കെ.പി. രാജീവന്
പരിയാരം: പരിയാരം മെഡിക്കല്‍ കോളജില്‍ മൂന്നംഗ കെയര്‍ടേക്കര്‍ ഭരണസമിതി 23 ന് ചാര്‍ജെടുക്കും. ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദലി, കോഴിക്കോട് മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പലും പ്രമുഖ ഭിഷഗ്വരനുമായ ഡോ.സി. രവീന്ദ്രന്, ഡോ.പ്രദീപ്കുമാര്‍ എന്നിവരടങ്ങിയ കമ്മറ്റിയാണ് 23 ന് ചുമതലയേല്‍ക്കുക.
ഇവര്‍ ചുമതലയേല്‍ക്കുന്നതോടെ പരിയാരം മെഡിക്കല്‍ കോളജില്‍ നിലവിലുള്ള എല്ലാ അനാവശ്യ തസ്തികകളും ഇല്ലാതാകും. മെഡിക്കല്‍ കോളജ് ഏറ്റെടുത്തുകൊണ്ടുള്ള ഗവര്‍ണര്‍ ഒപ്പിട്ട വിജ്ഞാപനത്തിന്റെ കോപ്പി ഇന്നലെ മെഡിക്കല്‍ കോളജ് എംഡി കെ.രവിക്ക് ലഭിച്ചു. ഇതോടെ നിലവിലുള്ള ഭരണസമിതി ഇല്ലാതായി. 23 ന് ചുമതലയേല്‍ക്കുന്ന കെയര്‍ടേക്കര്‍ സമിതിക്കായിരിക്കും ആശുപത്രിയുടെ പൂര്ണഭരണ ചുമതല.
ആറുമാസക്കാലം താത്കാലിക ഭരണസമിതിക്ക് തുടരാമെങ്കിലും അതിന് മുമ്പ് തന്നെ സ്ഥിരം സമിതി നിലവില്‍വരും. കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ പ്രിന്‍സിപ്പലായി കഴിവ് തെളിയിച്ച ഡോ. സി.രവീന്ദ്രന് മെഡിക്കല്‍ കോളജിന്റെ പ്രഥമ ഡയറക്ടറായി നിയമിതനാകുമെന്നാണ് സൂചന.
ഡോ.പ്രദീപ്കുമാറിന് ആശുപത്രിയുടെ ഭരണചുമതലയും ലഭിച്ചേക്കും. പുതിയ ഭരണസമിതി നിലവില്‍ വരുന്നതിന് മുമ്പായി രോഗികള്‍ക്ക് എത്രമാത്രം സൗജന്യം ഏര്പ്പെടുത്താമെന്നതിനെകുറിച്ചും വിദ്യാര്‍ഥികളുടെ ഫീസ് ഘടന നിശ്ചയിക്കുന്നതിനും ഡോ.കെ.നാരായണന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസമിതിയെ നിയമിച്ചിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.
നിലവിലുള്ള എല്ലാ ജീവനക്കാരേയും നിലനിര്‍ത്തുമെങ്കിലും താത്കാലിക ജീവനക്കാരില്‍ ഭൂരിഭാഗത്തേയും ഒഴിവാക്കും. ഓര്ഡിനനന്സിന്മേലുള്ള ബില്ല് അടുത്ത നിയമസഭാ സമ്മേളനത്തില്‍ തന്നെ അവതരിപ്പിച്ച് നിയമമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ബില്ല് അവതരിപ്പിക്കുമ്പോള്‍ പൂര്‍ണതോതിലുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളജായി മാറാനുള്ള സാധ്യതയും ഏറെയാണെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.