പരിയാരം: പരിയാരം മെഡിക്കല്‍ കോളജ് പരിസരത്തെ കാടുവെട്ടി ശുചീകരിക്കാത്തതിന്റെ ദുരിതം പേറുകാണ് രോഗികളും കൂട്ടിരിപ്പുകാരും. കാട്ടുവള്ളികളിലൂടെ എട്ടാമത്തെ നിലവരെ കടന്നുകയറുകയാണ് പാമ്പുകളും മറ്റ് ക്ഷുദ്രജീവികളും. പലതവണ വിഷപ്പാമ്പുകളെ പിടികൂടുകയും ചെയ്തിട്ടുണ്ട്.
വിദ്യാര്‍ഥികളുടെ ഹോസ്റ്റലിലെയും മെഡിക്കല്‍ കോളജ് വളപ്പിലെയും പാമ്പുശല്യം നിരവധി തവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്. മെഡിക്കല്‍ കോളജ്, ദന്തല്‍ കോളജ്, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കുകളുടെ പരിസരം മുഴുവനും കാടുകള്‍ പടര്‍ന്നുകയറിയിരിക്കുകയാണ്. ഇവിടെയെല്ലാം വലിയതോതില്‍ മാലിന്യനിക്ഷേപവുമുണ്ട്.
കാടുമൂടിക്കിടക്കുന്ന കാമ്പസും പരിസരങ്ങളും ശുചീകരിച്ച് പൂന്തോട്ടം നിര്‍മിച്ച് സംരക്ഷിക്കണമെന്ന നിര്‍ദേശം എം.വി.രാഘവന് ആശുപത്രി ചെയര്‍മാനായ കാലത്തുതന്നെ ഉയര്‍ന്നിരുന്നു. ഇതിനായി ജീവനക്കാരെയും നിയോഗിച്ചിരുന്നു.
എന്നാൽ, അന്ന് നിര്‍മിച്ച പൂന്തോട്ടങ്ങളുടെ ഇന്നത്തെ കാഴ്ച വേദനാജനകമാണ്. ജീവനക്കാരുണ്ടെങ്കിലും സംരക്ഷിക്കപ്പെടുന്നില്ല. മെഡിക്കല്‍ കോളജ് പരിസരത്ത് ഒരു ഇക്കോപാര്‍ക്ക് ഉള്‍പ്പെടെ നിര്‍മിക്കണമെന്നും ഉപയോഗശുന്യമായ മഴവെള്ള സംഭരണി നികത്തണമെന്നും ആവശ്യപ്പെട്ട് പരിയാരം വികസന സമിതി ചെയര്മാന് എസ്.ശിവസുബ്രഹ്മണ്യന് ജില്ലാ കളക്ടര്‍ക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.