‍സന്റീവായും ഭാരിച്ച തുക ലഭിക്കുന്നതായാണ് ആക്ഷേപം.
അതേസമയം സാമ്പത്തിക പ്രതിസന്ധിയെന്ന് പറയുമ്പോള്‍ പോലും താത്കാലിക നിയമനങ്ങള്‍ക്ക് കുറവൊന്നുമില്ല. കഴിഞ്ഞ ദിവസമാണ് ഹൃദയാലയയില്‍ മൂന്നുപേരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിച്ചത്. ജീവനക്കാര്‍ അധികമാണെന്ന ഓഡിറ്റ് റിപ്പോര്‍ട്ട് പരാമര്‍ശം നിലവിലിരിക്കുമ്പോള്‍ തന്നെയാണിത്. താത്കാലിക നിയമനങ്ങള്‍ പലതും പിന്നീട് സ്ഥിരപ്പെടുകയാണ് പതിവ്.